മത്സ്യമേഖലയിലെ വെല്ലുവിളികൾ രാജ്യങ്ങൾ ഒരുമിച്ച് നേരിടണം: ആർഡോ അസിസ്റ്റന്റ് സെക്രട്ടറി
Mail This Article
കൊച്ചി∙ മത്സ്യമേഖലയിലെ വെല്ലുവിളികൾ നേരിടാൻ രാജ്യങ്ങൾക്കിടയിൽ സഹകരണവും പങ്കാളിത്തവും വേണമെന്ന് ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ (ആർഡോ) അസിസ്റ്റന്റ് സെക്രട്ടറി ജനറൽ റാമി മഹ്മൂദ് അബ്ദുൽ ഹലീം ഖ്‌തൈഷാത്ത്. സിഎംഎഫ്ആർഐ സംഘടിപ്പിക്കുന്ന രാജ്യാന്തര ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര വിഭവങ്ങളുടെ ചൂഷണവും വിനിയോഗവും സന്തുലിതമാകണം. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ വെല്ലുവിളികളെ നേരിടാൻ രാജ്യാന്തരതലത്തിൽ സഹകരണം വേണം. സീഫുഡ് ഉൽപന്നങ്ങളുടെ കയറ്റുമതി മൂല്യത്തിൽ പകുതിയും വികസ്വര രാജ്യങ്ങളിൽ നിന്നാണ്. പോഷക സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നതിൽ മത്സ്യമേഖലയ്ക്കു സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളും ദാരിദ്ര്യം, പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണെന്ന് ആർഡോ ഗവേഷണ വിഭാഗം മേധാവിയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. ഖുഷ്നൂദ് അലി പറഞ്ഞു. മതിയായ സാങ്കേതികവിദ്യയില്ലാത്തത് ഈ രാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നും പറഞ്ഞു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിഎംഎഫ്ആർഐ മാരികൾചർ വിഭാഗം മേധാവി ഡോ. വി.വി.ആർ. സുരേഷ്, ഡോ. ടി.എം. നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ആർഡോയും തമ്മിലുള്ള രാജ്യാന്തര സഹകരണത്തിന്റെ ഭാഗമായാണു ശിൽപശാല നടത്തുന്നത്.