കൊച്ചി വിമാനത്താവളം രാജ്യാന്തര ടെർമിനൽ വികസനം: നിർമാണം തുടങ്ങി
Mail This Article
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടെർമിനൽ 5 ലക്ഷം ചതുരശ്ര അടിയും ഏപ്രൺ 15 ലക്ഷം ചതുരശ്ര അടിയുമാണ് അധികമായി വികസിപ്പിക്കുന്നത്. ഇതിൽ ഏപ്രൺ നിർമാണത്തിന്റെ ജോലികളാണ് ഭൂമിപൂജയോടെ ഇന്നലെ ആരംഭിച്ചത്.
200 കോടി രൂപയാണ് ഏപ്രൺ വികസനത്തിന് ചെലവ്. ടെർമിനൽ വികസനത്തിന് 400 കോടി രൂപയും ചെലവഴിക്കും. ടെർമിനൽ വികസനം പൂർത്തിയാകുമ്പോൾ നിലവിലുള്ള പാർക്കിങ് ബേകളുടെ എണ്ണം 32ൽ നിന്ന് 46 ആകും. എൻഎസ്‌സി കമ്പനിക്കാണ് ഏപ്രൺ വികസന ചുമതല. കമ്പനി ഡയറക്ടർമാരും സിയാൽ ഉദ്യോഗസ്ഥരും ഭൂമി പൂജയിൽ പങ്കെടുത്തു. ഇരു ടെർമിനലുകളുടെയും ലൗഞ്ചുകളും ഈ വർഷം വികസിപ്പിക്കുന്നുണ്ട്. ആഭ്യന്തര ടെർമിനലിലെ ലൗഞ്ച് നിലവിൽ 5000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്.
ഇത് 4000 ചതുരശ്ര അടി കൂടി വർധിപ്പിക്കും. രാജ്യാന്തര ടെർമിനലിലെ 15000 ചതുരശ്ര അടി വിസ്തീർണമുള്ള ലൗഞ്ച് 6000 ചതുരശ്ര അടി കൂടി വർധിപ്പിക്കും. അങ്ങനെ ലൗഞ്ചുകളുടെ ആകെ വിസ്തീർണം 30000 ചതുരശ്ര അടിയാകും. 53 മുറികളുള്ള ലക്ഷ്വറി ട്രാൻസിറ്റ് ഹോട്ടൽ അടുത്തമാസം തുറക്കും. ലൗഞ്ച്, ബിസിനസ് സെന്റർ, കോൺഫറൻസ്, ജിം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. മണിക്കൂർ നിരക്കിലായിരിക്കും യാത്രക്കാർക്ക് മുറികൾ അനുവദിക്കുക.
യാത്രക്കാരുടെ ബാഗിൽ നിന്ന് ലാപ്ടോപ് തുടങ്ങിയ സാധനങ്ങളൊന്നും പുറത്തെടുക്കാതെ തന്നെ പരിശോധിക്കാനുള്ള സിടിഎക്സ് മെഷീനുകളും ദേഹപരിശോധന ഒഴിവാക്കുന്ന ഫുൾ ബോഡി സ്കാനറുകളും കൊച്ചിയിലും സ്ഥാപിക്കുന്നതിനുള്ള നടപടികളും സിയാൽ ആരംഭിച്ചിട്ടുണ്ട്.