വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിച്ച വീട്ടമ്മയുടെ പശുവിനെ കാട്ടാന ആക്രമിച്ചു

Mail This Article
മറയൂർ ∙ വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് കൃഷി ഉപേക്ഷിച്ച വീട്ടമ്മ ഉപജീവനത്തിനായി വളർത്തിയിരുന്ന കറവപ്പശുവിനെയും കാട്ടാന ആക്രമിച്ചു. കാന്തല്ലൂർ ഗുഹനാഥപുരം സ്വദേശിനി വി. രമണിയുടെ പശുവാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലോടുകൂടി വീടിനു സമീപം കെട്ടിയിരുന്ന പശുവിനെ കൊമ്പൻ കുത്തിയെറിയുകയായിരുന്നു. ഭർത്താവ് മരിച്ച രമണിയും പേരക്കുട്ടിയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പശുവിനെ ആക്രമിച്ച ശേഷം റോഡിലൂടെ നടന്നുനീങ്ങിയ കൊമ്പൻ ജനങ്ങളിൽ ഭീതി പരത്തി.

വർഷങ്ങളായി രമണി പറമ്പിൽ വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ കൃഷിയിലൂടെയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. എന്നാൽ മുൻപെങ്ങും ഇല്ലാത്ത തരത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യമ്യഗങ്ങളുടെ ശല്യം പ്രദേശത്ത് അതിരൂക്ഷമായതിനെത്തുടർന്നാണ്, 65 കഴിഞ്ഞ രമണി കന്നുകാലി വളർത്തലിലേക്കു തിരിഞ്ഞത്. ഇങ്ങനെ വളർത്തിവന്ന പശുവിനെയാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമിച്ചത്. പശുവിന് കാലിന് സാരമായി പരുക്കേറ്റതിനെ തുടർന്ന് മറയൂർ നിന്നുളള വെറ്ററിനറി ഡോക്ടർ വി.പ്രഭുൽ ചികിത്സ നൽകി.