50 ലക്ഷം രൂപ പോയതു മിച്ചം; ആദിവാസിക്കുടിയിൽ വെളിച്ചമെത്തിയില്ല

Mail This Article
മറയൂർ∙ മറയൂർ പുറവയൽ ആദിവാസിക്കുടിയിൽ വൈദ്യുതിക്കായി 50 ലക്ഷം രൂപ മുടക്കിയിട്ടും ഇന്നും വെളിച്ചമില്ല. ഒന്നര വർഷം മുൻപാണ് റിന്യൂവബിൾ എനർജി മൈക്രൊ ഗ്രിഡ് എന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി 50 ലക്ഷം രൂപ മുതൽ മുടക്കി പുറവയൽ കുടിയിൽ സോളർ പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.
എന്നാൽ നിർമാണം പൂർത്തീകരിച്ച് 6 മാസം പിന്നിടും മുൻപെ തകരാറിലായി എന്നാണ് കുടി നിവാസികൾ പറയുന്നത്. സ്ഥാപിച്ചിരിക്കുന്ന 90 ബാറ്ററികളിൽ 60 എണ്ണവും തകരാറിലാണ്. 30 ബാറ്ററികൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. കുടിയിലെ 17 കുടുംബങ്ങൾക്കും 2 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നതെന്ന് കുടി നിവാസികൾ പറയുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ടു കുടി സന്ദർശിച്ച എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കു പ്രദേശവാസികൾ നൽകിയ പരാതിയിൽ അടിയന്തരമായിനടപടി പരിഹരിക്കുമെന്ന് സ്ഥാപകർ അറിയിച്ചു.