മാറിമറിയുന്ന കാലാവസ്ഥ, പുൽമേടുകൾ മഞ്ഞു പുതച്ചു; മൂന്നാറിൽ ഇക്കുറി അതിശൈത്യം

Mail This Article
മൂന്നാർ ∙ വർഷംതോറും മാറിമറിയുന്ന കാലാവസ്ഥ മൂന്നാറിന്റെ ടൂറിസം, കൃഷി മേഖലകളുടെ താളം തെറ്റിക്കുന്നു. മൺസൂണിനു ശേഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ മൂർധന്യത്തിലെത്തി ഫെബ്രുവരിയിൽ അവസാനിക്കുന്നതായിരുന്നു ഇവിടത്തെ ശൈത്യകാല സീസൺ. എന്നാൽ ഒരു ദശകത്തോളമായി ഈ താളക്രമത്തിൽ വലിയ മാറ്റമാണ് അനുഭവപ്പെടുന്നത്. സാധാരണ താപനില പൂജ്യത്തിൽ താഴെ എത്തിയിരുന്നത് ഡിസംബറിലായിരുന്നു.
എന്നാൽ ഈ വർഷം കുളിരിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെടുന്നത് ഫെബ്രുവരിയിലാണ്. 2020–ൽ ജനുവരി ഒന്ന് മുതൽ 13 വരെ തുടർച്ചയായി താപനില പൂജ്യത്തിനു താഴെയായിരുന്നു. കുളിരും മഞ്ഞുമഴയും ആസ്വദിക്കാൻ ഒട്ടേറെ ടൂറിസ്റ്റുകൾ ആ ദിവസങ്ങളിൽ മൂന്നാർ സന്ദർശിച്ചു. എന്നാൽ ഈ വർഷം ഡിസംബറിൽ താപനില ശരാശരി 10 ഡിഗ്രി സെൽഷ്യസായിരുന്നു.
ജനുവരിയിൽ ഒരു ദിവസം മാത്രം പൂജ്യത്തിനു താഴെ താപനില രേഖപ്പെടുത്തി. എന്നാൽ ഫെബ്രുവരി പകുതിയായതോടെ കൊടും കുളിരാണിപ്പോൾ. താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയ ബുധനാഴ്ച പുലർച്ചെ ടോപ്‌സ്റ്റേഷനിലെ പുൽമേടുകൾ മഞ്ഞു പുതച്ചു. കൃഷിമേഖലയായ വട്ടവടയിലും ഇക്കുറി അതിശൈത്യമാണ്. മഞ്ഞുവീഴ്ചയിൽ കൃഷികൾ കരിഞ്ഞുണങ്ങുന്നതിനൊപ്പം വരും സീസണിൽ കടുത്ത് വരൾച്ചയ്ക്കും ഇതു കാരണമാകുമെന്ന ആങ്കയിലാണ് ശീതകാല പച്ചക്കറിക്കർഷകർ.