ഗുണനിലവാരത്തിൽ മികച്ചത്; കാന്തല്ലൂർ വെളുത്തുള്ളിക്ക് ആശ്വാസവില

Mail This Article
മറയൂർ ∙ കാന്തല്ലൂർ വെളുത്തുള്ളിക്ക് ആശ്വാസവില. നിലവിൽ വെളുത്തുള്ളി കിലോയ്ക്ക് 70 മുതൽ 100 രൂപ വരെയാണു വിപണിയിൽ ലഭിക്കുന്നത്. രണ്ടാഴ്ച മുൻപു വരെ 30 മുതൽ 40 രൂപയാണ് ഒരു കിലോ വെളുത്തുള്ളിക്കു ലഭിച്ചിരുന്നത്. ഇതിനാൽ നേരത്തേ കർഷകർ വെളുത്തുള്ളി പാടത്തു തന്നെ ഉപേക്ഷിച്ച സാഹചര്യം ആയിരുന്നു. കാന്തല്ലൂരിൽ നിന്നുള്ള വെളുത്തുള്ളിയുടെ പ്രധാന വിപണി തമിഴ്നാട്ടിലെ വടുകപ്പെട്ടിയാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വെളുത്തുള്ളി എത്താറുണ്ടെങ്കിലും ഗുണനിലവാരത്തിൽ മികച്ചതായി പരിഗണിച്ച് നല്ല വില ലഭിക്കുന്നതു കാന്തല്ലൂർ വട്ടവട കൊടൈക്കനാൽ മലനിരകളിലുള്ള വെളുത്തുള്ളിക്കാണ്. എന്നാലും മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ വെളുത്തുള്ളി എത്തിത്തുടങ്ങിയതോടെ ഇവിടത്തെ വെളുത്തുള്ളിക്കു മാർക്കറ്റ് ഇടിഞ്ഞു. കഴിഞ്ഞ വർഷം കാന്തല്ലൂർ വെളുത്തുള്ളിക്ക് 300 രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോൾ 70 മുതൽ 100 രൂപ വരെ ലഭിക്കുന്നതു കർഷകർക്ക് ആശ്വാസവില മാത്രമാണ്. എന്നാൽ കൃഷി നഷ്ടത്തിൽ നിന്നു കര കയറാൻ ഈ വില പോരാ എന്നാണു കർഷകർ പറയുന്നത്.