‘ഞാനവനെ കൊന്നേ...'അലറിവിളിച്ചു; മദ്യപാനം നിർത്തിയ ശേഷം വീണ്ടും തുടങ്ങി; അവസാനിച്ചത് അരും കൊലയിൽ

Mail This Article
മറയൂർ ∙ മദ്യപാനം നിർത്തിയ ശേഷം വീണ്ടും തുടങ്ങി. അവസാനിച്ചത് അരും കൊലയിൽ. കടുത്ത മദ്യത്തിന് അടിമയായിരുന്ന സുരേഷ് ഇതിനു മുൻപു പലതവണ മദ്യപിച്ചെത്തി വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചിരുന്നു. കൊലപാതകത്തിനു ശേഷം വീടിനു പുറത്തെത്തി ‘ഞാനവനെ കൊന്നേ’എന്ന് അലറിവിളിച്ചു. മദ്യലഹരിയിലാണെന്നു കരുതി ആരും ഇതു കാര്യമാക്കിയില്ല.

പിന്നീടാണു സമീപത്തെ ഷെഡിൽ താമസിച്ചിരുന്ന സുരേഷിന്റെ പിതാവ് ഇറങ്ങി വന്ന നോക്കുന്നത്. മദ്യപിച്ചെത്തി ഉപദ്രവിച്ചതിന്റെ പേരിൽ സുരേഷിനെതിരെ ഭാര്യ മറയൂർ പൊലീസിൽ കേസ് കൊടുത്തിരുന്നു. പിന്നീടു പൊലീസിന്റെ സഹായത്തോടെ തൃശൂരിലെ ഡി അഡിക്‌ഷൻ സെന്ററിൽ ചികിത്സ ലഭ്യമാക്കിയിരുന്നു. അതിനെ തുടർന്ന് കുറച്ച് കാലങ്ങളായി മദ്യപിക്കാറില്ലെന്നു പറയുന്നു. അതിനു ശേഷം കൊലപാതകം നടന്ന ദിവസമാണു സുരേഷ് വീണ്ടും മദ്യപിച്ചതെന്നു പിതാവ് സുബ്ബരാജ് പറയുന്നു.
മൃതദേഹം കയറ്റാൻ തയാറാകാതെ ജീപ്പുകാർ
ആദിവാസിക്കുടിയിലെ കൊലപാതകത്തിന് ഇരയായ രമേശിന്റെ മൃതദേഹം പൊലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുടിയിൽ നിന്നു മറയൂരിൽ എത്തിച്ചത് 6 കിലോമീറ്റർ കമ്പിളിയിൽ കെട്ടി ചുമന്ന്. മറയൂരിൽ നിന്ന് 6 കിലോ മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പെരിയകുടിയിലേക്കു മറയൂരിൽ നിന്ന് ഓഫ്റോഡ് ജീപ്പുകൾ മാത്രമാണ് പോകുന്നത്. കുടിയിലെ എല്ലാ ആവശ്യങ്ങൾക്കും മറയൂർ ടൗണിൽ പോകുന്നതിനും ഈ ജീപ്പുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ പെരിയകുടിയിൽ പത്തോളം ജീപ്പുകൾ ഉണ്ടായിരുന്നിട്ടും കൊലപാതകമായതിനാൽ മൃതദേഹം കയറ്റാൻ ഇവർ തയാറായില്ല. തുടർന്നാണു കമ്പിളിയിൽ കെട്ടി മൃതദേഹം താഴെയെത്തിച്ചത്.
അതു വരെ താമസിച്ചതു ബന്ധുവീട്ടിൽ
സ്വന്തം സ്ഥലത്തെ കൃഷി ആവശ്യങ്ങൾക്കായാണു രമേശ് ഒരു മാസം മുൻപു പെരിയകുടിയിൽ എത്തുന്നത്. അവിടെ എത്തിയതു മുതൽ മറ്റൊരു ബന്ധു വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം അവിടത്തെ ബന്ധുക്കൾ ചിന്നാർ അതിർത്തിയിലുള്ള ഏഴിമലയാൺ ക്ഷേത്രത്തിലേക്കു ദർശനത്തിനായി പോയതിനാലാണു രമേശ് അമ്മാവന്റെ വീട്ടിലേക്കു താമസത്തിനെത്തിയത്.രാത്രി മദ്യപിച്ചെത്തിയ സുരേഷ് രമേശുമായി വാക്കു തർക്കമുണ്ടാക്കി പുറത്തേക്ക് ഇറങ്ങിപ്പോയി. അതിനു ശേഷം രമേശ് കിടന്നുറങ്ങിയപ്പോഴാണ് മദ്യലഹരിയിൽ തിരിച്ചെത്തിയ സുരേഷ് കയ്യിൽ കരുതിയിരുന്ന കമ്പി കൊണ്ടു തലയ്ക്കടിച്ചും വായിൽ കമ്പി കുത്തിക്കയറ്റിയും കൊല നടത്തിയത്.