ADVERTISEMENT

രാജകുമാരി∙ ഒരു മാസം മുൻപ് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ എൻജിനീയർമെട്ട് സംരക്ഷിത വന മേഖലയാക്കാൻ വനം വകുപ്പ് നീക്കം. പാരിസ്ഥിതിക പ്രാധാന്യമുള്ള കള്ളിപ്പാറയിലെ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഇതു സംബന്ധിച്ച് വനം വകുപ്പ് ജില്ല കലക്ടർക്ക് കത്തു നൽകി.

സിഎച്ച്ആർ മേഖലയായ ഇവിടെ കൃഷിക്ക് അനുയോജ്യമല്ലാത്തതിനാൽ സംരക്ഷിത വനം ആണെന്നാണ് വനം വകുപ്പിന്റെ വാദം. 1897 ലെ ട്രാവൻകൂർ ഫോറസ്റ്റ് റഗുലേഷൻ ആക്ട് അനുസരിച്ച് കൃഷിക്കായി പതിച്ചു നൽകാത്ത ചോല വനങ്ങളും പുൽമേടുകളും സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയിൽ പെടുമെന്നും കള്ളിപ്പാറയിൽ 6 ഇനം നീലക്കുറിഞ്ഞികളും അപൂർവങ്ങളായ സസ്യജാലങ്ങളും ഉണ്ടെന്നുമാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ സിഎച്ച്ആർ വനമല്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

ഇനിയൊരു സംരക്ഷിത വനം കൂടി?

കഴിഞ്ഞ ജൂൺ 14 ന് ദേവികുളം താലൂക്കിലെ കുഞ്ചിത്തണ്ണി വില്ലേജിൽ ഉൾപ്പെടുന്ന ചെങ്കുളത്ത് 87 ഹെക്ടർ സർക്കാർ ഭൂമി ചെങ്കുളം റിസർവ് വനമായി വിജ്ഞാപനമിറങ്ങിയിരുന്നു. വിജ്ഞാപനം ഇറങ്ങിയതിന് ശേഷമാണ് കുഞ്ചിത്തണ്ണിയിൽ നിന്നുള്ള ഉന്നത ജനപ്രതിനിധികൾ പോലും ഇൗ വിവരം അറിയുന്നത്.ചെങ്കുളം റിസർവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വനം, റവന്യു വകുപ്പുകൾ തമ്മിൽ തർക്കവും നാട്ടുകാരുടെ ആശങ്കയും ഇപ്പോഴും തുടരുകയാണ്. 2006 ൽ എൽഡിഎഫ് സർക്കാർ നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ച കോട്ടക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് 58, വട്ടവട വില്ലേജിലെ ബ്ലോക്ക് 62 എന്നിവ ഉൾപ്പെടുന്ന 3200 ഹെക്ടർ സ്ഥലത്തോടു ചേർന്ന ജനവാസ മേഖലകളിലെ പ്രശ്നങ്ങളും‍ ഇതു വരെ പരിഹരിക്കപ്പെട്ടിട്ടില്ല. 

ഇൗ സാഹചര്യത്തിൽ കള്ളിപ്പാറ എൻജിനിയർമെട്ടും പരിസര പ്രദേശങ്ങളും റിസെർവായി പ്രഖ്യാപിക്കാനുള്ള നീക്കം ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്. 2021 ഡിസംബറിൽ മതികെട്ടാൻചോല ദേശീയോദ്യാനത്തിന് ചുറ്റും ഒരു കിലോമീറ്ററിലധികം ബഫർ സോൺ പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങിയതിന്റെ ആഘാതത്തിൽ നിന്ന് ഉണരാൻ കഴിയാത്ത ശാന്തൻപാറയിൽ പുതിയൊരു സംരക്ഷിത വനം കൂടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കർഷക സംഘടനകൾ പറയുന്നു.

വരുമാനത്തിന്റെ  പങ്കിനെച്ചൊല്ലിയും തർക്കം

കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂവിട്ട ആദ്യ ആഴ്ചയ്ക്ക് ശേഷം ശാന്തൻപാറ പഞ്ചായത്ത് സന്ദർശകരിൽ നിന്ന് 20 രൂപ വീതം പ്രവേശന ഫീസ് ഇൗടാക്കിയിരുന്നു.കുറിഞ്ഞി സീസൺ അവസാനിച്ചപ്പോൾ 15 ലക്ഷത്തോളം രൂപയാണ് പഞ്ചായത്തിന് പ്രവേശന ഫീസ് ഇനത്തിൽ ലഭിച്ചത്. നീലക്കുറിഞ്ഞി സീസൺ ആരംഭിച്ചത് മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ സ്ഥിരമായി സുരക്ഷ ചുമതലയിലുണ്ടായിരുന്നു.ഇൗ സാഹചര്യത്തിൽ വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക വനം വകുപ്പിന് നൽകണമെന്ന് അധികൃതർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

വന്യ മൃഗ ആക്രമണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും മറ്റു ചെലവുകൾക്കുമായാണ് പഞ്ചായത്തിനോട് പണം ആവശ്യപ്പെട്ടതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.എന്നാൽ പഞ്ചായത്ത് ഇത് അവഗണിച്ചതോടെയാണ് കുറിഞ്ഞി പൂവിട്ട മലനിരകൾ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വാദവുമായി അധികൃതർ രംഗത്തു വന്നതും കലക്ടർക്ക് കത്തു നൽകിയതെന്നും ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com