40 മിനിറ്റു കൊണ്ട് വനം താണ്ടിയില്ലെങ്കിൽ നടപടി; മറയൂർ–ചിന്നാർ റോഡിൽ സ്ലിപ് പദ്ധതിയുമായി വനംവകുപ്പ്

Mail This Article
മറയൂർ∙ ചിന്നാർ വനത്തിലെ സംസ്ഥാനാന്തര പാതയിലൂടെ സഞ്ചരിക്കുന്നവർക്കു സ്ലിപ്പുമായി വനംവകുപ്പ്. മറയൂർ–ചിന്നാർ റോഡിലെ 12 കിലോമീറ്റർ ദൂരം 40 മിനിറ്റു കൊണ്ടു സഞ്ചരിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണു വനംവകുപ്പ് സ്ലിപ് പദ്ധതിയുമായി എത്തുന്നത്. കാട്ടുതീ തടയുക, വനത്തിനുള്ളിലെ അതിക്രമങ്ങൾ തടയുക എന്നീ ലക്ഷ്യത്തോടെ വൈകിട്ട് 6 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. മറയൂരിൽ നിന്നു തമിഴ്നാട്ടിലേക്ക് പോകുമ്പോൾ കരിമുട്ടി ചെക്പോസ്റ്റിലും തമിഴ്നാട്ടിൽ നിന്നു വരുമ്പോൾ ചിന്നാർ ചെക് പോസ്റ്റിലുമാണു സ്ലിപ്പുകൾ ലഭിക്കുക,വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളുമായാണു സ്ലിപ് നൽകുക.
സമയപരിധി പരിശോധിച്ചാകും കടത്തിവിടുക. 40 മിനിറ്റിൽ കഴിഞ്ഞിട്ടും ചെക് പോസ്റ്റുകൾ കടക്കാതിരുന്നാൽ തുടർ അന്വേഷണം നടത്തിയ ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. വാഹനം വനമേഖലയിൽ നിർത്തിയിടുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാനാണു സ്ലിപ് സമ്പ്രദായം നടപ്പാക്കുന്നതെന്നും മലയാളത്തിലും ഇംഗ്ലിഷിലും സ്ലിപ്പുകളും നിർദേശങ്ങളും നൽകുമെന്നും അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ നിതിലാൽ പറഞ്ഞു