വാക്കുതർക്കം, അടിപിടി; മറയൂരിൽ റിസോർട്ട് അടിച്ചുതകർത്തു

Mail This Article
മറയൂർ∙ വാക്കുതർക്കത്തെ തുടർന്ന് അടിപിടി. പ്രതികാരമായി റിസോർട്ട് അടിച്ചുതകർത്ത് അക്രമികൾ. കഴിഞ്ഞദിവസം രാത്രി മറയൂർ ബാബു നഗറിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഭവത്തിന്റെ തുടക്കം. ഇത് പിന്നീട് അക്രമാസക്തമായപ്പോൾ ബാബു നഗർ സ്വദേശി സന്തോഷിനു (28) പരുക്കേറ്റു. സംഭവത്തിൽ മറയൂർ സ്വദേശി ജോൺ മാത്യുവിനെ (25) മറയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് അർധരാത്രിയിൽ സംഘം ചേർന്ന സന്തോഷിന്റെ കൂട്ടർ ബാബു നഗറിന് സമീപത്തുള്ള, ജോൺ മാത്യുവിന്റെ പിതാവ് രാജന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെത്തി 2 കാറും ഒരു ബൈക്കും സിസിടിവി സാമഗ്രികളും അടിച്ചു തകർത്തു. റിസോർട്ടിന്റെ ജനലുകളും കോംപൗണ്ട് മതിലിലെ ലൈറ്റുകളും കന്റീനും റിസപ്ഷനുള്ളിലെ കംപ്യൂട്ടറും തകർത്തിട്ടുണ്ട്.
റിസോർട്ട് തകർത്തതുമായി ബന്ധപ്പെട്ട് മറയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ആക്രമണം നടത്തുന്നതും ജനൽ തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ തെളിവുമായി പൊലീസിൽ ഹോട്ടൽ ഉടമ രാജന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ ഇന്നലെ വൈകിട്ട് വരെ അക്രമികളെ പൊലീസ് പിടികൂടിയില്ല. റിസോർട്ട് കയറി ആക്രമണം നടത്തിയതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധം അറിയിച്ചു. മറയൂരിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ ചെറുക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമിതി പ്രസിഡന്റ് ശശികുമാർ വാരിയത്ത് പറഞ്ഞു.