തമിഴ്നാടിന്റെ വ്യാജൻ, ഇടനിലക്കാരുടെ ചൂഷണം; മറയൂർ ശർക്കര പ്രതിസന്ധിയിൽ
Mail This Article
മറയൂർ ∙ മറയൂർ ശർക്കരയ്ക്ക് വിലയില്ല: ശർക്കര നിർമാണം പ്രതിസന്ധിയിൽ. കരിമ്പുകൾ വെട്ടാതെ തോട്ടത്തിൽത്തന്നെ ചീഞ്ഞ് നശിക്കുന്നു. ഗുണമേന്മ കൊണ്ട് പ്രസിദ്ധമായ മറയൂർ ശർക്കരയ്ക്ക് വിപണിയിലുണ്ടായിരിക്കുന്ന വിലക്കുറവാണ് കരിമ്പ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ശർക്കര വ്യാപാരികൾക്ക് നൽകുമ്പോൾ ഉൽപാദന ചെലവുപോലും ലഭിക്കാത്തതിനാൽ വിളവെടുക്കാതെ കരിമ്പ് തോട്ടത്തിൽതന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. ഏഴ് വർഷം മുൻപ് ലഭിച്ചിരുന്ന അതേ വിലയാണ് ഇപ്പോഴും ശർക്കരയ്ക്ക് ലഭിക്കുന്നത്. ഇത് ഉൽപാദനച്ചെലവിന് പോലും തികയില്ല എന്നാണ് കർഷകർ പറയുന്നത്.
50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് മറയൂർ ശർക്കരയ്ക്ക് ഈ ആഴ്ച രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് വിലയായി ലഭിച്ചതെന്ന് കരിമ്പ് ഉൽപാദന സമിതി പ്രസിഡന്റ് എസ്.ശിവൻരാജ് പറയുന്നു. രുചി കൊണ്ടും ഗുണമേന്മകൊണ്ടും പ്രസിദ്ധമായ മറയൂർ ശർക്കരയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇടനിലക്കാർ വിലയിടിക്കുകയാണ്. കരിമ്പ് വെട്ടുകൂലി ഉൾപ്പെടെയുള്ള നിർമാണച്ചെലവ് പോലും ലഭിക്കാതെ വരുമെന്ന സാഹചര്യത്തിലാണ് കർഷകർ ശർക്കര നിർമാണം നിർത്തിവച്ച് മൂപ്പെത്തിയ കരിമ്പ് പോലും വെട്ടാതെ ഉപേക്ഷിച്ചിരിക്കുന്നത്.
വില്ലൻ തമിഴ്‌നാട് വ്യാജ ശർക്കര
അഞ്ചു വർഷം മുൻപ് വരെ മറയൂരിൽ ശർക്കര വ്യാപാരികൾക്കും കർഷകർക്കും നല്ല വില ലഭിച്ചിരുന്നു. ഇതോടെ പ്രദേശത്ത് കരിമ്പുകൃഷി വ്യാപകമായി. കേരളത്തിലെ മാർക്കറ്റുകളിൽ മറയൂർ ശർക്കരയ്ക്ക് ഡിമാൻഡും വർധിച്ചു. ഇതിൽ ലാഭം കണ്ട കച്ചവടക്കാർ തമിഴ്‌നാട്ടിലെ ശർക്കര നിർമാണ കേന്ദ്രങ്ങളിൽ നിന്ന് വില കുറഞ്ഞതും രാസവസ്തുക്കൾ കൂടുതൽ ഉപയോഗിച്ച് മറയൂർ ശർക്കരയുടെ മാതൃകയിൽ നിർമിക്കുന്നതുമായ വ്യാജ ശർക്കര മറയൂർ ശർക്കരയ്ക്കൊപ്പം കലർത്തി വിപണിയിലെത്തിച്ചു. ഇതാണ് മറയൂർ ശർക്കരയുടെ വില കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു.
നിറം കാട്ടി പറ്റിക്കൽ
തമിഴ്‌നാട് ശർക്കരയുടെ പുളിപ്പുരസം ഒഴിവാക്കാനായി പഞ്ചസാരയും കുമ്മായവും ചേർത്താണ് കേരളത്തിലെത്തിച്ച് വിറ്റഴിച്ച് കച്ചവടക്കാർ ലാഭം കൊയ്യുന്നത്. മറയൂരിലെ ഒന്നാം തരം ശർക്കരയ്ക്ക് പച്ചകലർന്ന ബ്രൗൺ നിറമാണ്. വേനൽക്കാലത്ത് ഇത് കറുപ്പ് കലർന്ന ബ്രൗണായി മാറും. എന്നാൽ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന ശർക്കര എപ്പോഴും പച്ചകലർന്ന ബ്രൗൺ നിറമാണ്. ഇതിനാൽ വേനൽക്കാലത്ത് യഥാർഥ മറയൂർ ശർക്കരയെക്കാളും വിപണിയിൽ ആവശ്യക്കാരുള്ളത് ഇതിനാണ്. ഇതാണ് യഥാർഥ മറയൂർ ശർക്കര എന്ന ധാരണ ചൂഷണം ചെയ്താണ് വ്യാജൻ ലാഭം കൊയ്യുന്നത്.
സർക്കാർ അവഗണന; കർഷകസമിതി പ്രക്ഷോഭത്തിലേക്ക്
മറയൂർ ശർക്കരയെ ഇല്ലായ്മ ചെയ്യാൻ തമിഴ്നാട്ടിൽ നിന്നു രാസവസ്തുക്കൾ കലർത്തി നിർമിക്കുന്ന ഗുണനിലവാരം ഇല്ലാത്ത ശർക്കര കേരളത്തിൽ എത്തിച്ചു വിറ്റഴിച്ച് അമിത ലാഭം കൈക്കലാക്കി വരുന്നതാണ് വിലയിടിവിനും കർഷകരുടെ പ്രതിസന്ധിക്കും കാരണമാകുന്നതെന്ന് കരിമ്പ് ഉൽപാദകരുടെ സംഘടന പറയുന്നു.
കഴിഞ്ഞ ഓണത്തിന് സർക്കാർ വിപണന കേന്ദ്രമായ ഹോർട്ടികോർപ് ഉൾപ്പെടെയുള്ള സംഭരണ കേന്ദ്രങ്ങൾ ഒരു കിലോ ശർക്കര പോലും എടുത്തിട്ടില്ല. കർഷകരെയും നൂറുകണക്കിന് തൊഴിലാളികളെയും ഇല്ലായ്മ ചെയ്യുന്ന രീതിയിലാണ് ഇടനിലക്കാർ പ്രവർത്തിക്കുന്നത്. ഈ വിഷയങ്ങൾ ജനപ്രതിനിധികളോട് ഉന്നയിച്ചെങ്കിലും നടപടിയില്ല.
മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടും സർക്കാർതലത്തിൽ മറയൂർ ശർക്കരയെ സംരക്ഷിക്കാനും വിപണിയിൽ എത്തിക്കാനും ഒരു സഹായവും ലഭിക്കുന്നുമില്ല. മറയൂർ കാന്തല്ലൂർ മേഖലയിലെ കരിമ്പ് കൃഷി സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നതായി കരിമ്പ് ഉൽപാദന വിപണന സംഘം പ്രസിഡന്റ് എസ്.ശിവൻ രാജ്, സെക്രട്ടറി റെജി പാൽരാജ്, ജോയിൻ സെക്രട്ടറി ജഗൻ എന്നിവർ പറയുന്നു.