അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസ്

Mail This Article
അഴീക്കോട് ∙ അമ്മയും സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളും വീട്ടുകിണറ്റിൽ മരിച്ചനിലയിൽ. മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (45), ശിവനന്ദ് (14), അശ്വന്ത് (11) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെയാണു സംഭവം. മക്കളെ തള്ളിയിട്ടശേഷം അമ്മ കിണറ്റിൽ ചാടിയതാണെന്നു സംശയിക്കുന്നു. വീട്ടിൽ ഭാമയുടെ അമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. ഭർത്താവ് രമേഷ് ബാബു അമ്മയോടൊപ്പം അഴീക്കൽ ചാലിലെ വീട്ടിലായിരുന്നു.
അമ്മ തനിച്ചു താമസിക്കുന്നതിനാലാണു രാത്രി കൂട്ടിനായി ചാലിലേക്കു പോയത്. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഭാമ എപ്പോഴും വീട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. പുലർച്ചെ രണ്ടരയ്ക്കു ചെറിയ ശബ്ദംകേട്ടു സഹോദരി വസുമതിയുണർന്നു ഭാമയുടെ മുറിയിൽ നോക്കിയപ്പോൾ മൂവരെയും കാണാനില്ലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ കിണറുകളിൽ ഉൾപ്പെടെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. വിവരമറിഞ്ഞു വളപട്ടണം പൊലീസും സ്ഥലത്തെത്തി. തിരച്ചിലിനിടെ പുലർച്ചെ നാലിനു ഭാമയുടെ വീട്ടുകിണറ്റിൽ ഇരുമ്പുകൊളുത്ത് ഇറക്കി നടത്തിയ തിരച്ചിലിലാണു മൃതദേഹം ശ്രദ്ധയിൽപെട്ടത്. കിണറിന്റെ വല നീക്കിയിരുന്നില്ല.
സമീപത്തു ചെരിപ്പോ സൂചന നൽകുന്ന ഒന്നും കണ്ടെത്താനുമായില്ല. അതുകൊണ്ടുതന്നെ ആദ്യം സംശയിച്ചിരുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. അഗ്നിരക്ഷാസേനാ സംഘം എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉറങ്ങിക്കിടന്ന മക്കളെ എങ്ങനെ ഇവിടേക്ക് എത്തിച്ചുവെന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്നു നാട്ടുകാർ പറയുന്നു. മാനസികാസ്വാസ്ഥ്യത്തിനു മരുന്നു കഴിച്ചിരുന്ന ഭാമ ഏതാനും മാസം മുൻപ് ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ശിവനന്ദും അശ്വന്തും അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി. എഎസ്പി ട്രെയ്നി ബി.കാർത്തിക്, ഇൻസ്പെക്ടർ സി.പി.സുമേഷ്, എസ്ഐ ടി.എം.വിപിൻ എന്നിവരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
പരേതനായ ദിവാകരന്റെയും ലീലയും മകളാണു ഭാമ. രമേഷ് ബാബു – ഭാമ ദമ്പതികൾക്കു രണ്ടു മക്കളാണ്. രമേഷ് ബാബു അഴീക്കലിൽ മത്സ്യത്തൊഴിലാളിയാണ്. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ മീൻകുന്ന് കുഴക്കീൽ ശ്മശാനത്തിൽ സംസ്കരിച്ചു.