ചീമേനി രക്തസാക്ഷി സ്മാരകം തറക്കല്ലിട്ടിട്ട് 7 വർഷം; പ്രവർത്തകർക്ക് പ്രതിഷേധം
Mail This Article
ചീമേനി∙ രക്തസാക്ഷികളുടെ സ്മരണയ്ക്ക് സ്മാരകം പണിയാൻ വേണ്ടിയുള്ള തറക്കല്ലിട്ട് വർഷം 7 പിന്നിട്ടു. 1987 മാർച്ച് 23ന് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീമേനിയിൽ കൊല്ലപ്പെട്ട 5 സിപിഎം പ്രവർത്തകരുടെ സ്മരണയ്ക്ക് അവർ മരിച്ച് വീണ സ്ഥലത്ത് നിർമിക്കാൻ പദ്ധതിയിട്ട സ്മാരക മന്ദിരം പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഇതു പാർട്ടി നേതൃത്വത്തിന് കഴിയാതെ പോയതാണ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമുയരുന്നത്.
ആലവളപ്പിൽ അമ്പു, എം.കോരൻ, കെ.വി കുഞ്ഞിക്കണൻ, സി.കോരൻ, ടി.കുഞ്ഞപ്പൻ എന്നി പാർട്ടി പ്രവർത്തകരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. പഴയ തകർന്നു വീണ ഓഫിസ് കെട്ടിടം നിലനിർത്തി അതിന് മുകളിൽ രക്തസാക്ഷി സ്മാരക മന്ദിരം നിർമിക്കാനായിരുന്നു പാർട്ടി തീരുമാനം.ഇതിന്റെ ഭാഗമായി 2013 ജനുവരി 12ന് പാർട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മന്ദിരത്തിന്റെ തറക്കല്ലിടൽ നടത്തുകയും ചെയ്തു. എന്നാൽ പിന്നീടു നടപടിയൊന്നും ഉണ്ടാകാത്തതാണ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായത്.