രാജ്യത്ത് ആദ്യം; ജില്ലയിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി
Mail This Article
കാസർകോട് ∙ രാജ്യത്ത് ആദ്യമായി ജില്ലയിലാകെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്ക് 28ന് തുടക്കം. ജില്ലാ പഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷൻ മുഖേന ജില്ലയിലെ മുഴുവൻ വാർഡുകളിലെയും 30 മുതൽ 60 വരെ പ്രായമുള്ളവർക്ക് ബാങ്കിങ് ഇടപാടുകൾ, ഇ – പേയ്മെന്റുകൾ, വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയവ കൈകാര്യം ചെയ്യാൻ പഠിപ്പിക്കും. ഇതിനു മുന്നോടിയായി റിസോഴ്സ് പഴ്സൻമാർക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളിൽ 28ന് 10.30ന് നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും ഐടി മിഷൻ ഡയറക്ടർ അൻവർ സാദത്ത് പങ്കെടുക്കും. പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ നിന്നു കംപ്യൂട്ടർ പരിജ്ഞാനമുള്ള 2 വീതം പേർക്കാണ് പരിശീലനം. 50 വീടുകൾക്ക് ഒരു ക്ലാസ് എന്ന രീതിയിൽ 7,000 ഡിജിറ്റൽ സാക്ഷരതാ ക്ലാസുകളാണ് ജില്ലയിൽ തുടങ്ങുക.
ജില്ലാ പഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളും ചേർന്ന സംയുക്ത പദ്ധതിയാണിത്. ജില്ലയിലെ അഡ്വഞ്ചറിസ്റ്റ് പി.എൻ.സൗമ്യയാണു പദ്ധതിയുടെ അംബാസഡർ. ഈ വർഷത്തെ പദ്ധതിയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും 5 വാർഡുകളിൽ പദ്ധതി നടപ്പാക്കും. ബാക്കിയുള്ള വാർഡുകളിൽ അടുത്ത സാമ്പത്തിക വർഷം പദ്ധതി ആരംഭിക്കും. ഐടി മിഷൻ, കൈറ്റ്, നവകേരള മിഷൻ, ലൈബ്രറി കൗൺസിൽ എന്നിവയും പദ്ധതിയുടെ ഭാഗമാകും.