അമൃത് ഭാരത് രണ്ടാം ഘട്ടത്തിൽ 10 കോടി: പി.കെ.കൃഷ്ണദാസ്
Mail This Article
കാഞ്ഞങ്ങാട്–നീലേശ്വരം–ചെറുവത്തൂർ ∙ അമൃത് ഭാരത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പെടുത്തി കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുകളിൽ 10 കോടിയുടെ വികസനം നടപ്പാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ബോർഡ് ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. കാസർകോട് സ്റ്റേഷൻ ഒന്നാം ഘട്ടത്തിലുണ്ട്. പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാംഘട്ടത്തിന്റെ കൺസൽട്ടൻസിയെ നിശ്ചയിച്ചു ടെൻഡർ ചെയ്യും. 2025ൽ പണി പൂർത്തിയാക്കും. സ്റ്റേഷനിലെ ആവശ്യങ്ങളനുസരിച്ച് പരമാവധി 10 കോടി രൂപയുടെ വരെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും.
കാഞ്ഞങ്ങാട് വെളിച്ചം കുറവ്, ഇരിപ്പിടവും ഫാനും വേണം
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ആവശ്യത്തിന് ഇരിപ്പിടമില്ലാത്തതും ഫാൻ ഇല്ലാത്തതും വെളിച്ചക്കുറവും അമൃത് ഭാരതി പദ്ധതി യഥാർഥ്യമായാൽ പരിഹാരമാകും. ആവശ്യത്തിന് മേൽക്കൂരയില്ലാത്തതും പ്ലാറ്റ്ഫോമിന്റെ നീളക്കുറവും ശ്രദ്ധയിൽ പെട്ടു. മംഗള എക്സ്പ്രസിന് വടക്കോട്ടുള്ള യാത്രയിൽ കാഞ്ഞങ്ങാട് സ്റ്റോപ്പ് ഉണ്ട്. തെക്കോട്ടുള്ള യാത്രയിൽ സ്റ്റോപ്പ് ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തും.
കാഞ്ഞങ്ങാട് റോട്ടറി, സ്റ്റേഷനിൽ പാർക്കിങ് സൗകര്യമൊരുക്കാൻ 1.5 കോടിയുടെ പദ്ധതി റെയിൽവേയ്ക്ക് സമർപ്പിച്ചിരുന്നു. ഇതിന് അനുമതി ലഭിക്കാനായി ഇടപെടും. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ വേണമെന്ന ആവശ്യം നഗരസഭാധ്യക്ഷ കെ.വി.സുജാത ഉന്നയിച്ചു. കൊവ്വൽ എകെജി ക്ലബിന് സമീപം മേൽനടപ്പാലം സംബന്ധിച്ച് നഗരസഭ ഒരു ശുപാർശ തയാറാക്കി നൽകിയാൽ റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രെയിനേജ്, അരിമല ഹോസ്പിറ്റലിന് സമീപത്തു കൂടിയുള്ള റോഡ് വികസിപ്പിക്കാൻ റെയിൽവേയിൽ നിന്നു അനുമതി വാങ്ങുന്ന കാര്യവും പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നീലേശ്വരത്തിന് പുതിയ ടിക്കറ്റ് കൗണ്ടർ; സ്റ്റേഷനെ ഭിന്നശേഷി സൗഹൃദമാക്കും
പുതിയ ടിക്കറ്റ് കൗണ്ടർ, മുഴുവൻ സമയം പ്രവർത്തിക്കുന്ന ഫുഡ് കോർട്ട്, മേൽക്കൂര, ഇരിപ്പിടം, വെള്ളം, വെളിച്ചം, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ട് ലിഫ്റ്റ്, ശുചിമുറിയുടെ അപര്യാപ്തത, കുടിവെള്ള പ്രശ്നം എന്നിവയ്ക്കു പരിഹാരം, ഇരു പ്ലാറ്റ്ഫോമുകളോടും അനുബന്ധിച്ചു മതിയായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തൽ എന്നിവ പദ്ധതിയിൽ ലഭിക്കും. എഫ്സിഐ ലൈനിനു സമീപം പൂർണമായും കോൺക്രീറ്റ് ചെയ്ത് മഴക്കാലത്ത് അരി വീണു ചീഞ്ഞു നാറുന്നത് ഒഴിവാക്കും.
നീലേശ്വരം റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ചുള്ള 20 ഏക്കറിൽ അധികം റെയിൽവേ സ്ഥലം ലീസിനു നൽകി വരുമാനം വർധിപ്പിക്കും. ഇന്റർസിറ്റി, ചെന്നൈ മെയിൽ എന്നിവയ്ക്കു സ്റ്റോപ് അനുവദിക്കാൻ സമ്മർദം ചെലുത്തും. നീലേശ്വരം റെയിൽവേ സ്റ്റേഷനെ ഭിന്നശേഷി സൗഹൃദമാക്കും. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറി എ.വേലായുധൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് എന്നിവരും കൂടെയുണ്ടായിരുന്നു.
നീലേശ്വരം റയിൽവേ വികസന ജനകീയ കൂട്ടായ്മ ചെയർമാൻ ഡോ.നന്ദകുമാർ കോറോത്ത്, കൺവീനർ കെ.വി.സുനിൽരാജ്, വൈസ് ചെയർമാൻ കെ.വി.പ്രിയേഷ് കുമാർ, നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, സെക്രട്ടറി എ.വിനോദ്, പേരോൽ വികസന സമിതി ഭാരവാഹികൾ, ബിജെപി, സേവാഭാരതി നേതാക്കൾ എന്നിവരും പി.കെ.കൃഷ്ണദാസിനെ സന്ദർശിച്ച് നിവേദനം നൽകി.
ചെറുവത്തൂർ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം
കോവിഡ് കാലത്ത് നിർത്തിവച്ച വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, പരശുറാം എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ യാത്രക്കാരുടെ ആവശ്യങ്ങൾ റെയിൽവേ ബോർഡിന്റെ മുൻപിൽ അവതരിപ്പിച്ച് ഇതിനു വേണ്ടി സമ്മർദം ചെലുത്തുമെന്നും കൃഷ്ണദാസ് അറിയിച്ചു. അടിയന്തരമായി റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ ഫ്ലാറ്റും ഫോം ഉയർത്തി ഫ്ലോറിങ് നടത്തി മുഴുവനായും മേൽപ്പുര നിർമിക്കുന്നതിന് 25ലക്ഷം രൂപ അനുവദിച്ചതായും, നാശത്തിന്റെ വക്കിലുള്ള റെയിൽവേ കുളം സംരക്ഷിച്ച് റെയിൽവേക്ക് പ്രയോജനപ്പെടും വിധമുള്ള സംവിധാനം ഉണ്ടാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ കുളം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂണിറ്റ്, മലബാർ റെയിൽ യൂസേഴ്സ് അസോസിയേഷൻ, ചെറുവത്തൂർ റെയിൽവേ പാസഞ്ചേഴ്സ് ഫോറം, ബിജെപി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി, പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി എന്നിവർ നിവേദനം നൽകി.
പി.കെ.കൃഷ്ണദാസ്, റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ
എലത്തൂർ സംഭവത്തിന് ശേഷം റെയിൽവേ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ട്രെയിനുകളിൽ ആർപിഎഫിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. റിസർവേഷൻ ബോഗിയിൽ നിന്നു ജനറൽ ബോഗിയിലേക്ക് വരാനുള്ള വാതിൽ നിലവിലുണ്ട്. ഇത് പൂർണമായി അടക്കും. 18ന് ഡൽഹിയിൽ യോഗം ചേർന്നു ട്രെയിനിൽ നടപ്പിലാക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച നടത്തും.