യുഎസ് ടെക് ഭീമന്മാരെ വിറപ്പിച്ച് ചൈനയുടെ ‘വിലകുറഞ്ഞ’ നിർമിതബുദ്ധി ഡീപ്സീക്; ഇന്ത്യക്കും ഇതു സുവർണാവസരം

Mail This Article
അധികമാരും കേട്ടിട്ടില്ലാത്തൊരു ചൈനീസ് നിർമിതബുദ്ധി (Chinese AI) സ്റ്റാർട്ടപ്പ്, ഒറ്റ ആഴ്ചകൊണ്ടാണ് ലോകമാകെ ചർച്ചയായത്. ചുരുങ്ങിയ സമയംകൊണ്ട് ലോകത്തെ ടെക് ഭീമന്മാരെയെല്ലാം വിറപ്പിച്ചു. യുഎസ് ഓഹരി വിപണിയിൽ (US Stock Market) നിന്ന് ഒറ്റദിവസം കൊഴിഞ്ഞുപോയത് ഒരു ലക്ഷം കോടി ഡോളറിലേറെ (ഏകദേശം 86.5 ലക്ഷം കോടി രൂപ). പല ടെക് കമ്പനികളുടെയും വിപണിമൂല്യം കൂപ്പുകുത്തി. ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ സംയോജിത ആസ്തിയും നേരിട്ടത് കനത്ത ഇടിവ്. എന്താണ് ഇതിനെല്ലാം വഴിയൊരുക്കിയ ഡീപ്സീക് (DeepSeek)?

ഒരാഴ്ച മുമ്പുവരെ ചൈനയ്ക്ക് പുറത്ത് ഡീപ്സീക്കിനെ കുറിച്ച് അധികമാരും കേട്ടിരുന്നില്ല. ചൈനയിലെ ഹാങ്ഷുവിൽ ഗവേഷകനും സംരംഭകനുമായ ലിയാങ് വെൻഫെങ് (Liang Wenfeng) 2023ൽ സ്ഥാപിച്ച കമ്പനിയാണ് ഡീപ്സീക്. ഹൈ-ഫ്ലൈയർ (High-Flyer) എന്ന നിക്ഷേപ സ്ഥാപനവും അദ്ദേഹത്തിനുണ്ട്.
ലോകമാകെ തരംഗമായി മാറിയ എഐ ചാറ്റ്ബോട്ട്, ഓപ്പൺഎഐയുടെ (OpenAI) ചാറ്റ്ജിപിടിക്ക് (ChatGPT) എതിരാളിയെന്നോണം ലിയങ് വികസിപ്പിച്ചതാണ് ഡീപ്സീക്. ചാറ്റ്ജിപിടിയേക്കാൾ ഉന്നത നിലവാരമുണ്ടെന്നതും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതും ഡീപ്സീക്കിനെ അതിവേഗം ചർച്ചകളിൽ നിറച്ചു. ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. ചാറ്റ്ജിപിടിയെ അപേക്ഷിച്ച് ചെലവ് തീരെക്കുറവാണ് എന്നതും ഡീപ്സീക്ക് സൃഷ്ടിച്ച ‘ആഘാതത്തിന്’ മുഖ്യകാരണമാണ്.
ജനപ്രീതിയിൽ അതിവേഗം മുന്നേറ്റം
കഴിഞ്ഞ ഒറ്റ ആഴ്ചകൊണ്ട് യുഎസിലും ബ്രിട്ടനിലും മറ്റും ഏറ്റവുമധികം ഡൗൺലോഡ് സ്വന്തമാക്കി ചാറ്റ്ജിപിടിയെ കടത്തിവെട്ടാൻ ഡീപ്സീക്കിന് കഴിഞ്ഞു. വെറും 60 ലക്ഷം ഡോളർ (ഏകദേശം 52 കോടി രൂപ) ഉപയോഗിച്ചാണ് ലിയങ് വെൻഫെങ് തന്റെ ആ എഐ ചാറ്റ്ബോട്ട് വികസിപ്പിച്ചത്. ലക്ഷ്യം ചാറ്റ്ജിപിടിയെ മറിച്ചിടുക തന്നെ. യുഎസ് ടെക് ഭീമന്മാർ എഐയ്ക്കാണ് ശതകോടികൾ ചെലവഴിക്കുമ്പോഴാണ് തുച്ഛമായ ചെലവിൽ ഡീപ്സീക്കിന്റെ ഉദയം.

ഡീപ്സീക്കിനെ പോസിറ്റിവായാണ് കാണുന്നതെന്നും യുഎസ് കമ്പനികൾക്ക് ഇത് സ്വയം ‘തിരിച്ചറിവിനുള്ള’ സമയമാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പട്ടു കഴിഞ്ഞു. ചൈനീസ് കമ്പനികളെ ലോകം ‘കോപ്പിയടി’ക്കാർ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും അതു തിരുത്തിപ്പറയിക്കുകയാണ് നൂതനവും ചെലവുകുറഞ്ഞതുമായ എഐ മോഡൽ ഡീപ്സീക്കിന്റെ ലക്ഷ്യമെന്നും ലിയങ് വെൻഫെങ് ഒരു ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഡീപ്സീക്കിന് രണ്ടു മോഡലുകൾ
ആർ1, ആർ1 സീറോ എന്നീ രണ്ടു മോഡലുകളാണ് ഡീപ്സീക്കിനുള്ളത്. ആർ1 ആണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ചാറ്റ്ജിപിടിയിലും മറ്റും ഉപഭോക്താക്കൾക്ക് നിയന്ത്രണങ്ങളുള്ളപ്പോൾ, ഡീപ്സീക് പക്ഷേ വാഗ്ദാനം ചെയ്യുന്നത് സൗജന്യമായി പരിധിയില്ലാത്ത ഉപഭോഗമാണ്. അതും ചാറ്റ്ജിപിടിയേക്കാൾ വേഗത്തിലും കൃത്യതയോടെയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 97 ശതമാനമാണത്രേ ഡീപ്സീക്കിന്റെ വിജയക്ഷമത. ഇതു ചാറ്റ്ജിപിടിയേക്കാൾ മികച്ചതാണ്. ആപ്പ് സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഡീപ്സീക് ഉപയോഗിക്കാം. chat.deepseek.com എന്ന ലിങ്കുവഴിയും ഡൗൺലോഡ് ചെയ്യാം.
സ്വകാര്യതയ്ക്ക് ഭീഷണിയോ?
ചൈനയുടെ പഴ്സനൽ ഇൻഫർമേഷൻ പ്രൊട്ടക്‍ഷൻ നിയമപ്രകാരം (PIPL) എല്ലാ ചൈനീസ് കമ്പനികളും ഉപഭോക്താക്കളുടെ വിശദാംശങ്ങൾ സർക്കാരിന് ആവശ്യപ്പെടുമ്പോൾ കൈമാറണം. നേരത്തേ ടിക്ടോക്കിനും പ്രശ്നമായത് ഈ നിയമമാണ്. ഇന്ത്യ 2020ൽ ടിക്ടോക് നിരോധിച്ചിരുന്നു. ഡീപ്സീക്കിനും ഈ നിയമം ബാധകമാണെങ്കിലും യുഎസ് അടക്കം പലരാജ്യങ്ങളിലും ഡൗൺലോഡിങ്ങിൽ ഡീപ്സീക് മുൻപന്തിയിൽ ഇടംപിടിച്ചുകഴിഞ്ഞു.

ഇന്ത്യയിലെ ഡീപ്സീക് ഡൗൺലോഡ് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡീപ്സീക്കുമായുള്ള ചാറ്റുകൾ, പങ്കിടുന്ന വ്യക്തിഗത വിവരങ്ങൾ, ഉപഭോക്താവ് ഉപയോഗിക്കുന്ന ഡിവൈസിന്റെ വിവരങ്ങൾ, ഓപ്പറേറ്റിങ് സിസ്റ്റം, ഐപി അഡ്രസ്, പണമിടപാടു വിവരങ്ങൾ തുടങ്ങിയവയെല്ലാം ഡീപ്സീക് ശേഖരിക്കുകയും ചൈനയിലെ സെർവറിൽ സൂക്ഷിക്കുകയും ചെയ്യും. ഉപഭോക്താവിന്റെ ഓൺലൈൻ ആക്ടിവിറ്റികൾ മനസ്സിലാക്കാൻ ഇതിലൂടെ കമ്പനിക്ക് കഴിയും. ഈ വിവരങ്ങൾ ‘പരസ്യ’ താൽപര്യത്തിനും കമ്പനിക്കു ഉപയോഗിക്കാനാകും.
ഓഹരികൾ തകർന്നു, കീശ ചോർന്നു
യുഎസ് ഓഹരി വിപണിയായ നാസ്ഡാക് ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള സൂചികയാണ്. ഡീപ്സീക്കിന് പ്രചാരവും പ്രിയവുമേറുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് തിങ്കളാഴ്ച നാസ്ഡാക് 3.1% ഇടിഞ്ഞു. ഒറ്റദിവസം നിക്ഷേപക സമ്പത്തിൽ നിന്ന് ഒലിച്ചുപോയത് ഒരു ട്രില്യൻ ഡോളർ. യുഎസ് സെമികണ്ടക്ടർ (ചിപ്) നിർമാതാക്കളായ എൻവിഡിയയുടെ (Nvidia) ഓഹരി 17% ഇടിഞ്ഞു. വിപണിമൂല്യത്തിൽ നഷ്ടമായത് 59,300 കോടി ഡോളർ; ഇതു റെക്കോർഡ് തകർച്ചയാണ്. മറ്റ് ടെക് കമ്പനികളുടെ ഓഹരികളും കൂപ്പുകുത്തി. എൻവിഡിയ സഹസ്ഥാപകൻ ജെൻസൻ ഹുവാങ്ങിന്റെ ആസ്തിയിൽ നിന്നടക്കം ചോർന്നതും ശതകോടികൾ.
എന്തുകൊണ്ട് ടെക് ഓഹരികൾ ഇടിഞ്ഞത്?
എഐ എന്നത് അത്ര ചെലവുള്ള കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഡീപ്സീക്. എഐ മേഖലയിൽ ഇത്രകാലം എൻവിഡിയയും മൈറ്റയും ഗൂഗിളും ഉൾപ്പെടെയുള്ള യുഎസ് കമ്പനികൾ പുലർത്തിയിരുന്ന അപ്രമാദിത്തം കടപുഴകുകയാണെന്ന വിലയിരുത്തലും ശക്തമായതോടെ ഈ കമ്പനികളുടെ ഓഹരികൾ ഉലഞ്ഞു.

എഐയുടെ വികസനത്തിനായി ശതകോടികൾ ചെലവിടുന്ന കമ്പനികൾക്ക് ആ പദ്ധതികളിൽ നിന്ന് സമീപഭാവിയിൽ തന്നെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. എന്നാൽ, ഡീപ്സീക് പോലുള്ള മാതൃകകളിലൂടെ നിക്ഷേപത്തിൽ നിന്ന് നേട്ടം (റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ്) കൈവരിക്കാമെന്ന് ഇപ്പോൾ കമ്പനികൾ കരുതുന്നു. ഫലത്തിൽ, എഐയ്ക്കായി വൻതുക ചെലവിടാനുള്ള തീരുമാനം കമ്പനികൾ വെട്ടിക്കുറയ്ക്കും. ഇതും ഓഹരികളെ സ്വാധീനിച്ചു.
എൻവിഡിയയുടെ വിലകുറഞ്ഞ എച്ച്800 ചിപ് ഉപയോഗിച്ചാണ് ഡീപ്സീക് വികസിപ്പിച്ചിരിക്കുന്നത്. മറ്റു കമ്പനികൾ എൻവിഡിയയുടെ അതിനൂതനവും വിലയേറിയതുമായ ചിപ് ഉപയോഗിക്കുമ്പോഴാണിത്. ഓപ്പൺഎഐ, മെറ്റ തുടങ്ങിയവ ഹാർഡ്‍വെയറിൽ ശതകോടികൾ ചെലവിടുന്നതിനേക്കാൾ വളരെക്കുറച്ച് തുക മാത്രം ചെലവിട്ട് ഡീപ്സീക് എഐ വികസിപ്പിച്ചു.

നിലവിലെ എഐ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ആണ് എൻവിഡിയ. വിലകുറഞ്ഞ ചിപ് വൻതോതിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങിയാൽ എൻവിഡിയയുടെ ഈ പെരുമ മങ്ങും. ചൈനയിലേക്ക് ഉൾപ്പെടെയുള്ള എൻവിഡിയയുടെ അതിനൂതന ചിപ്പുകളുടെ കയറ്റുമതിയും ഇടിയും.
ഇന്ത്യക്ക് സുവർണാവസരം
ഡീപ്സീക് ഇന്ത്യക്ക് മുന്നിൽവയ്ക്കുന്നതും സുവർണാവസരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശതകോടികൾ ചെലവിടാതെ തന്നെ, അതിനൂതന എഐ പ്ലാറ്റ്ഫോമുകൾ സജ്ജമാക്കാനാകുമെന്നതാണ് നേട്ടം. ഇതിനുപക്ഷേ, നിക്ഷേപകരും സർക്കാരും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് ക്യാപിറ്റൽമൈൻഡ് സിഇഒ ദീപക് ഷേണായ് അഭിപ്രായപ്പെടുന്നു.
ഡീപ്സീക്കിന്റെ പ്രവർത്തനമാതൃകയെ പ്രകീർത്തിച്ച് ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാനും രംഗത്തെത്തിയിരുന്നു. ഓപ്പൺഎഐ 10 വർഷം മുമ്പാണ് സ്ഥാപിച്ചത്. 4,500ലേറെ ജീവനക്കാരുണ്ട്. ഇതിനകം 660 കോടി ഡോളറോളം മൂലധനം സമാഹരിച്ചു. രണ്ടുവർഷം മുമ്പ് മാത്രം സ്ഥാപിച്ച ഡീപ്സീക്കിനുള്ളത് വെറും 200 ജീവനക്കാർ. പ്രവർത്തനച്ചെലവ് വെറും ഒരു കോടി ഡോളറിനും താഴെ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business