ഭൂമി കൈവശമുള്ളവർക്ക് പട്ടയ നടപടികൾ വേഗത്തിലാക്കും: കലക്ടർ

Mail This Article
ഭീമനടി ∙പട്ടയം ലഭിക്കാത്ത കൈവശ ഭൂമിക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. പെരുമ്പട്ട ജിഎൽപി സ്കൂൾ, വാഴപ്പള്ളി, ചട്ടമല, കൂരാംകുണ്ട് അങ്കണവാടികൾ എന്നിവയ്ക്ക് പുതിയ കെട്ടിടം അനുവദിക്കുക, ചീമേനി ഓടക്കൊല്ലി റോഡ് പ്രവൃത്തിയുടെ ഭാഗമായി മണ്ണെടുത്തപ്പോൾ ഭൂനിരപ്പിൽ നിന്ന് ഉയരത്തിലായ പെരളം അങ്കണവാടിക്ക് സംരക്ഷണഭിത്തി നിർമിക്കുക, ചീമേനി-ഓടക്കൊല്ലി- ചിറ്റാരിക്കാൽ-നർക്കിലക്കാട്- ഭീമനടി റോഡ് പ്രവൃത്തി വേഗത്തിലാക്കുക, ചെമ്മരംകയം- അമ്പേച്ചാൽ- കമ്പല്ലൂർ, അതിരുമാവ്-ജാതിമൂപ്പ് റോഡിന് വനംവകുപ്പിന്റെ അനുമതി വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പഞ്ചായത്ത് ഭരണസമിതി ഉന്നയിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടർ ദിലീപ് കെ.കൈനിക്കര, വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിൽ, സെക്രട്ടറി സി.കെ.പങ്കജാക്ഷൻ, സ്ഥിരസമിതി അധ്യക്ഷൻമാരായ ടി.മോളിക്കുട്ടി പോൾ, കെ.കെ.തങ്കച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.ടി.ജോസ്, ടി.വി.രാജീവൻ, ലില്ലിക്കുട്ടി, ടി.എ.ജെയിംസ്, സി.പി.സുരേശൻ, മുഹമ്മദ് ഷെരീഫ് വാഴപ്പള്ളി, എം.വി.ലിജിന, റൈഹാനത്ത്, എസ്ടി പ്രമോട്ടർ രതീഷ് എന്നിവർ പ്രസംഗിച്ചു.