തീരദേശ റോഡ് ബലപ്പെടുത്തുൽ: മണ്ണിടിഞ്ഞ് ഒരു വശം തകർന്നു; ഗതാഗതം താൽക്കാലികമായി നിർത്തി

Mail This Article
ഇരവിപുരം∙ തീരദേശ റോഡ് ബലപ്പെടുത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തീരദേശ റോഡിന്റെ ഒരു വശത്തെ മണ്ണു ഇടിഞ്ഞ് ഇറങ്ങിയതോടെ റോഡിന്റെ ഒരു വശം തകർന്നു. ഇരവിപുരം കാക്കത്തോപ്പു ഭാഗത്താണ് റോഡ് തകർന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തി നിർമിച്ച് ഫില്ലിങ് നടത്തി റോഡ് പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചു.
റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തി. കടലാക്രമണത്തെ തുടർന്ന് റോഡിന്റെ വശങ്ങൾ തകർന്ന കാക്കത്തോപ്പ്, ഗാർഫിൽ, വേളാങ്കണ്ണി കുരിശടി എന്നീ ഭാഗങ്ങളിലാണ് റോഡ് ബലപ്പെടുത്തുന്നതിനു സംരക്ഷണ ഭിത്തിയുടെ നിർമാണം ആരംഭിച്ചത്.ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല. ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച ശേഷം അതിന് ചുറ്റും ഇരുമ്പ് വലയിട്ടു പാറ നിറച്ചാണു സംരക്ഷണ ഭിത്തി നിർമിക്കുന്നത്.
നടപ്പാത ഉൾപ്പെടെ 8 മീറ്റർ വീതിയുള്ള റോഡാണ് നിർമിക്കുന്നത്. റോഡിന് അഞ്ചര മീറ്റർ വീതി ലഭ്യമാകാതെ വന്ന ഭാഗങ്ങൾ ഗാബിയോൺ സംരക്ഷണ ഭിത്തി നിർമിച്ചു വീതി കൂട്ടും.കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പാലം വരെയുള്ള 2500 മീറ്റർ നീളത്തിലുള്ള തീരദേശ റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. റോഡ് ബലപ്പെടുത്തിക്കഴിഞ്ഞാൽ ആധുനിക രീതിയിൽ ടാറിങ് നടത്തും. പുലിമുട്ടുകൾ സ്ഥാപിച്ചതോടെ ഇരവിപുരം മേഖലയിൽ കടലാക്രമണവും തീരം ഇടിയുന്നതും കുറഞ്ഞിട്ടുണ്ട്.