ആശ്രാമം ആൾക്കടലാകും: പൂരം പൊടിപാറും; കൊല്ലം പൂരത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Mail This Article
കൊല്ലം ∙ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 15 നു നടക്കുന്ന കൊല്ലം പൂരത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇന്നു തിരുവാഭരണ ഘോഷയാത്ര. നാളെ വിഷുക്കണിയും വിഷു സദ്യയും പള്ളിവേട്ടയും.കുടമാറ്റത്തിൽ മുഖാമുഖം നിൽക്കുന്ന പുതിയകാവ് ക്ഷേത്രവും താമരക്കുളം മഹാഗണപതി ക്ഷേത്രവും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു, ഡോ.ബി.ആർ അംബേദ്കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ, റോക്കറ്റ്, മയിൽ, വിടർന്ന താമരപ്പൂവിൽ സരസ്വതി, നെടുംകുതിരകൾ തുടങ്ങി 17 ഇനങ്ങൾ പുതിയകാവ് കുടമാറ്റത്തിനായി ഒരുക്കുന്നുണ്ട്. 31 അടി വീതം ഉയരമുള്ള 2 നെടുംകുതിരകളെ പിന്നിൽ നിർത്തിയാണ് താമരക്കുളം കുടമാറ്റം നടത്തുന്നത്. ശിവൻ, ഭരതനാട്യം തുടങ്ങി ഒട്ടേറെ രൂപങ്ങൾ ദൃശ്യവിരുന്ന് ഒരുക്കും.

പൂരം സാംസ്കാരിക സമ്മേളനം വൈകിട്ട് 6ന് ആശ്രാമം മൈതാനത്ത് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഡോ.ബി.രവിപിള്ള ഭദ്രദീപം തെളിക്കും. മന്ത്രി ജെ.ചിഞ്ചുറാണി ആദരിക്കൽ നടത്തും. എക്സിബിഷൻ ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ, മേയർ ഹണി ബെഞ്ചമിൻ, രമേശ് ചെന്നിത്തല, എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.മുകേഷ് എംഎൽഎ, എൻ.നൗഷാദ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. കൊല്ലം പൂരത്തിന്റെ വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് ഇന്ന് 11നു കലക്ടറുടെ ചേംബറിൽ ഹിയറിങ് നടക്കും. കലക്ടർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. കലക്ടർ തീരുമാനം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഹിയറിങ്.

തിരുവാഭരണ ഘോഷയാത്ര ഇന്ന്
ഗജവീരന്മാരുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ഇന്നു വൈകിട്ട് 4ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. താലപ്പൊലി, വാദ്യമേളങ്ങൾ, തെയ്യം, നിലക്കാവടി, പൂക്കാവടി, മയൂര നൃത്തം, മാൻപേട നൃത്തം, കരകാട്ടം, തായമ്പക, കഥകളി വേഷങ്ങൾ, നെയ്യാണ്ടി മേളം, നിശ്ചലദൃശ്യങ്ങൾ, വേലകളി തുടങ്ങിയവ തിരുവാഭരണ ഘോഷയാത്രയ്ക്ക് ആനന്ദലഹരി പകരും. താലൂക്ക് കച്ചേരി ജംക്‌ഷൻ, ചാമക്കട, മെയിൻ റോഡ്, ചിന്നക്കട, പുള്ളിക്കട, മുനീശ്വരൻ കോവിൽ, കുറവൻ പാലം, ശങ്കേഴ്സ് ആശുപത്രി ജംക്‌ഷൻ, കടപ്പാക്കട, കൊച്ചമ്പലം, ആറാട്ടുകുളം വഴി രാത്രി 12നു തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. വഴിയിലുടനീളം ഭക്തർ വിളക്കു വച്ചു വരവേൽപു നൽകും.
കാഴ്ച വിസ്മയം തീർക്കാൻ കുടമാറ്റം
താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും ആശ്രാമം മൈതാനത്ത് മുഖാമുഖം നിന്നു നടത്തുന്ന കുടമാറ്റം കാണാൻ പതിനായിരങ്ങളാകും ഒഴുകിയെത്തുക. മറ്റു പൂരങ്ങളിൽ നിന്നു വ്യത്യസ്തമായി, മുത്തുക്കുടകളോടൊപ്പം ഒട്ടേറെ കലാരൂപങ്ങളും നിശ്ചല ദൃശ്യവും ആനപ്പുറത്ത് കാഴ്ചവിസ്മയം തീർക്കുന്നതാണു കൊല്ലം പൂരത്തിന്റെ പ്രത്യേകത.
ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കുടമാറ്റം നടത്തിയ ശേഷമാണ് മൈതാനത്ത് കുടമാറ്റവും പൂരവും. ക്ഷേത്രത്തിൽ കൊടിയിറക്കിയ ശേഷം ആറാട്ടു പുറപ്പെടുന്നതിന് ഭഗവാൻ എഴുന്നള്ളി നിൽക്കുമ്പോഴാണ് തിരുമുന്നിൽ കുടമാറ്റം. ഇത്തവണ 5 ആനപ്പുറത്ത് 3 സെറ്റ് വീതമാണ് തിരുമുന്നിലെ കുടമാറ്റം. ആറാട്ട് പുറപ്പെടുന്നതിന് മുൻപേ പുതിയകാവ് ഭഗവതിയുടേയും താമരക്കുളം മഹാഗണപതിയുടേയും തിടമ്പേറ്റിയ ഗജവീരന്മാർ ക്ഷേത്രത്തിൽ എത്തും.
തിരുമുന്നിലെ കുടമാറ്റത്തിനു ശേഷം ആറാട്ടു പുറപ്പെടും. ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന ഗജവീരൻ ആറാട്ടു കുളത്തിൽ നിലയുറപ്പിക്കും. മറ്റു ഗജവീരന്മാർ ആശ്രാമം മൈതാനത്തേക്ക് നീങ്ങും. തുടർന്നു സാംസ്കാരിക സമ്മേളനത്തോടെ പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും മുഖാമുഖം നിന്നു കുടമാറ്റം തുടങ്ങും. കുടമാറ്റത്തിനു ശേഷം ചിന്നക്കട റൗണ്ടിൽ എത്തി ഉപചാരം ചൊല്ലി പിരിയും.
വിഷുക്കണി നാളെ
ശ്രീകൃഷ്ണ സന്നിധിയിലേക്ക് ആയിരങ്ങളാകും നാളെ വിഷുക്കണി ദർശനത്തിന് എത്തിച്ചേരുക. പുലർച്ചെ 4നു വിഷുക്കണി ആരംഭിക്കും. 5നു കണിവേല. നാളെ പകൽ മുഴുവൻ ക്ഷേത്രത്തിൽ കലാപരിപാടികൾ നടക്കും, രാവിലെ 6 നു ഭക്തിഗാനമഞ്ജരി, 7.45നും 9.45നും ഭക്തിഗാനമേളകൾ, 11നു സംഗീതസദസ്സ്, 12.30നു ഭക്തിഗാനമേള, 1.45 നു ഗീതാഞ്ജലി , 2.44 നു ഭക്തിഗാനമേള, 3.45ന് ഓട്ടൻതുള്ളൽ, 4.45നു ഇന്ദ്രോത്സവം– നൃത്തപരിപാടി, 5.45നു സോപാന സംഗീതം 5.45നു തിരുമുന്നിൽ വേല, 6 നു നൃത്തം, 6.30നു നാദസ്വരക്കച്ചേരി, 7നു നൃത്തം, 8.30 നു ഗസൽ സംഗീതം എന്നിവയാണു കലാപരിപാടികൾ. രാവിലെ 10.30നു വിഷു സദ്യ തുടങ്ങും. രാത്രി 12നു പള്ളിവേട്ട.
കുടമാറ്റത്തിൽ 11 ഗജവീരന്മാർ വീതം
പൂരത്തിന് 27 ആനകൾ എത്തുമെങ്കിലും ആശ്രാമം മൈതാനത്ത് നടക്കുന്ന കുടമാറ്റത്തിൽ 11 ഗജവീരന്മാർ വീതമാണ് അണി നിരക്കുക. തൃക്കടവൂർ ശിവരാജു ആണ് ആശ്രാമം ക്ഷേത്രത്തിലെ തിടമ്പേറ്റുക. താമരക്കുളം മഹാഗണപതിയുടെ തിടമ്പ് ഏറ്റുന്നത് ആമ്പാടി ബാലൻ എന്ന ഗജവീരൻ.
വലത്തേക്കൂട്ട് –വേമ്പനാട് അർജുൻ, ഗുരുജി ശിവനാരായണൻ, പരിമണം വിഷ്ണു, താമരക്കുടി വിജയൻ, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ. ഇടത്തേക്കൂട്ട്– അമ്പാടി മഹാദേവൻ, ചിറക്കര ദേവനാരായണൻ, വേണാട് ആദികേശവൻ, ചിറക്കാട്ട് നീലകണ്ഠൻ, പുതുപ്പള്ളി ഗണേശൻ.
പുത്തൻകുളം അർജുൻ ആണ് പുതിയകാവ ക്ഷേത്രത്തിന്റെ തിടമ്പ് ഏറ്റുന്നത്. വലത്തേക്കൂട്ട്– പുത്തൻകുളം അനന്തപത്മനാഭൻ, പുത്തൻകുളം മോദി, പുത്തൻകുളം കേശവൻ, പനയ്ക്കൽ നന്ദൻ, പനയ്ക്കൽ നീലകണ്ഠൻ. ഇടത്തേക്കൂട്ട്– കാണവിള ശിവനാരായണൻ, പുത്തൻകുളം വിക്രം, പ്ലാക്കാട് കണ്ണൻ, ഉണ്ണിമങ്ങാട് ഗണപതി, ഉണ്ണിമങ്ങാട് കണ്ണൻ. ആനകളുടെ കാര്യത്തിൽ നേരിയ മാറ്റം വന്നേക്കാം.
മേളപ്പെരുമ
ജില്ലയിലെ ഏറ്റവും വലിയ മേളപ്പെരുമയാണ് കൊല്ലം പൂരത്തിന്റെ ഭാഗമായി നടക്കുക. മേള പ്രമാണിമാരായ കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാരുടെയും തൃക്കടവൂർ അഖിലിന്റെയും നേതൃത്വത്തിൽ 200 കലാകാരന്മാർ ചേർന്നാണു ക്ഷേത്രത്തിനു മുന്നിൽ ആൽത്തറമേളം നടത്തുന്നത്. ആശ്രാമം മൈതാനത്തു നടക്കുന്ന കുടമാറ്റത്തിൽ ഇവരെ ഇരുഭാഗത്തുമായി നിരന്നു മേളവിസ്മയം ഒരുക്കും.
ചെറുപൂരങ്ങൾ
വിവിധ ക്ഷേത്രങ്ങളിൽ നിന്ന് രാവിലെ ആരംഭിക്കുന്ന ചെറുപൂരങ്ങൾ സംഗമിച്ചാണ് ക്ഷേത്രത്തിലും ആശ്രാമം മൈതാനത്തും കുടമാറ്റവും കൊല്ലം പൂരവും ആയി നിറയുന്നത്. ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, കോയിക്കൽ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം, തുമ്പറ ഭദ്രാ– ദുർഗാ ദേവി ക്ഷേത്രം, ഉളിയക്കോവിൽ ദുർഗാ ദേവി ക്ഷേത്രം, കണ്ണമത്ത് ഭദ്രാദേവി ക്ഷേത്രം,, കടപ്പാക്കട ധർമശാസ്താ ക്ഷേത്രം, ശ്രീനാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രം, ശങ്കര കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, പടിഞ്ഞാറേ പുതുപ്പള്ളി മാടൻ ക്ഷേത്രം, ആശ്രാമം മുനീശ്വരൻ കോവിൽ, കുന്നിൽ കാവിൽ ശ്രീദേവി ക്ഷേത്രം, ആശ്രാമം മാരിയമ്മൻ ക്ഷേത്രം, ശെൽവ ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ചെറുപൂരങ്ങൾ.
നീരാട്ടും ആനയൂട്ടും
ചെറുപൂരങ്ങൾ എത്തിച്ചേരുന്നതോടെ ആന നീരാട്ട് ആരംഭിക്കും. ഇതിന് ക്ഷേത്രവളപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആന നീരാട്ട് കാണാൻ ഒട്ടേറെപ്പേർ എത്തിച്ചേരും. നീരാട്ടിനു ശേഷം ക്ഷേത്രത്തിനു മുന്നിൽ ആനയൂട്ട് നടക്കും.