അഴിയാക്കുരുക്കുകൾ, അപകടക്കെണികൾ...

Mail This Article
കല്ലറ ∙ കുമരകം–കമ്പം മിനി ഹൈവേയുടെ ഭാഗമായ കല്ലറ ടൗണിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു ടിപ്പറുകളും ടോറസുകളും പുലർച്ചെ മുതൽ മണ്ണും കല്ലും ലോഡുകളുമായി പോകുന്നതു കല്ലറ ടൗണിലെ ഇടുങ്ങിയ റോഡിലൂടെയാണ്. ഇതുമൂലം ടൗണിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.
മിനിറ്റുകൾ ഇടവിട്ടു പാഞ്ഞെത്തുന്ന ടിപ്പറുകളും ടോറസ് ലോറികളും മറ്റു വാഹനങ്ങളെ അപകടത്തിൽ പെടുത്തുകയാണ്. സമീപമുള്ള സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ കൂടി കല്ലറ ടൗണിൽ എത്തുന്നതോടെ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. റോഡിലേക്കു തള്ളിനിൽക്കുന്ന കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഗതാഗതക്കുരുക്കു കൂട്ടുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രം വേണം
∙ മിനി ഹൈവേയുടെ ഭാഗമാണെങ്കിലും കല്ലറ ടൗണിൽ ബസ് കാത്തിരിപ്പു കേന്ദ്രം പോലുമില്ല. നീണ്ടൂർ ഭാഗത്തേക്കും മുട്ടുചിറ ഭാഗത്തേക്കും ചേർത്തല ഭാഗത്തേക്കും യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതു കടത്തിണ്ണകളിലാണ്. മഴ പെയ്താൽ കടത്തിണ്ണയിൽ നിന്ന് മഴ നനയുകയേ യാത്രക്കാർക്കു വഴിയുള്ളൂ.

റോഡിലും ടൗണിൽ മുൻപു വാഹനനിയന്ത്രണത്തിനു പൊലീസിന്റെ സേവനം ലഭിച്ചിരുന്നു. ഇപ്പോൾ കാര്യമായ സംവിധാനങ്ങളില്ല. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾക്കിടയിലൂടെ യാത്രക്കാരും വിദ്യാർഥികളും ഏറെ കഷ്ടപ്പെട്ടാണു റോഡ് കുറുകെ കടക്കുന്നത്. ഇവിടെ സീബ്രാ ലൈൻ പോലും വരച്ചിട്ടില്ല. റോഡുകൾ തകർന്നുകിടക്കുന്നു.
റോഡുകളിൽ നിറയെ കുഴികൾ
∙ കമ്പം–ചേർത്തല മിനി ഹൈവേ എന്നാണു റോഡിന്റെ പേരെങ്കിലും കല്ലറയുടെ ഹൃദയഭാഗത്തു കൂടി കടന്നുപോകുന്ന ഈ റോഡിന്റെ പല ഭാഗവും തകർന്നുകിടക്കുകയാണ്. കല്ലറ എസ്ബിഐ ജംക്‌ഷനിലും ചൂരക്കുഴി ഭാഗത്തും മാസങ്ങളായി റോഡ് തകർന്ന് വലിയ കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ താൽക്കാലികമായി അറ്റകുറ്റപ്പണികളാണു പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തുന്നത്.
ടിപ്പറുകളുടെയും ടോറസുകളുടെയും തുടർച്ചയായ ഓട്ടം മൂലം റോഡ് പതിവായി തകരുകയാണ്. ഈ ഭാഗങ്ങളിൽ റോഡിൽ ടൈൽ വിരിച്ചാലേ റോഡ് തകരുന്നത് ഒഴിവാക്കാൻ കഴിയൂ. എന്നാൽ ഇതിനുള്ള പദ്ധതി അധികൃതർക്കു സമർപ്പിച്ചിരിക്കുകയാണ് എന്നാണു പൊതുമരാമത്ത് അധികൃതർ പറയുന്നത്.

ടിപ്പറുകളുടെയും ടോറസുകളുടെയും ഓട്ടം അപകടകരം
∙ കല്ലറ–വെച്ചൂർ റോഡിലൂടെ പുലർച്ചെ 4 മുതൽ ടിപ്പറുകളും ടോറസുകളും ലോഡുമായി ഓട്ടം തുടങ്ങും. അമിത വേഗത്തിലാണു ലോറികളുടെ ഓട്ടം. ടിപ്പറുകളും ടോറസുകളും ഇടിച്ച് ഒട്ടേറെ പേരാണു കല്ലറയിലെ റോഡുകളിൽ മരിച്ചത്. കളമ്പുകാട് ജംക്‌ഷനിൽ അടുത്ത കാലത്തു ടോറസ് ലോറി ഇടിച്ചു മാൻവെട്ടം സ്വദേശികളായ സ്കൂട്ടർ യാത്രക്കാരായ 2 യുവാക്കൾ മരിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ പൊലീസും വാഹന വകുപ്പ് അധികൃതരും റോഡിൽ പരിശോധനയ്ക്ക് എത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇപ്പോൾ ടിപ്പറുകളുടെയും ടോറസുകളുടെയും ഓട്ടം തോന്നുംപടിയാണ്. ടിപ്പറുകളുടെയും ടോറസ് ലോറികളുടെയും അനിയന്ത്രിതമായ ഓട്ടം മൂലം പ്രദേശവാസികളായ പ്രഭാതനടത്തക്കാർ പോലും റോഡ് ഉപേക്ഷിച്ചു.
ഫണ്ട് അനുവദിച്ച റോഡുകളിലും പണികൾ മുടങ്ങി
∙ 4 മാസം മുൻപു കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ദേശസേവിനി- നീരൊഴുക്കൽപടി– തറയിൽതാഴം റോഡിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്. രണ്ടര വർഷം മുൻപാണു മുഖ്യമന്ത്രിയുടെ പ്രളയ പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ കല്ലറയിലെ ഈ റോഡിന് അനുവദിച്ചത്.
4 മാസം മുൻപ് ആഘോഷമായി ഉദ്ഘാടനം നടത്തി. പിന്നീട് റോഡിന്റെ ചില ഭാഗത്ത് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി മാത്രമാണു നടന്നത്. തകർന്ന റോഡിലൂടെ കാൽനട പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. പൊടിശല്യം മൂലം പരിസരവാസികൾ ബുദ്ധിമുട്ടുകയും ചെയ്യുന്നു.