ഓരുമുട്ട് സ്ഥാപിച്ചില്ല ഓരുവെള്ള ഭീഷണിയിൽ നെൽ കർഷകർ

Mail This Article
വൈക്കം ∙ പാടത്ത് ഓരുവെള്ളം കയറുന്നതു കർഷകർക്ക് ഭീഷണിയാകുന്നു. തലയാഴം, ടിവിപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഓരുമുട്ട് സ്ഥാപിക്കാത്തതാണ് കാരണം. ഡിസംബർ 15ഓടെ സ്ഥാപിക്കാറുണ്ടായിരുന്ന ഓരുമുട്ട് ജനുവരി പകുതിയായിട്ടും സ്ഥാപിക്കാത്തതിനെതിരെ കർഷകരുടെ പ്രതിഷേധം ശക്തമായി. തലയാഴം പഞ്ചായത്തിലെ മുണ്ടാർ 3, 5, 7, ബ്ലോക്ക്, ടിവിപുരം പഞ്ചായത്തിലെ ചേരിക്കൽ പാടശേഖരം എന്നിവിടങ്ങളിലെ കർഷകർക്കാണ് ഓരുവെള്ളം ഏറെ ഭീഷണിയായത്.വട്ടക്കരി പാടശേഖരത്തിൽ വെള്ളരി, ചീര തുടങ്ങിയ പച്ചക്കറിക്കൃഷിക്കും ഇതു വലിയ ഭീഷണിയായി. ബാങ്ക് വായ്പയെടുത്തും പലിശയ്ക്കു പണം വാങ്ങിയുമാണ് മിക്ക കർഷകരും കൃഷി നടത്തുന്നത്. പകുതി വളർച്ചയെത്തിയ നെൽച്ചെടികൾ ഓരുവെള്ളം കയറി നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. പൊതുവേ ഈ പ്രദേശങ്ങളിൽ വിളവെടുപ്പ് കാലത്ത് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മില്ലുടമകൾ താരക്കിഴിവ് കൂടുതൽ ആവശ്യപ്പെടും. ഓരുവെള്ളം കയറിയാൽ കൂടുതൽ കിഴിവ് ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കർഷകർ പറഞ്ഞു.
രേഷ്മ ഗോപി കൃഷി ഓഫിസർ തലയാഴം.
ഓരുമുട്ട് സ്ഥാപിക്കുന്നതു സംബന്ധിച്ച് പഞ്ചായത്തിന് കത്തു നൽകിയിരുന്നു. നടപടി സ്വീകരിക്കാമെന്നാണ് പഞ്ചായത്ത് അറിയിച്ചത്.