ADVERTISEMENT

കുറവിലങ്ങാട് ∙ ചരിത്രനേട്ടം തിളങ്ങുന്ന സമയത്തു ചന്ദ്രയാൻ–3 മാതൃക നിർമിച്ചു രാജ്യത്തിനു സമർപ്പിക്കുകയാണ് ഉഴവൂർ കൈപ്പാറേട്ട് കെ.യു. ഏബ്രഹാം. ഒരു ലക്ഷത്തോളം രൂപ മുടക്കിയാണു റോക്കറ്റും വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടെ നിർമിച്ചത്. ഇതിനൊപ്പം ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട മാതൃകയും നിർമിച്ചു. ഉഴവൂർ–ഇടക്കോലി റോഡിലൂടെ സഞ്ചരിക്കുമ്പോൾ വീടിനു മുന്നിൽ ഐഎസ്ആർഒ, ഇന്ത്യ എന്നെഴുതിയ റോക്കറ്റിന്റെ മാതൃക കാണാം.

ചന്ദ്രയാൻ 3 വഹിച്ചു പറന്നുയർന്ന റോക്കറ്റിന്റെ അതേ രൂപം. കവാടം കടന്നു വീട്ടുമുറ്റത്തു എത്തിയാൽ ചന്ദ്രയാൻ പേടകവും ലാൻഡറും റോവറും ഒക്കെ കൺമുന്നിൽ കാണാം. ചന്ദ്രയാൻ 3 വിക്ഷേപണം നടന്ന ജൂലൈ 14 മുതൽ ആരംഭിച്ചതാണ് ഏബ്രഹാമിന്റെ തയാറെടുപ്പ്. സുഹൃത്തുക്കളായ അടിമാലി സ്വദേശി ജയൻ, രാജീവ്, ഷിൻസ്, ബിജു എന്നിവർ എല്ലാ ജോലികളിലും സഹായിച്ചു. പിവിസി പൈപ്പുകൾ, കനം കുറഞ്ഞ സ്റ്റീൽ ഷീറ്റുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിച്ചാണ് ഓരോ മാതൃകയും കൃത്യമായി നിർമിച്ചത്.

മലയാളിയായ ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥിനു സമർപ്പിക്കുന്ന ചെറിയൊരു സമ്മാനം കൂടിയാണു കൈപ്പാറേട്ട് വീട്ടിലെ ചന്ദ്രയാൻ മാതൃകകൾ. ഇന്നലെ വൈകിട്ട് അമ്പിളിക്കലയിൽ രാജ്യം ചരിത്രം എഴുതിയപ്പോൾ ദിവസങ്ങൾ നീണ്ട ഏബ്രഹാമിന്റെ പരിശ്രമത്തിനു ചന്ദ്രപ്രഭ പോലെ തിളക്കം. മാതൃക നിർമാണത്തിനു 10 ദിവസത്തിലധികം സമയം എടുത്തു. മുംബൈയിൽ റെയിൽവേ മെക്കാനിക്കൽ എൻജിനീയറായിരുന്ന ഏബ്രഹാമും ഭാര്യ റിട്ട. അധ്യാപിക കത്രീനയും കോവിഡ് ലോക്ഡൗൺ സമയത്തു നാടിനായി ഒട്ടേറെ സേവനങ്ങൾ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com