നെഞ്ചുലഞ്ഞു; പക്ഷേ, കളി നെഞ്ചിലുണ്ട്
Mail This Article
കോഴിക്കോട്∙ ‘അവസാന നിമിഷം വരെ പോരാടി. കിരീടം പോയെങ്കിലും സാരമില്ല, ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ കളി മാത്രം മതി ഞങ്ങൾക്ക് ഓർത്തിരിക്കാൻ’– നൈനാംവളപ്പ് കോതിയിലെ മൈതാനത്ത് ഒരുക്കിയ ബിഗ് സ്ക്രീനിൽ കളി കണ്ട ശേഷം രാത്രിയിൽ വീട്ടിലേക്കു മടങ്ങിയ ഒരു ആരാധകന്റെ വാക്കുകളാണിത്. പെനൽറ്റി ഷൂട്ടൗട്ടിൽ തട്ടി മറ്റൊരു ഐഎസ്എൽ ഫൈനലിൽ കൂടി ബ്ലാസ്റ്റേഴ്സ് വീണപ്പോഴും നെഞ്ചോടു ചേർത്ത ടീമിനെ കൈവിടാൻ ആരാധകർ ഒരുക്കമല്ലെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു. 6 വർഷം മുൻപ് കൊച്ചിയിലെ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ കലാശ പോരാട്ടത്തിൽ എടികെയ്ക്കെതിരെ ഇതുപോലെ പെനൽറ്റിയിലാണ് ബ്ലാസ്റ്റേഴ്സ് വീണത്.
ഗോവയിലെ ഫറ്റോർഡ മൈതാനത്തു നീലനിറത്തിൽ ബ്ലാസ്റ്റേഴ്സ് ആറാടുമ്പോൾ കോഴിക്കോട്ട് മഞ്ഞയിൽ നിറഞ്ഞാടുകയായിരുന്നു ആരാധകർ. നൈനാംവളപ്പിലും എടക്കാടും പുതിയപാലത്തും കിണാശ്ശേരിയിലുമുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിഗ് സ്ക്രീനുകൾക്കു മുന്നിൽ തടിച്ചുകൂടിയത് പതിനായിരക്കണക്കിന് ആളുകളാണ്. വൈകുന്നേരം മുതൽ എല്ലായിടത്തേക്കും മഞ്ഞ ജഴ്സിയണിഞ്ഞ് ആളുകൾ ഒഴുകിയെത്തി. ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച പരിശീലകൻ വുക്കുമനോവിച്ചിന്റെ തന്ത്രങ്ങൾ കലാശപ്പോരാട്ടത്തിലും വിജയം കാണുമെന്ന് അവർ കരുതി. വൈകിട്ട് 7.30 മുതൽ കണ്ണു ചിമ്മാതെ മത്സരം കണ്ടവരുടെ ശ്വാസം പലപ്പോഴും നിലച്ചു.
തുടക്കം മുതൽ ഇരു ടീമുകളും അവസരം സൃഷ്ടിച്ച മത്സരത്തിൽ കാണികളുടെ വികാര വിക്ഷോഭങ്ങൾ മാറിമറിഞ്ഞു. 68–ാം മിനിറ്റിൽ മലയാളി താരം കെ.പി.രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയതോടെ ആരാധകരുടെ ആവേശം വാനോളമെത്തി. പിന്നീട് ഇത്തവണ കപ്പ് നമുക്ക് തന്നെയെന്ന് ഉറപ്പിച്ച നിമിഷങ്ങൾ. എന്നാൽ, 85–ാം മിനിറ്റിൽ ടവോറ ഹൈദരാബാദിനായി വല കുലുക്കിയപ്പോൾ തകർന്നുപോയത് സ്ക്രീനുകൾക്കു മുന്നിൽ കണ്ണുനട്ടിരുന്ന പതിനായിരങ്ങളാണ്. ലൂണയും വാസ്കെസുമൊക്കെ ബ്ലാസ്റ്റേഴ്സിനായി അദ്ഭുതം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
മത്സരം അധിക സമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. ഷൂട്ടൗട്ടിൽ പക്ഷേ, ബ്ലാസ്റ്റേഴ്സ് നിരാശയാണ് സമ്മാനിച്ചത്. ഹൈദരാബാദ് ഗോൾ കീപ്പറുടെ മിന്നുന്ന പ്രകടനവും നിർണായകമായി. ഒടുവിൽ ഷൂട്ടൗട്ട് 3–1ന് ജയിച്ചു കയറി ഹൈദരാബാദ് ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ ആരാധകർ കണ്ണീരിലാണ്ടു. എങ്കിലും പ്രതീക്ഷകൾ അവസാനിക്കുന്നില്ല. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. അടുത്ത സീസണിലും ഇതേ ടീമിനെ നിലനിർത്തി കപ്പടിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.