മെഡിക്കൽ കോളജിൽ തിരക്കേറുന്നു; തറയിലും കിടക്കാൻ സ്ഥലമില്ല
![kozhikode-patients-medical-college മെഡിസിൻ വാർഡുകൾക്ക് പുറത്ത് തറയിൽ കിടക്കുന്ന രോഗികൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2024/1/26/kozhikode-patients-medical-college.jpg?w=1120&h=583)
Mail This Article
കോഴിക്കോട്∙ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിച്ചതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ ഇടമില്ല, രോഗികൾ വരാന്തയിൽ തറയിൽ പായ വിരിച്ച് കിടക്കേണ്ട അവസ്ഥ. മെഡിസിൻ വാർഡുകളിലാണ് രോഗികളുടെ തിരക്ക് ക്രമാതീതം. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി, കോവിഡനന്തര അസുഖങ്ങൾ തുടങ്ങിയവയുമായി രോഗികൾ എത്തിയതോടെയാണ് 28 കട്ടിലുകൾ വീതമുള്ള 12 മെഡിസിൻ വാർഡുകൾ തികയാതെ വന്നത്. വാർഡുകൾക്ക് പുറത്തെ വരാന്ത മുതൽ, ആശുപത്രിക്കുള്ളിലേക്ക് സുരക്ഷാ ജീവനക്കാർ രോഗികളെയും കൂട്ടിരിപ്പുകാരെയും കടത്തിവിടുന്ന വഴിയിൽ വരെ രോഗികൾ കിടക്കുകയാണ്. നൂറിലേറെ രോഗികളെയാണു മെഡിസിൻ വാർഡിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത്. വരാന്തയിൽ കട്ടിലുകൾ ഇടാത്തതിനാൽ തറയിലാണ് രോഗികളെ കിടത്തുന്നത്. പനി രോഗികളെക്കൂടാതെ ഇന്നലെ ഡെങ്കിപ്പനി ബാധിച്ച് 38 പേരും എലിപ്പനി ബാധിച്ച് 30 പേരും മെഡിസിൻ വാർഡിൽ ചികിത്സയിലുണ്ട്.
![kozhikode-furnitures വരാന്തയിൽ കൂട്ടിയിട്ട ഫർണിച്ചർ സാമഗ്രികൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2024/1/26/kozhikode-furnitures.jpg)
കേടായ കട്ടിലുകൾ വരാന്തയിൽ
വാർഡുകളിൽ നിന്നു കേടുപാടുകൾ സംഭവിച്ച കട്ടിലുകൾ അറ്റകുറ്റപ്പണി നടത്താനായി മാസങ്ങളായി ആശുപത്രി വരാന്തയിൽ കൂട്ടിയിട്ടിരിക്കുകയാണ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിന് സമീപത്തെ വരാന്തയിൽ കട്ടിലുകൾ, അലമാര, വീൽ ചെയർ, മേശകൾ എന്നിവ അട്ടിയിട്ടതുമൂലം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്. ആശുപത്രി വികസന അതോറിറ്റിയുടെ കീഴിലുള്ള വർക്ക്‌ഷോപ്പിലാണ് ഇവ അറ്റകുറ്റപ്പണി നടത്തുന്നത്. ജീവനക്കാർ കുറവുള്ള വർക്ക്‌ഷോപ്പിൽ പണിതാലും തീരാത്തത്ര ഫർണിച്ചർ സാമഗ്രികളാണ് അറ്റകുറ്റപ്പണിക്കായി എത്തുന്നത്. വർക്ക്‌ഷോപ്പിനുള്ളിൽ സാധനങ്ങൾ തിങ്ങിനിറഞ്ഞ അവസ്ഥയാണ്. അധികമായി കൊണ്ടുവരുന്നതാണ് പുറത്ത് വരാന്തയിലേക്ക് മാറ്റിയിടുന്നത്. മെഡിക്കൽ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ സ്‌പോർട്‌സ് ഉപകരണങ്ങളും മറ്റും ഇവിടെയാണ് റിപ്പയർ ചെയ്യുന്നത്.