ദേശീയപാത നിർമാണം പരാതിയും പ്രതിഷേധവുമായി ചേലേമ്പ്രയിൽ ജനകീയ സദസ്സ്
Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ എൻഎച്ച് നിർമാണത്തെ തുടർന്ന് പരമ്പരാഗത ഗതാഗത സൗകര്യങ്ങൾ ഒന്നാകെ നഷ്ടപ്പെട്ട പ്രദേശവാസികളുടെ ആശങ്ക നാളെ ദേശീയപാതാ അതോറിറ്റി സാങ്കേതിക വിദഗ്ധർ എത്തുമ്പോൾ ബോധ്യപ്പെടുത്താൻ ഇടിമുഴിക്കൽ എഎൽപി സ്കൂളിൽ ചേർന്ന ജനകീയ സദസ്സ് തീരുമാനിച്ചു. ചേലേമ്പ്രയിൽ എൻഎച്ച് സർവീസ് റോഡ് ചിലയിടത്ത് ഉയർത്തിയും ചില സ്ഥലങ്ങളിൽ താഴ്ത്തിയും നിർമിച്ചതോടെ വഴിയടഞ്ഞ ജനവിഭാഗങ്ങൾ ഏറെയാണ്. 25 വീട്ടുകാർക്ക് ഇപ്പോൾ എൻഎച്ചിൽനിന്ന് വഴിയില്ല.
അൻപതോളം പേരുടെ സ്ഥഴത്തേക്കും എൻഎച്ച് വഴി പോകാനുള്ള വഴി തടസ്സപ്പെട്ടു. 15 സ്ഥാപനങ്ങളിലേക്കും എൻഎച്ചിനെ ആശ്രയിക്കാതെ ചുറ്റേണ്ട ദുരവസ്ഥയാണ്. പ്രദേശവാസികളിൽ ചിലർ വൈകാരികമായാണ് പ്രശ്നങ്ങൾ അവതരിപ്പിച്ചത്. എൻഎച്ച് പരിസരത്തെ സ്ഥലത്തേക്കും സ്ഥാപനങ്ങളിലേക്കും ഉടമകളുടെ ചെലവിൽ വഴിയൊരുക്കണമെന്ന നിലയ്ക്കുള്ള എൻഎച്ച് അതോറിറ്റിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്നും എൻഎച്ച് നിർമാണത്തെ തുടർന്ന് നഷ്ടപ്പെട്ട വഴി പുനഃസ്ഥാപിക്കേണ്ട ബാധ്യത അതോറിറ്റിക്ക് ആണെന്നുമാണ് ജനകീയ സദസ്സിൽ ഉയർന്ന വികാരം.
ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച സാഹചര്യത്തിൽ താൽക്കാലിക ബസ് ബേ വേണമെന്ന ആവശ്യവും ഉയർന്നു.ചേലേമ്പ്ര പഞ്ചായത്ത്– വില്ലേജ് ഓഫിസുകളിലേക്കും തിരിച്ചും റോഡ് സൗകര്യം ഉറപ്പാക്കണമെന്നും പുതിയ സ്ഥലം വഴിയുള്ള എൻഎച്ച് തുറക്കുമ്പോഴേക്കും പ്രശ്നം പരിഹരിക്കണമെന്നും എൻഎച്ച് അതോറിറ്റിയെ ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
പലയിടത്തും ഓടകൾ നീർച്ചാലായതും കിലോമീറ്ററുകൾ അകലെ നിന്നുള്ള മഴവെള്ളം ഇടുങ്ങിയ വഴികളിലേക്ക് ഒന്നിച്ച് ഒഴുക്കാതെ തോട്, പുഴ എന്നിവിടങ്ങളിലേക്ക് ഒഴുക്കി വിടാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.ഗ്രാമീണ റോഡുകൾ പലതിലേക്കും വഴിയടഞ്ഞ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
പി.അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്, ജനകീയ സമിതി ചെയർമാൻ എം.പ്രതീഷ്, കൺവീനർ സി.പി.ഷബീറലി, ഇക്ബാൽ പൈങ്ങോട്ടൂർ, ടി.പി.സമീറ, കെ.എൻ. ഉദയകുമാരി, എം.കെ.അസ്‍ലം, പി.എം.വീരാൻ കുട്ടി, ജംഷീദ നുറുദ്ദീൻ, പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.