ADVERTISEMENT

മഞ്ചേരി∙ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചു 117 പവൻ തട്ടിയെടുത്ത സംഭവം ജീവനക്കാരിലൊരാൾ ആസൂത്രണം ചെയ്ത നാടകം. സ്ഥാപനത്തിലെ ജീവനക്കാരനായ തിരൂർക്കാട് കടവത്ത് ശിവേഷ് (24) ആണു മുഖ്യ ആസൂത്രകൻ. സഹോദരൻ ബെൻസു (39), സുഹൃത്ത് വലമ്പൂർ സ്വദേശി ഷിജു (28) എന്നിവരെ കൂട്ടുചേർത്തു സ്വർണം തട്ടിയെടുക്കാൻ ശിവേഷ് ഒരുക്കിയ പദ്ധതിയായിരുന്നു കവർച്ചയെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6.30നു മലപ്പുറം–മഞ്ചേരി റോഡിൽ ഇരുമ്പുഴി കാട്ടുങ്ങലിലായിരുന്നു സംഭവം. 

ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ നിർമിച്ചു നൽകുന്ന മലപ്പുറത്തെ നിഖില ബാംഗിൾസ് എന്ന സ്ഥാപനത്തിൽ 3 മാസം മുൻപു ജോലിക്കു ചേർന്നതാണു ശിവേഷ്. മഞ്ചേരി ഭാഗത്തെ കടകളിൽ നൽകിയ ശേഷം ബാക്കിയുള്ള 117 പവനോളം സ്വർണാഭരണവുമായി ശിവേഷും സഹപ്രവർത്തകൻ സുകുമാരനും സ്കൂട്ടറിൽ മടങ്ങി വരുന്നതിനിടെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു സ്വർണം തട്ടിയെടുത്തെന്നായിരുന്നു പരാതി. കവർന്ന സ്വർണം ശിവേഷിന്റെ തിരൂർക്കാട്ടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തു. വധശ്രമവും പോക്സോയും ഉൾപ്പെടെ ശിവേഷിനെതിരെ ജില്ലയിൽ 4 കേസുകളുണ്ട്. ബെൻസു നേരത്തെ അടിപിടി കേസിൽ പ്രതിയായിട്ടുണ്ട്.

മലപ്പുറത്തു നിന്നു 3 കിലോമീറ്റർ ദൂരെയാണു കാട്ടുങ്ങൽ. നോമ്പു തുറക്കുന്ന സമയമായതിനാൽ ഈ സമയത്ത് റോഡിൽ ആളു കുറവായിരുന്നു. ശിവേഷും സുകുമാരനും ഇവിടെ സ്കൂട്ടർ നിർത്തി സമീപത്തെ കടയിലേക്കു കയറിയ സമയത്തു മഞ്ചേരി ഭാഗത്തുനിന്നു ബൈക്കിലെത്തിയ രണ്ടുപേർ സ്കൂട്ടർ ചവിട്ടിവീഴ്ത്തി കൊളുത്തിൽ തൂക്കിയിട്ടിരുന്ന ബാഗിലെ സ്വർണവുമായി കടന്നുകളഞ്ഞു എന്നായിരുന്നു പരാതി. സംഭവം ശ്രദ്ധയിൽപെട്ട, അതുവഴി ബൈക്കിൽ വരികയായിരുന്ന മുഹമ്മദ് മുൻഷീർ എന്നയാൾ അരക്കിലോമീറ്ററോളം പിന്തുടർന്നു ബൈക്കിന്റെ ഫോട്ടോയെടുത്തു പൊലീസിനു കൈമാറിയിരുന്നു. ഇതു കേസിൽ നിർണായക തെളിവായി.

ബെൻസു, ശിവേഷ്
ബെൻസു, ശിവേഷ്

മൊഴികളിൽ വൈരുധ്യം തോന്നിയതിനാൽ സംഭവം ആസൂത്രിതമാണെന്നു തുടക്കത്തിൽതന്നെ പൊലീസ് സംശയിച്ചിരുന്നു. ശിവേഷിന്റെ ക്രിമിനൽ പശ്ചാത്തലം ശ്രദ്ധയിൽപെട്ടതോടെ വിശദമായി ചോദ്യം ചെയ്തപ്പോൾ സംഭവത്തിന്റെ ചുരുളഴിഞ്ഞു. ശിവേഷിനൊപ്പമുണ്ടായിരുന്ന സുകുമാരനു സംഭവത്തിൽ പങ്കില്ലെന്നാണു പൊലീസിന്റെ നിഗമനം. മഞ്ചേരിയിൽനിന്ന് ആഭരണവുമായി തിരിക്കുന്ന വിവരം ബെൻസുവിനെ വിളിച്ചറിയിച്ചിരുന്നു. ബെൻസുവിനും ഷിജുവിനും ഒപ്പമെത്താനായി വഴിയിൽ പലയിടത്ത് സ്കൂട്ടർ നിർത്തിയാണു യാത്ര ചെയ്തത്. കവർച്ചയ്ക്കു സ്ഥലവും സമയവും നിശ്ചയിച്ചതും ശിവേഷാണെന്നു പൊലീസ് അറിയിച്ചു.

ഒറ്റ ക്ലിക്ക്; ഹീറോയായി മുൻഷിർ
∙ കേസിനു പൊലീസ് 3 മണിക്കൂർ കൊണ്ടു തുമ്പുണ്ടാക്കിയപ്പോൾ ഹീറോയായതു ഇരുമ്പുഴി സ്വദേശി എം.കെ.മുഹമ്മദ് മുൻഷിർ. സ്വർണം കവർന്ന ശേഷം ഓടിച്ചു പോയ ബൈക്കിനെ അരക്കിലോമീറ്ററോളം ദൂരം പിന്തുടർന്നു മുൻഷിർ മൊബൈലിൽ പകർത്തിയ ചിത്രമാണ് അതിവേഗം പ്രതികളിലേക്കെത്താൻ സഹായിച്ചത്. ജില്ലാ പൊലീസ് മേധാവി മുൻഷിറിനെ പ്രത്യേകം അഭിനന്ദിച്ചു. സംഭവത്തെക്കുറിച്ച് മുൻഷിർ പറയുന്നത്:‘മലപ്പുറത്തെ കടയിലാണു ജോലി ചെയ്യുന്നത്. ശനിയാഴ്ച ഒരു നോമ്പുതുറ പരിപാടിയിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോകുകയായിരുന്നു. 

ആറരയോടെ കാട്ടുങ്ങൽ പുളിയേങ്ങൽ പാലത്തിനു സമീപമെത്തിയപ്പോൾ ഒരു സ്കൂട്ടർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു. സമീപത്തെ 2 കടകൾ തുറന്നിട്ടുണ്ട്. പൊടുന്നനെ മഞ്ചേരി ഭാഗത്തു നിന്നു ബൈക്കിൽ എത്തിയ രണ്ടുപേർ സ്കൂട്ടർ മറിച്ചിട്ട്, അതിന്റെ കൊളുത്തിൽ തൂക്കിയിട്ടിരിക്കുന്ന ബാഗ് കൈക്കലാക്കിയ ശേഷം മലപ്പുറം ഭാഗത്തേക്കു വിട്ടു. സ്കൂട്ടറിനടുത്തു നിന്നയാൾ ഉറക്കെ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. എന്തോ കവർന്നതാണെന്നു മനസ്സിലായതോടെ ഞാൻ ബൈക്ക് മലപ്പുറം ഭാഗത്തേക്കു വിട്ടു. മുണ്ടുപറമ്പ് പെട്രോൾ പമ്പിനു സമീപമെത്തിയപ്പോൾ ബൈക്കിൽ പെട്രോൾ കഴിയാറായിരുന്നു. അതിനു മുൻപേ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കാണുന്നവിധം ഫോട്ടോയെടുത്തിരുന്നു.

പെട്രോൾ അടിച്ച ശേഷം ഞാൻ തിരിച്ച് ഇരുമ്പുഴിയിലേക്കു പോയി. ബൈക്കിന്റെ ഫോട്ടോ സ്കൂട്ടറിനു സമീപമുണ്ടായിരുന്ന ആൾക്കു കൈമാറാമെന്നു വിചാരിച്ചെങ്കിലും തിരിച്ചെത്തിയപ്പോൾ സ്കൂട്ടറോ അയാളെയോ അവിടെ കണ്ടില്ല. നോമ്പു തുറന്നു തിരിച്ചുവരുമ്പോൾ അവിടെ വലിയ പൊലീസ് സന്നാഹം. സ്വർണക്കവർച്ചയാണെന്നു മനസ്സിലായി. സംഭവം വിശദീകരിച്ച ശേഷം മൊബൈലിൽ എടുത്ത ഫോട്ടോ പൊലീസിനു കൈമാറി. വലിയൊരു കുറ്റകൃത്യത്തിനു തുമ്പുണ്ടാക്കാൻ ചെറിയ ഇടപെടൽ നടത്താനായതിൽ സന്തോഷം’.

കടയുടമയ്ക്കും വീഴ്ച
മഞ്ചേരി ∙ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ ചർച്ചയാകുന്നതു കടയുടമയുടെ വീഴ്ചയും. 4 ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയെ അന്വേഷണമോ പരിശോധനയോ ഇല്ലാതെ ജോലിക്കു വച്ചതു ഉടമയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നു പൊലീസ് പറയുന്നു. പൊലീസ് സ്റ്റേഷനുകളിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ സംവിധാനമുണ്ടായിരിക്കേയാണ് ഈ വീഴ്ച. വധശ്രമമുൾപ്പെടെ ജില്ലയിൽ മാത്രം 4 ഗുരുതര കേസുകളിൽ പ്രതിയാണു ശിവേഷ്. നിലവിലെ സ്ഥാപനത്തിൽ ജോലിക്കു കയറിയതു 3 മാസം മുൻപാണ്. അതിനുള്ളിൽ തന്നെ വലിയ കവർച്ച ആസൂത്രണം ചെയ്യുകയും ചെയ്തു. 70 ലക്ഷത്തോളം രൂപ വില മതിക്കുന്ന സ്വർണമാണു കവർന്നത്.

ഇത്രയും വിലപിടിപ്പുള്ള വസ്തു കൈകാര്യം ചെയ്യുന്ന വ്യക്തിയെക്കുറിച്ചു പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നതു ഗൗവരത്തോടെയാണു പൊലീസ് കാണുന്നത്. 540 രൂപ നൽകിയാൽ പൊലീസ് സ്റ്റേഷനിൽ നിന്നു ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. ജോലിക്കെടുക്കുന്ന വ്യക്തിക്കു ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവഴി അറിയാനാകും. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെ ആരെയും കടകളിൽ ജോലിക്കെടുക്കരുതെന്നു വ്യാപാരികളോടു നിർദേശിക്കുമെന്നു പൊലീസ് അറിയിച്ചു.

English Summary:

Manjeri gold robbery: A planned heist of 117 sovereigns of gold was orchestrated by an employee, leading to the arrest of three individuals. The crucial evidence provided by a bystander, M.K. Muhammad Munsheer, who photographed the robbers’ bike, significantly aided the police investigation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com