ആശ്രം മേൽപാലം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തുറന്നുനൽകി; കുരുക്കൊഴിവാക്കാൻ ഇനി ‘ആശ്ര’യിക്കാം

Mail This Article
ന്യൂഡൽഹി ∙ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആശ്രം മേൽപാലം തുറന്നുനൽകി. ഡിഎൻഡി മേൽപാലത്തിൽ നിന്ന് ആശ്രം മേൽപാലവുമായി ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായതിനെത്തുടർന്നാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യഘട്ടത്തിൽ ഭാരം കുറവുള്ള വാഹനങ്ങൾ മാത്രമാകും അനുവദിക്കുക. ‘നഗരവാസികളുടെ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. നോയിഡയിൽ നിന്നുള്ളവർക്ക് വേഗത്തിൽ എയിംസിൽ എത്തിച്ചേരാൻ സാധിക്കും’ കേജ്‍രിവാൾ പറഞ്ഞു.

ആശ്രം മേൽപാലത്തിൽ നിന്ന് 1.4 കിലോമീറ്റർ അധികമായി നിർമിച്ചാണു ഡിഎൻഡിയിലേക്കു ബന്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ 3 പ്രധാന സിഗ്‌നലുകൾ ഒഴിവാക്കി വാഹനങ്ങൾക്കു യാത്ര ചെയ്യാൻ സാധിക്കും. നോയിഡ ഭാഗത്തു നിന്നെത്തുന്നവർക്കു എയിംസ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താനാകും. ഡിഎൻഡിയിൽ നിന്നു ആശ്രം മേൽപാലത്തിലൂടെ കടന്നു റിങ് റോഡിലേക്കെത്താം. 128.95 കോടി രൂപ മുതൽമുടക്കിലാണ് 6 വരിപ്പാത നിർമിച്ചിട്ടുള്ളത്. മേൽപാലം വന്നതോടെ മഹാറാണി ബാഗ്, ഡിഎൻഡി, റിങ് റോഡ് എന്നീ പ്രധാന ട്രാഫിക് സിഗ്‌നൽ ഇടങ്ങളിലെ തിരക്കിനു വലിയ കുറവുണ്ടാകും.
സരായ് കാലെ ഖാനിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും. നോയിഡയിൽ നിന്നു സൗത്ത് ഡൽഹിയിലേക്കുള്ള യാത്രാസമയം 25 മിനിറ്റെങ്കിലും കുറയുകയും ചെയ്യും. മേൽപാലത്തിന്റെ അന്തിമഘട്ട ജോലികൾ ജനുവരി 2നാണ് ആരംഭിച്ചത്. ഇതേത്തുടർന്നു മേൽപാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. ജോലികൾ പൂർത്തിയായതിനെത്തുർന്നു കഴിഞ്ഞ മാസം 28ന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിനെത്തുടർന്നു ഇതു വൈകുകയായിരുന്നു.
ആശുപത്രികളിലേക്ക് വേഗമെത്താം
ആശ്രം മേൽപാലം സഞ്ചാരത്തിനു തുറന്നുനൽകുന്നതു നഗരവാസികൾക്ക് ഏറെ ആശ്വാസമാകും. എയിംസിലേക്കും മറ്റ് ആശുപത്രികളിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നും നിരത്തിലെ തിരക്ക് കുറയുമെന്നും ഇവർ സന്തോഷത്തോടെ പ്രതികരിക്കുന്നു. ജനുവരിയിൽ ആശ്രം മേൽപാലം അടച്ചതു മുതൽ പ്രദേശത്ത് വല്ലാത്ത തിരക്കായിരുന്നു. ‘ട്രാഫിക് സിഗ്‌നൽ അടച്ചതോടെ സരായ് കാലെ ഖാനിൽ നിന്നു യു ടേൺ എടുക്കേണ്ടിയിരുന്നു. ഇതോടെ 30 മിനിറ്റ് അധിക സമയം യാത്രയ്ക്ക് എടുത്തിരുന്നു. ഇതിനെല്ലാം പരിഹാരം കാണുമെന്നാണു കരുതുന്നത്’ സൺലൈറ്റ് കോളനി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ആനന്ദ് പറഞ്ഞു.
സൺലൈറ്റ് കോളനിയിൽ നിന്നു ന്യൂഫ്രൻഡ്സ് കോളനിയിലേക്കുള്ള വഴിയും നിർമാണത്തെ തുടർന്ന് അടച്ചിരുന്നു. ഹോളിഫാമിലി ആശുപത്രിയിലേക്കുൾപ്പെടെയുള്ള യാത്ര ഇതേത്തുടർന്നു ഏറെ പ്രയാസമായിരുന്നു. മേൽപാലം വന്നതോടെ ലജ്പത് നഗർ മാർക്കറ്റിലെ ഉൾപ്പെടെ വ്യാപാരം വർധിക്കുമെന്നാണു വിലയിരുത്തൽ. ‘മേൽപാലം അടച്ചതോടെ നോയിഡ ഭാഗങ്ങളിൽ നിന്നുള്ളവർ മാർക്കറ്റിലേക്കു വരുന്നതു കുറഞ്ഞിരുന്നു. ഗതാഗതക്കുരുക്കായിരുന്നു പ്രതിസന്ധി. ഇതെല്ലാം അവസാനിക്കുമെന്നാണു കരുതുന്നത്’ ഫെഡറേഷൻ ഓഫ് വെൽഫെയർ അസോസിയേഷൻ ഓഫ് ആശ്രം ജനറൽ സെക്രട്ടറി ജെ.പി.ഭട്ട് പറഞ്ഞു.
തിരക്ക് കുറയും; 15 വൻ പദ്ധതികൾ പുരോഗമിക്കുന്നു
ന്യൂഡൽഹി ∙ നഗരത്തിലെ തിരക്കു കുറയ്ക്കാനുള്ള 15 വലിയ പദ്ധതികൾ പലഘട്ടങ്ങളിലാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. നഗരത്തിലെ കുരുക്കിനു പരിഹാരമായി 27 മേൽപാലങ്ങളും അടിപ്പാതകളും ഇതിനോടകം തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നഗരത്തിൽ നിലവിൽ 101 മേൽപാലങ്ങളാണുള്ളത്. ഇതിൽ എഎപി സർക്കാരിന്റെ കാലത്താണ് 27 എണ്ണം നിർമിച്ചത്.
അതിനു മുൻപുള്ള 65 വർഷങ്ങളിലായി ആകെ 74 മേൽപാലങ്ങളും അടിപ്പാതകളും മാത്രമാണുണ്ടായത്’ ആശ്രം മേൽപാലം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പഞ്ചാബി ബാഗിലെ ആറുവരി മേൽപാലം ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സരായ് കാലെ ഖാനിൽ മേൽപാലം ഇരട്ടിപ്പിക്കുന്ന ജോലി ജൂലൈ 31നുള്ളിലും ആനന്ദ് വിഹാറിലെ റോഡ് നമ്പർ 56ന്റെ ജോലികൾ ഓഗസ്റ്റ് 31നുള്ളിലും പൂർത്തിയാക്കും.