വടക്കഞ്ചേരി ബസപകടം; കെഎസ്ആർടിസി ഡ്രൈവർ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി നാറ്റ്പാക്
Mail This Article
പാലക്കാട് ∙ വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന്റെ പ്രധാന കാരണമെങ്കിലും മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്നു റോഡിനു നടുവില്‍ നിർത്തിയത് ഇടിയുടെ ആഘാതം വർധിപ്പിച്ചെന്നു നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്) റിപ്പോർട്ട് പറയുന്നു. കെഎസ്ആര്‍ടിസി ബസ് വേഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്തില്ലെന്നായിരുന്നു മോട്ടര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും ഇതേ നിലപാടിലായിരുന്നു. ഇതെല്ലാം തള്ളുന്നതാണു നാറ്റ്പാക് റിപ്പോര്‍ട്ട്.
മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തില്‍ പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. മുന്നിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സിഗ്നൽ നല്‍കാതെ പെട്ടെന്നു റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയതോടെ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി. അപകടസമയത്ത് ആ വഴി കടന്നുപോയ കാറിന്റെ ഡ്രൈവിങ് വീഴ്ചയും നാറ്റ്പാക് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. കാര്‍ വലതുവശത്തെ ട്രാക്കിലൂടെയാണു പോയിരുന്നത്. സ്പീഡ് ട്രാക്കിലൂടെ മണിക്കൂറില്‍ 50 കിലോമീറ്ററിൽ താഴെ വേഗത്തിലാണു കാര്‍ സഞ്ചരിച്ചിരുന്നത്.
‘എമര്‍ജന്‍സി എക്സിറ്റ്’ സംവിധാനം ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നെങ്കിലും സൗണ്ട് ബോക്സുകള്‍, ലൈറ്റുകള്‍, വെള്ളം നിറയ്ക്കാനുള്ള കാനുകള്‍, അലങ്കാരത്തിനു വേണ്ടി ഘടിപ്പിച്ച ഇതര സംവിധാനങ്ങള്‍ എന്നിവയെല്ലാം പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. ടോള്‍ പിരിക്കുന്ന പാതയാണെങ്കിലും ദേശീയപാതയിലെ സുരക്ഷാസംവിധാനങ്ങളില്‍ പാളിച്ചയുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. സുഗമമായ ഡ്രൈവിങ്ങിനു സഹായിക്കുന്ന വരകള്‍, തെരുവുവിളക്കുകള്‍, റിഫ്ലക്ടറുകള്‍, സുരക്ഷാ മുന്നറിയിപ്പു ബോര്‍ഡുകള്‍ തുടങ്ങിയ ദേശീയപാതയില്‍ വേണ്ടത്ര ഇല്ലെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഒക്ടോബര്‍ 5ന് ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു.