കരിമ്പന സംരക്ഷണ യജ്ഞവുമായി കല്ലൂര്‍ ബാലനും സഹായികളും
Mail This Article
പത്തിരിപ്പാല ∙ ജില്ലയിൽ കരിമ്പനകളുടെ പ്രതാപകാലം തിരിച്ചുപിടിക്കാൻ പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ജില്ലയിൽ സമൃദ്ധമായി നിലനിന്നിരുന്ന കരിമ്പനകൾ ഇന്ന് ആവാസ വ്യവസ്ഥയെപ്പോലും ബാധിച്ചേക്കാവുന്ന വിധം വെല്ലുവിളി നേരിടുന്നെന്ന ചിന്തയാണ് ബാലനെയും സഹായികളെയും കരിമ്പന വച്ചുപിടിപ്പിക്കണമെന്ന ലക്ഷ്യത്തിലെത്തിച്ചത്.
മൂന്നു വർഷമായി കരിമ്പനകൾ നട്ടുപിടിപ്പിക്കുന്നുണ്ടെങ്കിലും ഈ മഴക്കാലത്തു കൂടുതൽ ശ്രദ്ധ നൽകാനാണു തീരുമാനം. കരിമ്പനയുടെ പഴം ശേഖരിച്ചു വിത്ത് ഒരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പലയിടങ്ങളിൽനിന്നു കണ്ടെത്തുന്ന പനമ്പഴം കല്ലൂര്‍ അയ്യര്‍മലയില്‍ എത്തിച്ചു വിത്തൊരുക്കുകയാണു ചെയ്യുന്നത്. പതിനായിരത്തോളം പനമ്പഴം ശേഖരിച്ചു കഴിഞ്ഞു. 5 വര്‍ഷം കൊണ്ട് 10 ലക്ഷം കരിമ്പന തൈകള്‍ നട്ടുപിടിപ്പിക്കാനാണു ശ്രമം. എറാം ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നു കല്ലൂര്‍ ബാലന്‍ പറഞ്ഞു. ഉണക്കിയെടുക്കുന്ന വിത്തുകള്‍ മഴക്കാലം തുടങ്ങുന്നതോടെ മണ്ണില്‍ കുഴിച്ചിടും. പൊതുസ്ഥലങ്ങളും പാതയോരങ്ങളിലും തൈകള്‍ നടും.
പറളി സ്കൂളിലെ വിദ്യാർഥികളായ കെ.കെ. ശിഹാബ്, കെ.എ. ഇബ്രാഹിം ബാദുഷ, പരിസ്ഥിതി പ്രവർത്തകരായ കെ.കെ.എ. റഹ്മാൻ, എം.പി. സുരേഷ് എന്നിവരാണ് സഹായത്തിനുള്ളത്.