ADVERTISEMENT

ആലത്തൂർ∙ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടക്കമുള്ള സർക്കാർ സംവിധാനം ജനങ്ങളെ തേടിയെത്തുകയാണ് പരാതി പരിഹാര അദാലത്തുകളിലൂടെയെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആലത്തൂർ താലൂക്ക് പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.പി.സുമോദ് എംഎൽഎ, ആലത്തൂർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ രജനിബാബു, ടി.കെ.ദേവദാസ്, ആലത്തൂർ, എരിമയൂർ, മേലാർകോട്, വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, കാവശ്ശേരി, തരൂർ, കുഴൽമന്ദം, തേങ്കുറുശ്ശി, കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, കുത്തന്നൂർ പഞ്ചായത്ത് അധ്യക്ഷരായ എ.ഷൈനി, എ.പ്രേമകുമാർ, ടി.വത്സല, ലിസി സുരേഷ്, കവിത മാധവൻ, കെ.എൽ.രമേഷ്, ഐ.ഹസീന, എം.സുമതി, സി.രമേഷ്കുമാർ, ഇ.രമണി, മിനി നാരായണൻ, ഭാർഗവൻ, എ.സതീഷ്, പ്രവിത മുരളീധരൻ, കേരള കുമാരി, പി.ടി.സഹദേവൻ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, റവന്യു ഡിവിഷനൽ ഓഫിസർ ഡി.അമൃതവല്ലി, എഡിഎം കെ.മണികണ്ഠൻ, അസിസ്റ്റന്റ് കലക്ടർ ടി.രഞ്ജിത്ത്, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.

താലൂക്ക് പരാതി പരിഹാര അദാലത്തിൽ ആകെ ലഭിച്ച പരാതികൾ 1369 എണ്ണം. ഓൺലൈനിലൂടെ 684 പരാതികളും ഇന്നലെ നേരിട്ട് 685 പരാതികളും ലഭിച്ചു. ഓൺലൈനിലൂടെ ലഭിച്ചവയിൽ 200 എണ്ണം പരിഹരിച്ചു. ബാക്കിയുള്ളവയ്ക്ക് സമയബന്ധിതമായി തീർപ്പു കൽപിക്കും. ഇവ തുടർ നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ലഭിച്ച പരാതികളിൽ കാലതാമസം ഇല്ലാതെ പരിഹാരമുണ്ടാകും. ഇവ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി.

ശകുന്തളാമ്മയ്ക്ക് സങ്കടമല്ല; സന്തോഷക്കണ്ണീർ

ആലത്തൂർ∙ മു‍ൻഗണനക്രമത്തിലുള്ള റേഷൻകാർഡ് കയ്യിൽ കിട്ടിയപ്പോൾ ആരോരുമില്ലാത്ത ആ വയോധികയുടെ കണ്ണ് നിറഞ്ഞു. ഇത് കണ്ട് മന്ത്രി എം.ബി.രാജേഷ് അവരെ അടുത്തു വിളിച്ച് സങ്കടകാരണമാരാഞ്ഞു. താലൂക്ക് പരാതി പരിഹാര അദാലത്തിൽ റേഷൻകാർഡ് തരം മാറ്റി കിട്ടിയതിലുള്ള സന്തോഷം കൊണ്ടാണ് അവരുടെ കണ്ണ് നിറഞ്ഞത്. പെരിങ്ങോട്ടുകുറിശ്ശി അഗ്രഹാരത്തിൽ താമസിക്കുന്ന ശകുന്തള ഭർത്താവും മക്കളും മരിച്ചതിനു ശേഷം ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവാതെ കഴിയുകയായിരുന്നു. അവരുടെ ശരീരത്തിന്റെ ഒരു വശം തളർന്നതോടെ ഏറെ ബുദ്ധിമുട്ടായി. റേഷൻ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കാർഡ് മുൻഗണനാ ക്രമത്തിലേക്ക് മാറ്റണമെന്ന പരാതിയുമായി അദാലത്തിൽ എത്തിയത്. ഉദ്യോഗസ്ഥർ ഉടൻ തന്നെ കാർഡ് മുൻഗണനാക്രമത്തിലേക്ക് മാറ്റിക്കൊടുത്തു.

രാജിതയ്ക്ക് ലഭിക്കും; മുച്ചക്ര വാഹനം

ആലത്തൂർ∙ വരുമാന മാർഗമില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്ന കാവശ്ശേരി വാവുള്ള്യാപുരം രാജിത ഒരു മുച്ചക്ര വാഹനം വേണമെന്ന ആവശ്യവുമായാണ് അദാലത്തിൽ മന്ത്രി എം.ബി.രാജേഷിനെ കാണാനായി എത്തിയത്. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ശേഷിയില്ല രാജിതയ്ക്ക്. രാജിതയുടെ ഭർത്താവിനും ഒരു കാലിന് പോളിയോ ബാധിച്ചിരുന്നു. എന്നാലും ഹോട്ടലിൽ ജോലിക്ക് പോയി കുടുംബം പോറ്റിയിരുന്നു. ഇതിനിടയിലാണ് കുടലിന് രോഗം ബാധിച്ചതും ജോലിക്ക് പോകാൻ പറ്റാതായതും. രണ്ടു മക്കളും ഇവർക്കുണ്ട്. കുടുംബത്തിന്റെ വരുമാനം നിലച്ചതോടെ ഒരു വാഹനമുണ്ടെങ്കിൽ ജോലിക്ക് പോകാമെന്ന പ്രതീക്ഷ രാജിതയ്ക്കുണ്ടായി. മന്ത്രി എം.ബി.രാജേഷ് കെ.ഡി.പ്രസേനൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനിബാബു എന്നിവരുമായി സംസാരിച്ച് അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി വാഹനം ലഭ്യമാക്കുന്നതിന് നിർദേശം നൽകി. 

സുരേന്ദ്രന് ഇനി സ്വന്തം ഭൂമി

ആലത്തൂർ∙ കാഴ്ചശക്തിയില്ലാത്ത കാവശ്ശേരി പാലത്തൊടി സുരേന്ദ്രൻ സ്വന്തം ഭൂമിയുടെ രേഖകൾക്ക് വേണ്ടി നടത്തിയ തുടർപോരാട്ടങ്ങൾക്ക് അദാലത്തിൽ പരിഹാരമായി. പണി ചെയ്യുന്നതിനിടെ ആണി തറച്ച് കാഴ്ച ശക്തി നഷ്ടപ്പെട്ട സുരേന്ദ്രന്റെ വീട് കാലപ്പഴക്കത്താൽ നശിച്ചു. കയറിക്കിടക്കാൻ ഇടമില്ലാതെ വന്നപ്പോഴാണ് സുരേന്ദ്രൻ ഭൂമിയുടെ രേഖകൾക്കായി ഓഫിസ് കയറിയിറങ്ങിയത്. ലക്ഷം വീട്ടിലായിരുന്നു സുരേന്ദ്രൻ കുടുംബസമേതം താമസിച്ചിരുന്നത്. ഭൂമിക്ക് പട്ടയമുണ്ടെങ്കിലും ആധാരമില്ലാത്തതിനാൽ വീടിന് വേണ്ടി അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയായി. ഭൂമിക്ക് രേഖയില്ലാത്തതിനാൽ മറ്റ് ആനുകൂല്യങ്ങളും ലഭിച്ചില്ല. ഒടുവിൽ അദാലത്തിൽ നൽകിയ പരാതിയിലൂടെ കാവശ്ശേരി ഒന്നാം വില്ലേജ് ഓഫിസർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തീരുമാനമായി. അതിന്റെ രേഖ മന്ത്രി എം.ബി.രാജേഷ് അദാലത്തിൽ കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com