കേരളത്തിൽ നിന്നു കാട്ടാനകളെത്തുന്നു; തൊഴിലാളികൾക്കു നേരെ ആക്രമണം

Mail This Article
വാൽപാറ ∙ കേരളത്തിൽ നിന്ന് ഒട്ടേറെ കാട്ടാനകൾ ആനമല കടുവ സംരക്ഷണ കേന്ദ്രങ്ങളായ മാനാമ്പള്ളി, വാൽപാറ റേഞ്ചുകളിലേക്ക് കടന്നിട്ടുള്ളതായി വിവരം. ഇവിടെ എത്തിയ കാട്ടാനകൾ ചേരിതിരിഞ്ഞ് ആക്രമണങ്ങൾ അഴിച്ചു വിടുന്നതു പതിവായിരിക്കുന്നു. ഓരോ ദിവസവും തോട്ടം തൊഴിലാളികളുടെ ലൈൻ വീടുകളും റേഷൻ കടകളും അങ്കണവാടി കെട്ടിടങ്ങളും സ്കൂൾ കെട്ടിടങ്ങളുമെല്ലാം തകർക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം അക്കാമല എസ്റ്റേറ്റിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വന്ന എസ്റ്റേറ്റ് വക ലൈൻ വീടുകളുടെ ഉള്ളിലേക്ക് കടന്നു ചെന്ന് അകത്തുണ്ടായിരുന്ന പല സാധനങ്ങളും നശിപ്പിച്ചു. അവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കാട്ടാനകളുടെ ശബ്ദം കേട്ട് കുടുംബത്തോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ മണിക്കൂറോളം പണിപ്പെട്ടാണ് ഏഴംഗ സംഘത്തെ കാടുകയറ്റിയത്. എന്നാൽ കാടുകയറിയ കാട്ടാനകൾ കഴിഞ്ഞദിവസം രാത്രിയിൽ വീണ്ടും ഇതേ എസ്റ്റേറ്റിലെത്തി. ഇവിടെ സീനിയർ മാനേജരായി ജോലി ചെയ്തുവരുന്ന പെരുമാൾ കൃഷ്ണന്റെ ബംഗ്ലാവിനു ചുറ്റും നിലയുറപ്പിച്ചായിരുന്നു ആക്രമണം.
ബംഗ്ലാവിന്റെ ചുറ്റുമുള്ള കതകും ജനലും തകർത്ത ശേഷം അകത്തു കടക്കുന്നത് കണ്ട മാനേജർ കുടുംബത്തോടെ പിറകു വശത്തുളള വഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ബംഗ്ലാവ് ഭാഗികമായി തകർത്ത ശേഷം നേരെ ചെന്നത് അദ്ദേഹത്തിന്റെ കാർ ഷെഡിലേക്ക്.
അവിടെ നിർത്തിയിരുന്ന കാറിന്റെ ചില്ലുകൾ പൂർണമായും തുമ്പിക്കൈ കൊണ്ട് തല്ലി ത്തകർത്തു. വിവരമറിഞ്ഞ് ഓടിയെത്തിയ തോട്ടം തൊഴിലാളികൾ പടക്കം പൊട്ടിച്ചും പാട്ടകൾ കൊണ്ട് ശബ്ദം പുറപ്പെടുവിച്ചുമാണ് കാട്ടാനകളെ വിരട്ടിയത്. വനം വകുപ്പ് ശക്തമായ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.