ADVERTISEMENT

തൃശൂർ ∙ ചുവന്ന ഉടുപ്പും തൊപ്പിയുമണിഞ്ഞു കാരൾഗാനം പാടി സാന്താക്ലോസ് വീട്ടിലെത്തുമ്പോൾ പേടിച്ച് ഓടിയൊളിക്കുന്ന കുട്ടിയായിരുന്നു സന. വെള്ളയുടുപ്പണിഞ്ഞ മാലാഖമാരോടായിരുന്നു അവൾക്കിഷ്ടം. ഓരോ ക്രിസ്മസിനും മാലാഖയായി വേഷമിട്ട് ആഹ്ലാദിച്ചിരുന്ന സന ഈ ക്രിസ്മസിന് അണിയുന്നതൊരു പുതിയ വേഷമാണ്; സിനിമയിലെ നായികയുടെ തിളക്കമുള്ള വേഷം. ഡൗൺ സിൻഡ്രോം ബാധിതയായ അഭിനേതാവിനെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന സിനിമയുടെ പേരും നായികയുടേതു തന്നെ– ‘സന’.

തൃശൂർ അഞ്ചേരി കൂനംപിലാവിൽ അനിൽ ജോസിന്റെയും ഗ്ലാഡിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് സന അനിൽ (15). ജനിച്ച് 28–ാം ദിവസമാണ് സന ഡൗൺ സിൻഡ്രോം ബാധിതയാണെന്നു മാതാപിതാക്കൾ അറിയുന്നത്. നാലര വയസ്സിലാണ് എഴുന്നേറ്റിരിക്കാറായത്. അവ്യക്തമായെങ്കിലും സംസാരിച്ചുതുടങ്ങിയത് ഏഴാം വയസ്സിൽ.  ഓട്ടിസം, ഡൗൺ സിൻഡ്രോം തുടങ്ങിയ അവസ്ഥകളോടെ പിറക്കുന്ന കുട്ടികളെ വീട്ട‍ിൽനിന്നു പുറത്തിറക്കാൻ മടിക്കുന്നവരിൽനിന്നു വ്യത്യസ്തരായിരുന്നു അനിലും ഗ്ലാഡിയും. മകൾക്കു  നൃത്തത്തോടുള്ള ഇഷ്ടം മനസ്സിലാക്കി ഭരതനാട്യം പഠിപ്പിച്ചു.

സംവിധായകൻ ജീവനെ ഒരു കലാപരിപാടിക്കിടെ കണ്ടപ്പോൾ ഗ്ലാഡി മകളെ ചൂണ്ടിക്കാട്ടി ചോദിച്ചു– ‘സർ, എന്റെ മകൾക്കു സിനിമയിലൊരു അവസരം നൽകാമോ?’ ആ ചോദ്യം വഴിത്തിരിവായി. ഓട്ടിസം ബാധിതയായ കുട്ടി പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയവുമായി ജീവൻ കഥയെഴുതി. സുധീർ കരമന, കൈലാഷ്, ടി.ജി.രവി, ദിവ്യ എം. നായർ തുടങ്ങിയവർക്കു പുറമേ മജീഷ്യൻ ഗോപിനാഥ് മുതുകാടും സുപ്രധാന വേഷത്തിലുണ്ട്. ചിത്രീകരണം പൂർത്തിയായ സിനിമ ജനുവരിയിൽ തിയറ്ററുകളിലെത്തും. ഓട്ടിസം ബാധിതരായ കുട്ടികൾക്കു ചിത്രം സൗജന്യമായി കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com