പൂരം: അന്വേഷണ കമ്മിഷനെ വയ്ക്കാൻ ഹിന്ദു സംഘടനകൾ
Mail This Article
തൃശൂർ ∙ തൃശൂർ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും വർഷങ്ങളായി പൂരം നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പഠനം നടത്താനും പരിഹാരം നിർദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു. വിരമിച്ച ജഡ്ജിമാർ, പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സമിതിയെ തിരഞ്ഞെടുപ്പിനു ശേഷം ചുമതലപ്പെടുത്തും. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് സ്ഥായിയായ പരിഹാരത്തിനായി കേന്ദ്ര സർക്കാരിന്റെ സഹായമുൾപ്പെടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ.കുമാർ പറഞ്ഞു.
അട്ടിമറിയുടെ യഥാർഥ കാരണം കണ്ടെത്താൻ അതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ജുഡീഷ്യൽ അന്വേഷണമായിരുന്നു നടത്തേണ്ടിയിരുന്നത്. അതിനു സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റാൻ അധികാരമില്ലെന്നറിഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. പൂരം അലങ്കോലമാക്കൽ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല, ജനറൽ സെക്രട്ടറി പി.സുധാകരൻ, വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.സതീഷ് ചന്ദ്രൻ എന്നിവർ ആരോപിച്ചു.