ബഥനി സെന്റ് ജോൺസ് സ്കൂളിൽ രക്തദാന ബോധവൽക്കരണ ക്ലാസ്
Mail This Article
കുന്നംകുളം ∙ ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുന്നംകുളം ബ്രാഞ്ചുമായി സഹകരിച്ച് ലോക രക്തദാന ദിനം ആചരിച്ചു. രക്തദാനം മഹാദാനം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ സയൻസ് വിഭാഗം മേധാവി മീന മാത്യു അധ്യക്ഷയായ യോഗത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാ. യാക്കോബ് ഒഐസി നിർവഹിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യൂണിറ്റ് ആശുപത്രിയിലെ ഡോക്ടറും ബഥനി സെന്റ്. ജോൺസ് സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ ഡോ. ലിവിൻ സക്കറിയ ക്ലാസ് നടത്തി.
രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുന്നംകുളം വനിതാ വിഭാഗം ചുമതലക്കാരായ ഡോ. പത്മസിനി, ഡോ.ധന്യ എന്നിവർ സംസാരിക്കുകയും കുട്ടികൾ രക്തദാന ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ഡോ. ലിവിൻ സ്കറിയായ്ക്ക് സ്കൂളിന്റെ ഉപഹാരം അധ്യാപിക മീനാ മാത്യു സമർപ്പിച്ചു. രക്‌തദാന ദിനത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രസംഗിക്കുകയും പോസ്റ്ററുകൾ നിർമ്മിക്കുകയും ചെയ്തു. വിദ്യാർഥികളായ സ്വാതി, ആദിത്യൻ, അനഘ, റോഷ്‌നി എന്നിവർ സംസാരിച്ചു.