ADVERTISEMENT

ബത്തേരി ∙ ഇതരസംസ്ഥാനങ്ങളിൽനിന്നു സ്വകാര്യവാഹനങ്ങളിൽ വയനാട്ടിലൂടെ കടന്നുപോകുന്നവർ 3 മണിക്കൂറിൽ കൂടുതൽ വയനാട്ടിൽ തങ്ങാൻ പാടില്ലെന്നു പെ‌ാലീസ് നിർദേശം. ഇതുൾപ്പെടെ 3 നിർദേശങ്ങൾ അടങ്ങിയ ലഘുലേഖ പെ‌ാലീസ് വിതരണം ചെയ്തു തുടങ്ങി. അതിർത്തി കടന്നു വയനാട്ടിലെ സ്വന്തം വീട്ടിലേക്കു വരുന്നവർ 14 ദിവസം വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം കൺട്രോൾ റൂമുകളിലും ആരോഗ്യ വകുപ്പിനെയും അറിയിക്കണം.

ജില്ലയിലെ ആശുപത്രികളിലേക്കു ചികിത്സയ്ക്ക് എത്തുന്നവർ ചികിത്സയുടെ ദൈർഘ്യം കണക്കാക്കി നിശ്ചിത മണിക്കൂറുകൾ എഴുതി നൽകി അതിനകം മടങ്ങിപ്പോകണം. പൊതുഗതാഗതം നിലച്ചതോടെ കാറിലും ബൈക്കിലുമായി ഏറെപ്പേരാണു ജില്ലയിലേക്ക് എത്തുന്നത്. വിദേശത്തു നിന്നു ബെംഗളൂരു വിമാനത്താവളം വഴി എത്തുന്നവരും ജില്ലവഴി യാത്ര ചെയ്യുന്നു. കേരളത്തിൽ നിന്നു  കർണാടകയിലേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ ഇന്നലെ കടത്തി വിട്ടിരുന്നെങ്കിലും ഇന്നു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണു വിവരം. കടത്തിവിട്ടാൽ തന്നെ തിരിച്ചുവരവ് അനുവദിക്കില്ലെന്നും അറിയിക്കുന്നുണ്ട്. തമിഴ്നാട്ടിലേക്ക് പോകുന്നവരെ അതിർത്തിയിൽ തടഞ്ഞ് അവിടെ സ്ഥിര താമസമുള്ളവരെ മാത്രമാണു കടത്തി വിടുന്നത്.

വയനാട്ടിലേക്ക് പ്രവാസികളുടെ ഉല്ലാസയാത്ര തടയും 

കൽപറ്റ ∙ കോവിഡ് ജാഗ്രതാകാലത്ത് പ്രവാസികൾ അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് എത്തുന്നതു തടയാൻ കർശന നടപടികളുമായി അധികൃതർ. കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസികളാണു വിദേശത്തുനിന്നെത്തിയ ഉടൻ നിരീക്ഷണത്തിൽ കഴിയേണ്ടതിനു പകരം വയനാട്ടിലെ ഹോംസ്റ്റേകളിലും മറ്റും മുറിയെടുത്തു താമസിക്കുന്നത്. മേപ്പാടി, വടുവൻചാൽ, അമ്പലവയൽ മേഖലകളിൽ ഇത്തരത്തിൽ പ്രവാസികൾ വിനോദസഞ്ചാരത്തിന് എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് അവധിക്ക് എത്തിയവരാണെന്ന വിവരം മറച്ചുവച്ചാണ് ഇക്കൂട്ടർ മുറിയെടുക്കുന്നതെന്നു റിസോർട്ട് നടത്തിപ്പുകാർ പറയുന്നു. എന്നാൽ, ടൂറിസം രംഗത്തെ മാന്ദ്യം മറികടക്കാൻ പരമാവധി അതിഥികളെ സ്വീകരിക്കാൻ ചില റിസോർട്ടുകൾ ശ്രമിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ഇതരജില്ലക്കാർ വയനാട്ടിലേക്ക് കടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൂറിസം മേഖലയിൽ ഉൾപ്പെടെ ജില്ലാ ഭരണകൂടം നിയന്ത്രണം കർശനമാക്കി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com