തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ തെളിവെടുത്ത് വിദഗ്ധ സമിതി
Mail This Article
മാനന്തവാടി ∙ മയക്കുവെടിയേറ്റ തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ മുതൽ ഡിഎഫ്ഒ ഓഫിസിലെ കോൺഫറൻസ് ഹാളിലായിരുന്നു തെളിവെടുപ്പ്. വിദഗ്ധ സമിതി അംഗങ്ങളായ പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ, കോട്ടയം ദക്ഷിണമേഖല ഇൻസ്പെക്‌ഷൻ ആൻഡ് ഇവാല്യുവേഷൻ ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മി, തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് അസി. വെറ്ററിനറി ഓഫിസർ ആർ. രാജു, മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് സെക്രട്ടറി ഡോ. റോഷ്നാഥ് രമേശ്, കേരള നാചുറൽ ഹിസ്റ്ററി സൊസൈറ്റി ആൻഡ് പേട്രൺ സെക്രട്ടറി എൽ.നമശ്ശിവായൻ എന്നിവരടങ്ങുന്ന സംഘമാണു തെളിവെടുപ്പ് നടത്തിയത്.
ജനപ്രതിനിധികൾക്കു പുറമേ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും തെളിവെടുപ്പിനെത്തി. തണ്ണീർക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് വൈകിയപ്പോൾ പ്രതിഷേധം ഉയർന്ന വിഷയം പരാമർശിക്കവേ, വനം മന്ത്രിയുടെ പാർട്ടിയായ എൻസിപിയുടെ പ്രതിനിധി ഷാജി ചെറിയാനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിശാന്തും തമ്മിൽ രൂക്ഷമായ വാക്കേറ്റവും നടന്നു. വനപാലകർ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
സിസിഎഫ് കെ.എസ്.ദീപ, നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, വയനാട് വൈൽഡ് ലൈഫ് വാർഡൻ ജി.ദിനേശ്, സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്ന, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് എന്നിവരുമായും സംഘം ആശയ വിനിമയം നടത്തി. റേഞ്ച് ഓഫിസർമാർ അടക്കമുള്ള വനപാലകരിൽ നിന്നും സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രാവിലെ 1തുടങ്ങിയ തെളിവെടുപ്പ് വൈകിട്ടാണ് അവസാനിച്ചത്. മയക്കുവെടി വച്ച സ്ഥലവും സംഘം സന്ദർശിച്ചു. ബത്തേരിയിൽ ക്യാംപ് ചെയ്ത സംഘം ഇന്നു തണ്ണീർക്കൊമ്പൻ ചരിഞ്ഞ ബന്ദിപ്പൂർ സന്ദർശിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണു സംഘത്തിന് നിർദേശം നൽകിയിട്ടുള്ളത്. എന്നാൽ, അതിന് മുൻപ് തന്നെ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് ശ്രമിക്കാനാണ് ശ്രമം.
വനപാലകർക്കെതിരെ നടപടി വേണം:ജൈവവൈവിധ്യ പരിപാലന സമിതി
തണ്ണീർക്കൊമ്പൻ ചരിഞ്ഞ് സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അടക്കമുള്ള ഉന്നത വനപാലകർക്ക് എതിരെ കർശന നടപടി വേണമെന്ന് ജൈവവൈവിധ്യ പരിപാലന സമിതി ജില്ലാ കൺവീനർ ടി.സി. ജോസഫ് അന്വേഷണ കമ്മിഷനു മുൻപാകെ ആവശ്യപ്പെട്ടു. രാവിലെ നഗര ഹൃദയത്തിൽ ആന എത്തിയിട്ടും മയക്കുവെടി വയ്ക്കാനുള്ള ഉത്തരവു മണിക്കൂറുകൾ വൈകിയാണ് പുറപ്പെടുവിച്ചത്.
രാവിലെ മയക്കുവെടി വച്ചിരുന്നെങ്കിൽ ആന ചരിയുന്നത് ഒഴിവാക്കാമായിരുന്നു. മഞ്ഞക്കൊന്ന നിർമാർജനം ചെയ്തും ഏക വിള തോട്ടങ്ങൾ മുറിച്ച് നീക്കിയും നഷ്ടപ്പെട്ട വനങ്ങൾ സ്വാഭാവിക വനമാക്കി മാറ്റണം. വനം വാച്ചർമാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കുക, വനം വകുപ്പ് ജീവനക്കാരുടെ ജീവനു സംരക്ഷണം ഉറപ്പാക്കുക, വനപാലകർക്ക് ആവശ്യമായ ആയുധങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.