ADVERTISEMENT

ബിടെക് ഇന്ന് ആർക്കും അപ്രാപ്യമായ കോഴ്സ് അല്ല. പഠിച്ചിറങ്ങുന്നവർക്കു തൊഴിലവസരങ്ങൾ എത്രത്തോളം, പഠിച്ചിറങ്ങുന്നവരുടെ തൊഴിൽശേഷി എത്രത്തോളം തുടങ്ങിയ ചോദ്യങ്ങളാണ് ഇന്നുയരുന്നത്. മാറുന്ന കാലത്തിനൊത്ത് ബിടെക്കും മാറിയേ തീരൂ  എന്നതാണു കാലത്തിന്റെ ചുവരെഴുത്ത്.

കാത്തിരുന്ന ആ മാറ്റങ്ങളുടെ വഴിയിലാണ് കേരള സാങ്കേതിക സർവകലാശാലയുടെ ഈ വർഷം നടപ്പാകുന്ന ബിടെക് പാഠ്യപദ്ധതി പരിഷ്കരണം. ബിടെക് ഓണേഴ്സ്, ബിടെക് മൈനർ ഡിഗ്രി തുടങ്ങിയ പുതിയ വഴികൾ കൂടി വിദ്യാർഥികൾക്കു മുന്നിൽ തുറന്നുകിട്ടുന്നു. എഐസിടിഇയുടെ മാതൃകാ പാഠ്യപദ്ധതി അനുസരിച്ചു തയാറാക്കിയ  പാഠ്യപദ്ധതിയിലെ പ്രധാന മാറ്റങ്ങൾ ഇങ്ങനെ: 

 ക്രെഡിറ്റ്, മാർക്ക് വ്യവസ്ഥകൾ: ബിടെക് നേടുന്നതിന് ആവശ്യമായ ക്രെഡിറ്റ് 182ൽ നിന്ന് 162 ആക്കി. ഇങ്ങനെ ലഭിക്കുന്ന അധിക സമയം വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനും സംരംഭകത്വ പ്രവർത്തനത്തിനും ബിടെക് ഓണേഴ്സ് ഡിഗ്രിക്കും മൈനർ കോഴ്സുകൾക്കും പ്രയോജനപ്പെടുത്താം.

ജയിക്കാൻ വേണ്ട മിനിമം മാർക്ക് 45ൽ നിന്ന് 40 ആക്കി. ഇന്റേണലിനു മിനിമം മാർക്ക് ഒഴിവാക്കി. 

ഒരു സെമസ്റ്ററിൽ പരമാവധി 5 തിയറി കോഴ്സുകളും 2 ലാബ് കോഴ്സുകളുമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ തിയറി കോഴ്സുകളുടെയും സിലബസ് പരമാവധി 5 മൊഡ്യൂളുകളായി നിജപ്പെടുത്തി. അവസാന രണ്ടു സെമസ്റ്ററുകളുടെ ക്രെഡിറ്റ് 31 ആയി കുറച്ചു. 

ബിടെക് ഓണേഴ്സ്: പഠനത്തിൽ കൂടുതൽ മികവു കാട്ടുന്നവർക്കു തുറന്നുകിട്ടുന്ന അവസരമാണു ബിടെക് ഓണേഴ്സ്. ബിടെക്കിനു വേണ്ടതിനെക്കാൾ 20 ക്രെഡിറ്റ് അധികമായി നേടുന്നവർക്ക് ഓണേഴ്സ് കിട്ടും. 

അവസാന രണ്ടു വർഷ സെമസ്റ്ററുകളിൽ കുറഞ്ഞതു 3 വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈൻ വഴി കുറഞ്ഞതു രണ്ടു വിഷയങ്ങൾക്ക് 8 ക്രെഡിറ്റുമാണ് അധികമായി നേടേണ്ടത്.

ബിടെക് മൈനർ ഡിഗ്രി: മറ്റു പഠന ശാഖകളിൽ സ്പെഷലൈസേഷൻ നേടാനുള്ള അവസരം കൂടി ഇനി മുതൽ ലഭിക്കും. ഇത്തരത്തിലുള്ള മൈനർ കോഴ്സുകൾക്കു മൂന്നാം സെമസ്റ്റർ മുതൽ ചേരാം. അധികമായി മറ്റു പഠന ശാഖകളിലൂടെ കുറഞ്ഞതു മൂന്നു വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓൺലൈൻ വഴി കുറഞ്ഞതു രണ്ടു വിഷയങ്ങൾക്ക് 8 ക്രെഡിറ്റും നേടുന്ന കുട്ടികൾക്ക് ബിടെക്കിനൊപ്പം മൈനർ ഡിഗ്രി കൂടി നേടാം.

ബി.വൊക്: തുടർ പഠനത്തിനു ബുദ്ധിമുട്ടുള്ള എൻജിനീയറിങ് വിദ്യാർഥികൾക്കു നിശ്ചിത മിനിമം ക്രെഡിറ്റ് നേടിക്കഴിഞ്ഞാൽ മറ്റു തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ തുടർപഠനം പൂർത്തിയാക്കി ബി വൊക് ഡിഗ്രി കരസ്ഥമാക്കാം. ബിടെക് പൂർത്തിയാക്കാതെ വഴിയടഞ്ഞുപോകുന്ന സാഹചര്യമുണ്ടാകാതെ അവരെ കൂടി തൊഴിൽവിപണിയിലെത്തിക്കാൻ ഇതു സഹായകരമായേക്കും.

ഇന്റേൺഷിപ്: 5, 7 സെമസ്റ്ററുകൾക്കിടയിൽ നാലു മാസം ഇന്റേൺഷിപ്പിനു നീക്കി വച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളുമൊത്തു പ്രവർത്തിക്കുന്നതിലൂടെ വിദ്യാർഥികളുടെ തൊഴിൽശേഷി കൂട്ടാൻ ഇന്റേൺഷിപ് പ്രയോജനപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com