അന്ന് ആത്മഹത്യ ചെയ്യാൻ ട്രാൻസ്ഫോമറിൽ കയറി; പ്രതിസന്ധികളെ അതിജീവിച്ചതിങ്ങനെ: മുതുകാട്
Mail This Article
മാജിക് സംഘത്തിനു പരിപാടികൾക്കു പോകാനാണ് കോളജ് പഠനം കഴിഞ്ഞ ഉടനെ ഞാൻ പഴയൊരു ബസ് വാങ്ങിയത്. കയ്യിലുണ്ടായിരുന്ന ഇത്തിരി പണവും കോഴിക്കോട്ടെ ഒരു സേട്ടുവിൽനിന്നു പലിശയ്ക്കു വാങ്ങിയതും ചേർത്തുണ്ടാക്കി ബസ് വാങ്ങി.
പക്ഷേ, അലഞ്ഞുനടന്നിട്ടും പരിപാടികൾ കിട്ടാതെയായി. കിട്ടിയതിനുതന്നെ പ്രതിഫലത്തിനപ്പുറം ഒരുപാടു ചെലവേറുകയും ചെയ്തു. ബസിന്റെ അടവുകൾ തെറ്റി. വണ്ടി പിടിച്ചെടുത്തു കൊണ്ടുപോകുമെന്ന ഘട്ടമെത്തി. മുന്നിലെ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ ഞാൻ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. വീടിനടുത്തുള്ള ട്രാൻസ്ഫോമറിൽ കയറിപ്പിടിച്ചു മരിക്കാനായിരുന്നു എന്റെ ശ്രമം. താഴേക്കു വലിച്ചിട്ടത് ഒപ്പം പഠിച്ച കൂട്ടുകാരൻ രാജൻ.
അന്നു ഞാൻ മരിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒന്നും സംഭവിക്കില്ല. അക്കൊല്ലത്തെ ആത്മഹത്യാനിരക്കിൽ ഒരക്കംകൂടി കൂടുമായിരുന്നു. എന്റെ മാതാപിതാക്കൾക്ക് എന്നെ നഷ്ടപ്പെടും എന്നതാണു പ്രധാനം. പക്ഷേ, ലോകത്തിന് ഒരു മാറ്റവും സംഭവിക്കില്ലായിരുന്നു. എന്നാൽ, പിന്നീട് ആ പ്രതിസന്ധികളെ മറികടക്കാൻ കഠിനാധ്വാനം ചെയ്തതുകൊണ്ട് ഒരു കാര്യം എനിക്കു മനസ്സിലായി–നമ്മൾ മനസ്സുവച്ചാൽ അതിജീവിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ലോകത്തില്ല.
കേരളത്തിൽ വിദ്യാർഥികൾക്കിടയിലെ ആത്മഹത്യവാർത്തകൾ അടുത്തിടെ പലതുമുണ്ടായി. അപൂർവമായി കിട്ടിയ ഈ ഒരേയൊരു ജീവിതം, ആഹ്ലാദിച്ച് ആനന്ദിച്ച് ഉജ്വലമാക്കേണ്ട നമ്മുടെ ജീവിതം തുടങ്ങുംമുൻപ് അവസാനിപ്പിക്കാനുള്ളതല്ല. എല്ലാ പ്രശ്നങ്ങളും എല്ലാ സംഘർഷങ്ങളും താൽക്കാലികമാണ്. അനുഭവിക്കുന്ന കാലത്ത് അതൊരു വലിയ പ്രതിസന്ധിയായി നമുക്കു തോന്നും. മനസ്സ് ഉടഞ്ഞുതകരും. ഉറക്കം വരാത്ത രാത്രികളുണ്ടാവും. പക്ഷേ, അതിനെയെല്ലാം ശാന്തമായി, ബുദ്ധികൊണ്ട് അതിജീവിച്ച് തിരിഞ്ഞുനോക്കുമ്പോൾ ആ പ്രശ്നങ്ങളെല്ലാം ഒരു തമാശയായി നമുക്കു തോന്നും. കൂടുതൽ പ്രശ്നങ്ങളെ അതിജീവിക്കാൻ നമ്മൾ കൂടുതൽ കൂടുതൽ കരുത്തരാവും.
എന്റെ ജീവിതത്തിൽത്തന്നെ പിന്നീട് എത്രയെത്ര പ്രശ്നങ്ങളുണ്ടായി! മാജിക് അക്കാദമി തുടങ്ങാൻ നാടും വീടുമൊക്കെ വിട്ട്, വൻ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് തിരുവനന്തപുരത്തേക്കു പോന്നത്, അക്കാദമി ഉണ്ടാക്കിയതിന്റെ പേരിലുള്ള ഭീഷണികളും എതിർപ്പുകളും, ബഹ്റൈനിൽ ഫയർ എസ്കേപ് ആക്ടിനിടെ മാരകമായി പൊള്ളലേറ്റത്, തിരുവനന്തപുരത്തു നടത്തിയ പ്രൊപ്പല്ലർ എസ്കേപ് ആക്ട് എന്ന എന്റെ സ്വപ്നം പൊളിഞ്ഞ് നാടുവിടേണ്ടിവന്നത്, മാജിക് പ്ലാനറ്റ് സ്ഥാപിക്കാനായി കടം കയറിയതിന്റെ പേരിൽ വീടുവരെ വിൽക്കേണ്ടിവന്നത്...
ഓരോന്നും സംഭവിക്കുമ്പോൾ തോന്നും, ഇനി ഒരടിപോലും മുന്നോട്ടുപോകാൻ കഴിയില്ലെന്ന്. പക്ഷേ, നമ്മൾ ജീവിച്ചിരിക്കലാണു പ്രധാനം. പഠനകാലത്തെ പരീക്ഷകളും പ്രണയങ്ങളും കൂട്ടുകാരിൽനിന്നും സമൂഹത്തിൽനിന്നും വീട്ടുകാരിൽനിന്നുമൊക്കെ അനുഭവിക്കുന്ന പ്രശ്നങ്ങളുമെല്ലാം നിസ്സാരമായി തള്ളിക്കളയാൻ സാധിക്കണം. കാരണം, ആ പരീക്ഷകളെല്ലാം നിങ്ങളെ ശക്തരായി വാർത്തെടുക്കാനുള്ള പരീക്ഷണങ്ങൾ മാത്രമാണെന്ന ബോധമുണ്ടാവണം. ഓരോ പ്രതിസന്ധികളിലൂടെയും കൂടുതൽ കരുത്തരാവണം.
ആത്മഹത്യ ചെയ്യാൻ പോയി മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുപോന്ന് ഇന്നു ജീവിതത്തിന്റെ ഓരോ നിമിഷവും അത്രമാത്രം ആനന്ദത്തോടെ കഴിയുന്ന ഞാനല്ലാതെ ആരാണു നിങ്ങളോടിതു പറയുക?
English Summary: Success Tips By Gopinath Muthukad