സെയിൽസ്മാനിൽ നിന്ന് അമേരിക്കയിലെ സോഫ്റ്റ്‌വെയർ ടെസ്റ്ററിലേക്ക്; ഒപ്പം ഊബർ ഡ്രൈവറും, അറിയണം ഈ ജീവിതം

Mail This Article
കോവിഡ് തുടങ്ങുന്നതിനു കുറച്ചു കാലം മുൻപു സാൻഫ്രാൻസിസ്കോയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ഞാൻ പോയിരുന്നു. മടങ്ങുമ്പോൾ എയർ പോർട്ടിലേക്കു പോകാൻ ഒരു ഊബർ ടാക്സി വിളിച്ചു. വണ്ടി വന്നപ്പോൾ പറഞ്ഞതിനേക്കാൾ രണ്ടുമൂന്നു മിനിറ്റ് വൈകി.
ഡ്രൈവർ പുറത്തിറങ്ങി പറഞ്ഞു: Sorry Sir, I got into the wrong entrance. അയാളുടെ സംസാരം കേട്ടതേ അയാളൊരു മലയാളിയാണെന്ന് എനിക്കു മനസ്സിലായി. ഞാൻ ചോദിച്ചു: Are you from Kerala?. അയാൾ ഉടനെ പറഞ്ഞു: ‘സാർ മലയാളിയാണെങ്കിൽ നമുക്കിനി മലയാളത്തിൽ സംസാരിച്ചാൽ പോരേ?!’
ഹോട്ടലിൽനിന്ന് എയർ പോർട്ടിലേക്ക് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ടായിരുന്നു. വഴിനീളെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. മുഴുവൻ സമയ ഊബർ ഡ്രൈവറാണോ എന്നു ചോദിച്ചപ്പോൾ മറുപടി: ‘അല്ല സാർ, ഞാനൊരു സോഫ്റ്റ്‌വെയർ ടെസ്റ്ററാണ്’. വർഷത്തിൽ ഏകദേശം 90,000 ഡോളർ (ഇപ്പോഴത്തെ കണക്കിൽ ഏകദേശം 67 ലക്ഷം ഇന്ത്യൻ രൂപ) അദ്ദേഹത്തിനു വരുമാനമുണ്ട്. ‘പിന്നെന്തിനാണു ഡ്രൈവറായി പോകുന്നത്?’–ഞാൻ വീണ്ടും ചോദിച്ചു. ‘ഡ്രൈവിങ് എനിക്കു വലിയ ഇഷ്ടമാണ്’ എന്നായിരുന്നു ആദ്യ മറുപടി. ‘രണ്ടാമത്തെ കാര്യം ഇതൊരു എക്സ്ട്രാ വരുമാനമാണ്. കാരണം, സാൻഫ്രാൻസിസ്കോ വലിയ ജീവിതച്ചെലവുള്ള നഗരമാണ്’.
കോട്ടയം സ്വദേശിയായ ഈ ബിരുദധാരി സാൻഫ്രാൻസിസ്കോയിലേക്കു പോകുംമുൻപു തിരുവനന്തപുരത്ത് ഒരു പെയിന്റ് കടയിൽ സെയിൽസ്മാനായിരുന്നു. ആ സമയത്താണ് അമേരിക്കയിലുള്ള ഒരു നഴ്സിന്റെ വിവാഹാലോചന വരുന്നത്. കല്യാണത്തിനു മുൻപുതന്നെ അദ്ദേഹം ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചു. കല്യാണം കഴിഞ്ഞ് അമേരിക്കയിലേക്കു പോയി. ഡയാലിസിസ് ടെക്നീഷ്യനായി അവിടെ ജോലിക്കു കയറി.
ഡയാലിസിസ് ടെക്നീഷ്യനു വരുമാനം കുറവായിരുന്നു. അപ്പോഴാണു സോഫ്റ്റ്‌വെയർ ടെസ്റ്റർമാരെ പരിശീലിപ്പിക്കുന്ന ഒരു ബൂട്ട് ക്യാംപിനെക്കുറിച്ച് അറിഞ്ഞത്. (ഹ്രസ്വകാല പരിശീലന പരിപാടിയാണു ബൂട്ട് ക്യാംപ്). ആദ്യം രണ്ടാഴ്ചത്തെയും പിന്നീട് ഒരു മാസത്തെയും രണ്ടു ബൂട്ട് ക്യാംപുകളിൽ പരിശീലിച്ചു. അതിനു ശേഷമാണു സോഫ്റ്റ്‌വെയർ ടെസ്റ്റർ ജോലിയിലേക്കു മാറിയത്. കുട്ടികളെ നോക്കാൻ ഭാര്യയുടെ അമ്മ വീട്ടിലുള്ളതിനാൽ കൂടുതൽ സമയം അയാൾ ജോലി ചെയ്തു വരുമാനം കണ്ടെത്താൻ ശ്രമം തുടർന്നു.
ഊബർ പോലുള്ള വാഹനങ്ങളിൽ ഡ്രൈവറുടെ ജോലി പാർട് ടൈമായി ചെയ്യുന്ന ധാരാളം പേർ നമ്മുടെ നാട്ടിലും ഇപ്പോഴുണ്ട്. അതിൽ എൻജിനീയർമാരെയടക്കം കാണാറുമുണ്ട്. പഠിത്തത്തിന്റെ ‘വലിപ്പം’ പറഞ്ഞുകൊണ്ടിരിക്കാതെ തൊഴിൽ അന്വേഷിക്കാൻ ഇത്തരക്കാർ കാണിക്കുന്ന മനസ്സ് എപ്പോഴും ആദരിക്കാൻ തോന്നിയിട്ടുണ്ട്. അതുതന്നെയാണു സാൻഫ്രാൻസിസ്കോയിലെ ആ ചെറുപ്പക്കാരനിലും കണ്ടത്. അയാളിൽ എന്നെ ആകർഷിച്ച മറ്റൊരു ഘടകം, വന്ന വഴി പറയാൻ ഒരു മടിയും കാണിച്ചില്ല എന്നതാണ്. സെയിൽസ്മാനായും ഡയാലിസിസ് ടെക്നീഷ്യനായുമൊക്കെ പ്രവർത്തിച്ചു വന്ന വഴി അയാൾ എന്നോടു മൂടിവച്ചില്ല. മോശമില്ലാത്ത വരുമാനമുള്ളപ്പോഴും, സാധ്യമായ സമയത്ത് അധികവരുമാനം കണ്ടെത്താൻ ഡ്രൈവറായി പോകാനും അയാൾക്കു മടിയുണ്ടായില്ല.
ഈ സംഭവകഥയിൽ മറ്റൊരു അനുകരണീയ മാതൃകയുള്ളത്, നല്ല ജോലി കിട്ടാൻ സാധ്യതയൊരുക്കുന്ന കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിൽ കാണിക്കേണ്ട ശ്രദ്ധയാണ്. തട്ടിപ്പുസ്ഥാപനങ്ങൾ ധാരാളം പെരുകുന്നതു നമ്മൾ കണ്ടിട്ടുണ്ട്. ഏതു ട്രെയിനിങ് സെന്ററിൽ ചേരുമ്പോഴും, അവിടെ പഠിപ്പിക്കുന്നത് ആരെന്നും അവിടെ പഠിച്ചവർക്ക് എത്രത്തോളം ജോലിസാധ്യത തുറക്കപ്പെട്ടു എന്നതും കൃത്യമായി വിലയിരുത്തണം. കപടവഴികളിൽ പെട്ടുപോകാതെ നല്ല സ്ഥാപനങ്ങൾ വഴി നല്ല ജീവിതം കണ്ടെത്താനുള്ള സൂക്ഷ്മബുദ്ധിയും ജാഗ്രതയും എല്ലാ ഉദ്യോഗാർഥികളും എപ്പോഴും ശ്രദ്ധവയ്ക്കേണ്ട കാര്യമാണ്.
English Summary: Career Column By G Vijayaraghavan