മെഡിക്കൽ ഷോപ്പിലെ ചെറിയ മുറിയല്ല, അരങ്ങുകളുടെ വിശാലലോകമാണ് എന്റെ തട്ടകമെന്ന് അന്ന് മനസ്സിലാക്കി: ജയരാജ് വാരിയർ

Mail This Article
എന്റെ ജീവിതം മൊത്തത്തിലൊരു തമാശയാണ്. ഒന്നാം ക്ലാസിൽ കുന്നംകുളത്തും രണ്ടിൽ ചേലക്കരയിലും മൂന്നിൽ ചാലക്കുടിയിലും നാലാം ക്ലാസിൽ തൃശൂർ നെടുപുഴ സ്കൂളിലും പഠിച്ചു. അഞ്ചാം ക്ലാസിൽ കണിമംഗലം എസ്എൻ ഹൈസ്കൂളിൽ ചേർന്നപ്പോഴാണ് ഒരു കരയ്ക്കെത്തിയത്. പത്താം ക്ലാസ് വരെ അവിടെയായിരുന്നു.
കണിമംഗലം സ്കൂളിലെ സ്റ്റേജാണു മനസ്സിൽ കമ്പം കയറ്റിയത്. അവിടെയൊന്നു കയറണമെന്നാണ് ഏറ്റവും വലിയ മോഹം. പാടാനും കവിത ചൊല്ലാനും അഭിനയിക്കാനുമൊക്കെ ആ വേദി എന്നെ എന്നാണൊന്നു പിടിച്ചുകയറ്റുക എന്നാണു നോട്ടം. പാഠപുസ്തകത്തിനകത്തു പാട്ടുപുസ്തകം വച്ചാണ് എന്റെ ‘പഠനം’. കിട്ടുന്ന പൈസയ്ക്കൊക്കെ പാട്ടുപുസ്തകം വാങ്ങലാണിഷ്ടം. അനുകരണം അന്നേ കൂടെയുണ്ട്. പാട്ടുപുസ്തകത്തിലെ പാട്ടു പാടി ആ സന്ദർഭം അഭിനയിച്ചവരെ അനുകരിച്ചുനോക്കും. ഉത്സവകാലമാകുമ്പോൾ മൈക്ക് ഓപ്പറേറ്ററെ ചുറ്റിപ്പറ്റി നിൽക്കും. അയാൾ ചായ കുടിക്കാൻ പോകുമ്പോൾ മൈക്കെടുത്ത് ശബ്ദം ടെസ്റ്റ് ചെയ്ത് ആനന്ദിക്കും. മൊത്തത്തിൽ പറഞ്ഞാൽ പഠിത്തം സൈഡ് ബിസിനസായിരുന്നു.
ചെക്കൻ പാട്ടു പാടി നശിക്കരുതെന്നു കരുതി എട്ടാം ക്ലാസിൽ അച്ഛൻ എന്നെ ഓട്ടൻ തുള്ളൽ പഠിക്കാൻ ചേർത്തു. ഗുരു വേണുവാശാനെയും അനുകരിച്ചുതുടങ്ങിയതോടെ ഞാൻ നന്നാവില്ലെന്ന് അച്ഛനു മനസ്സിലായി!
പഠിത്തത്തിൽ പിന്നാക്കമായിരുന്നെങ്കിലും പാസാകലൊക്കെ മുടക്കമില്ലാതെ നടന്നു. പ്രീഡിഗ്രിക്കു തൃശൂർ ചിൻമയ മിഷൻ കോളജിൽ ചേർന്നു. എഴുപതുകളുടെ അവസാനം, മലയാള സിനിമ മാറുന്ന കാലം. പരക്കെ സിനിമ കാണലായി. നാടകപ്രവർത്തനം തുടങ്ങിയതും അക്കാലത്താണ്. വൈകാതെ ജോസ് ചിറമ്മൽ എന്ന നാടകപ്രതിഭയുടെ ക്യാംപിലെത്തി. എന്നിലെ നടനിലെ വഴിത്തിരിവ് അതായിരുന്നു.

ഞങ്ങളുടെ വീടിന്റെ ഔട്ട് ഹൗസിൽ 3 ഡോക്ടർമാർ ചേർന്നു ക്ലിനിക് തുടങ്ങിയത് അക്കാലത്താണ്. ഞാൻ എപ്പോഴും അവരുടെ കൂടെപ്പോയിരിക്കും. കേട്ടുകേട്ട്, പറഞ്ഞുപറഞ്ഞ് മരുന്നുകളെക്കുറിച്ച് എനിക്കു വലിയ താൽപര്യമായി. എന്നാപ്പിന്നെ എന്നെ ആ വഴിക്കു വിടാമെന്നു വിചാരിച്ച് അച്ഛൻ ഫാർമസി കോഴ്സിനു ചേർത്തു.

1984 മുതൽ ’86 വരെ കൊല്ലം ഫാത്തിമ കോളജ് ഓഫ് ഫാർമസിയിൽ ഡിഫാം പഠനം. നാടകഭ്രാന്തനായ ഞാൻ എത്തിപ്പെട്ടതു നാടകനഗരിയായ കൊല്ലത്ത്. ക്ലാസ് കഴിഞ്ഞാൽ ദിവസേന നാടകം കാണാൻ പോകലായി. പക്ഷേ, ഒന്നാം ക്ലാസിൽ തന്നെ കോഴ്സ് പാസായി. ആറു മാസം തൃശൂർ മെഡിക്കൽ കോളജിൽ കോഴ്സിന്റെ ഭാഗമായ പരിശീലനംകൂടി കഴിഞ്ഞപ്പോഴേക്ക്, മരുന്നുപഠനം എന്റെ തലയ്ക്കു പിടിച്ചിരുന്നു. ഇനി കലയൊന്നും വേണ്ട, ജോലി മാത്രം എന്നു ഞാനുറപ്പിച്ചു.
ഏതെങ്കിലും നല്ല ആശുപത്രികളിൽ ജോലി കിട്ടുമായിരുന്നു. പക്ഷേ, നാട്ടിലെ ഒരു മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായി ജോലിക്കു പോകാനാണു ഞാൻ തീരുമാനിച്ചത്. കലയോടിഷ്ടം തീർത്തും മാഞ്ഞുപോയിട്ടില്ലല്ലോ. പകൽ ജോലി കഴിഞ്ഞ് വൈകുന്നേരം സിനിമയോ നാടകമോ കാണാൻ പോകാം. വലിയ കലാപ്രകടനമൊന്നുമില്ലാതെ ജോലി ചെയ്തു ജീവിച്ചുപോകുന്ന കാലത്താണ് ജോസ് ചിറമ്മൽ വീണ്ടും പിടികൂടുന്നത്.
‘മുദ്രാരാക്ഷസം’ എന്ന എന്റെ അടുത്ത നാടകത്തിൽ നീയാണു പ്രധാന കഥാപാത്രം’–എന്നു പറഞ്ഞ് അദ്ദേഹം റിഹേഴ്സൽ ക്യാംപിലേക്കു നിർബന്ധപൂർവം കൊണ്ടുപോയി. ആ നാടകവും ആ വേഷവും നാട്ടുകാർ കയ്യടിച്ചു സ്വീകരിച്ചു. ഡൽഹിയിൽ വരെ പോയി നാടകം കളിച്ചു. മനസ്സു പിന്നെയും മാറിത്തുടങ്ങി. മെഡിക്കൽ ഷോപ്പിലെ ചെറിയ മുറിയല്ല, അരങ്ങുകളുടെ വിശാലലോകമാണ് എന്റെ തട്ടകമെന്നു മനസ്സു പറഞ്ഞുതുടങ്ങി. നാടകത്തറ തന്ന ആത്മവിശ്വാസത്തിൽ 1991 ൽ ഞാൻ ജോലി വിട്ടു.
കാരിക്കേച്ചർ എന്ന ആശയം അതിനു മുൻപേ സാക്ഷാത്കരിച്ചിരുന്നു. ജോലി വിട്ടതോടെ എന്റെ ലോകം കാരിക്കേച്ചർ മാത്രമായി. ഒറ്റയ്ക്കുള്ള കലായാത്ര ഏഴായിരത്തോളം വേദികൾ പിന്നിട്ടു. ഗൾഫ് മുഴുവനും യുഎസിലും യൂറോപ്പിലും യുകെയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ന്യൂസീലൻഡിലുമൊക്കെ പലവട്ടം എന്റെ ഏകാംഗ കലാരൂപവുമായി ഞാൻ സഞ്ചരിച്ചു. ‘ഒരു യാത്രാമൊഴി’ മുതൽ അൻപതോളം സിനിമകളിലും ഇതാ ഈ കലാജീവിതം എത്തിനിൽക്കുന്നു.
തൊഴിൽ എന്നെ പഠിപ്പിച്ചത്
ചിലരെ തൊഴിൽ തേടിവരും. ചിലർ തൊഴിലുകളെ തേടിപ്പോകും. രണ്ടായാലും നമ്മുടെ തൊഴിലിന്റെ വഴി നമ്മൾതന്നെ കണ്ടെത്തണം. തൊഴിലിലെ വരുമാനം വളരെ പ്രധാനമാണ്. പക്ഷേ, തൊഴിലിനെ നമ്മുടെ മനസ്സുഖത്തിനായി കാണുന്ന ഭാഗം പൂർണമായി മാറ്റിവയ്ക്കരുത്. സ്വന്തം ഇഷ്ടങ്ങളുടെ വഴി തീർത്തും അടച്ചുവച്ചു ജീവിതം കെട്ടിപ്പടുക്കാൻ മാത്രം പരക്കം പാഞ്ഞാൽ, നഷ്ടപ്പെടുത്തിയ ഇഷ്ടങ്ങളെക്കുറിച്ച് അവസാനകാലത്തു മനസ്സു നമ്മളോടു തിരിച്ചുചോദിക്കും. സിദ്ധികൊണ്ടു തൊഴിലുണ്ടാക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും ആനന്ദകരം.

Content Summary : Ente Adya Joli Column - Actor Jayaraj Warrier's first job experience