ADVERTISEMENT

മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ ഒരു കമ്പനിയില്‍ തന്നെ തുടര്‍ച്ചയായി റിട്ടയര്‍മെന്റ്‌ വരെ ജോലി ചെയ്യുന്നവര്‍ വളരെ അപൂര്‍വമാണ്‌. എട്ടും പത്തും പതിനഞ്ചും കമ്പനികളില്‍ മാറി മാറി ജോലി ചെയ്യുന്നതാണ്‌ ഇന്നത്തെ ട്രെന്‍ഡ്‌. മിടുക്കരായ ജീവനക്കാരെ പിടിച്ച്‌ നിര്‍ത്തുക എന്ന വെല്ലുവിളി ഇന്ന്‌ പല കമ്പനികള്‍ക്ക്‌ മുന്നിലും ഉണ്ട്‌. പുതുതായി വരുന്ന ജീവനക്കാര്‍ക്ക്‌ മുന്നില്‍ അവിടെ തുടര്‍ന്നാല്‍ അവര്‍ക്കുണ്ടാകാന്‍ ഇടയുള്ള കരിയര്‍ വളര്‍ച്ചയുടെ സാധ്യതകള്‍ അവതരിപ്പിച്ചാണ്‌ ചില കമ്പനികള്‍ ഈയവസ്ഥയെ തരണം ചെയ്യാന്‍ ശ്രമിക്കുന്നത്‌. ഇത്തരത്തില്‍ ഒരു ജീവനക്കാരന്റെ കരിയര്‍ വളര്‍ച്ചയെ വരച്ചിടാന്‍ ഉപയോഗിക്കുന്ന ഒന്നാണ്‌ കരിയര്‍ മാപ്പ്‌. ഒരാളുടെ നിലവിലെ റോള്‍, അതിന്‌ ആവശ്യമായ നൈപുണ്യ ശേഷികള്‍, പ്രമോഷന്‍ സാധ്യതകള്‍, പുതിയ റോളുകള്‍ക്കായി വികസിപ്പിക്കേണ്ട ശേഷികള്‍ എന്നിവയെല്ലാം കരിയര്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. കമ്പനിയിലെ നിങ്ങളുടെ പടിപടിയായുള്ള ഭാവി വളര്‍ച്ചയുടെ വാങ്‌മയ ചിത്രമാകും ഈ മാപ്പ്‌ അവതരിപ്പിക്കുക. 

സ്വയം സൃഷ്ടിക്കാം കരിയര്‍ മാപ്പ്‌
ഇനി കമ്പനികള്‍ ഇത്തരത്തിലൊരു കരിയര്‍ മാപ്പ്‌ തന്നില്ലെങ്കിലും ഇത്തരമൊന്ന്‌ സ്വയം ഉണ്ടാക്കി വയ്‌ക്കുന്നത്‌ കരിയറില്‍ ശോഭനമായ വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലതാണ്‌. ആ കമ്പനിയിലോ മറ്റൊരു കമ്പനിയിലോ നിങ്ങളുടെ വളര്‍ച്ച ഏത്‌ വിധത്തിലായിരിക്കണമെന്ന്‌ ഈ മാപ്പിങ്‌ പ്രക്രിയ നിങ്ങള്‍ക്ക്‌ മനസ്സിലാക്കി തരും. 

കരിയര്‍ മാപ്പിങ്‌ ചെയ്‌താലുള്ള ഗുണങ്ങള്‍ 
നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍, അഭിലാഷങ്ങള്‍, ശക്തിദൗര്‍ബല്യങ്ങള്‍, ശേഷികള്‍, നിങ്ങള്‍ പ്രാധാന്യം നല്‍കുന്ന മൂല്യങ്ങള്‍ എന്നിവയെല്ലാം തിരിച്ചറിയാനും അടയാളപ്പെടുത്താനും കരിയര്‍ മാപ്പിങ്‌ സഹായിക്കും. നിങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്താണ്‌ പ്രധാനം, ഭാവിയില്‍ എന്തായിരിക്കും പ്രധാനം എന്നിവയും തിരിച്ചറിയാന്‍ ഇത്‌ നല്ലതാണ്‌. 

ജോലി മാറുന്നതിനെ കുറിച്ച്‌ ആലോചിക്കുന്ന സമയത്തും ആ കമ്പനിയിലെ തന്നെ മറ്റൊരു വിഭാഗത്തിലേക്ക്‌ മാറ്റം ആഗ്രഹിക്കുമ്പോഴും തൊഴില്‍ ചെയ്യുന്ന വ്യവസായം തന്നെ മാറുമ്പോഴുമെല്ലാം ഈ കരിയര്‍ മാപ്പ്‌ പ്രയോജനപ്രദമാകും. ഭാവിയില്‍ പുതിയ ജോലികള്‍ക്കായി അഭിമുഖങ്ങളും മറ്റും നേരിടുമ്പോള്‍ അടുത്ത അഞ്ച്‌ വര്‍ഷത്തില്‍ നിങ്ങള്‍ എവിടെയായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നു എന്നെല്ലാം അഭിമുഖകര്‍ത്താക്കള്‍ ചോദിച്ചെന്ന്‌ വരാം. അത്തരം ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാന്‍ ഈ കരിയര്‍ മാപ്പ്‌ സഹായിക്കും. 

അടുത്ത പടിയിലേക്ക്‌ മുന്നേറാന്‍ ആവശ്യമുള്ള ശേഷികള്‍, അനുഭവപരിചയം എന്നിവയെല്ലാം കരിയര്‍ മാപ്പിങ്ങില്‍ നിങ്ങള്‍ അടയാളപ്പെടുത്തിയിരിക്കും. കരിയറിന്റെ ഓരോ ഘട്ടത്തിലും അനുയോജ്യമായ നൈപുണ്യശേഷികള്‍ ആര്‍ജ്ജിച്ചെടുക്കാന്‍ കരിയര്‍ മാപ്പ്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. നിങ്ങളുടെ കരിയറിലെ ഹ്രസ്വകാലത്തെയും ദീര്‍ഘകാലത്തെയും നേട്ടങ്ങളും അതില്‍ അടയാളപ്പെടുത്താം. 

എങ്ങനെ നല്ലൊരു കരിയര്‍ മാപ്പ്‌ തയ്യാറാക്കാം?
ഇപ്പോള്‍ നിങ്ങള്‍ കരിയറില്‍ എവിടെ നില്‍ക്കുന്നോ അവിടെ നിന്ന്‌ തുടങ്ങാം. കമ്പനിയുടെ ഓര്‍ഗനൈസേഷന്‍ ചാര്‍ട്ടിന്റെ ഒരു കോപ്പി കയ്യിലുണ്ടെങ്കില്‍ നല്ലത്‌. അടുത്തത്‌ ഒരു 20-30 വര്‍ഷം കഴിഞ്ഞ്‌ നിങ്ങള്‍ എവിടെയെത്തി ചേരാന്‍ ആഗ്രഹിക്കുന്നു എന്ന്‌ കണ്ടെത്തുക. ഇവിടെയും പ്രായോഗികമായ ലക്ഷ്യം കുറിക്കാന്‍ ശ്രദ്ധിക്കുക. ഇനി ഇപ്പോഴത്തെ ആദ്യ പടിയില്‍ നിന്ന്‌ നിങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്ന അവസാന പടിയിലേക്ക്‌ എത്താന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ കണ്ടെത്തുക. ഇതിനിടയില്‍ ഒന്നൊന്നായി കൈവരിക്കേണ്ട സ്ഥാനങ്ങള്‍, അവയ്‌ക്ക്‌ വേണ്ടി വരുന്ന സമയം, നൈപുണ്യശേഷികള്‍, അതിനായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കേണ്ടി വരുന്ന ആളുകള്‍ എന്നിങ്ങനെയുള്ള സൂക്ഷ്‌മമായ വിശദാംശങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തണം. 

ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ മാത്രം ഒതുങ്ങുന്നതാണ്‌ നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങളെങ്കില്‍ കമ്പനിയുടെ വളര്‍ച്ച ലക്ഷ്യങ്ങള്‍ കൂടി നിങ്ങളുടെ കരിയര്‍ മാപ്പിന്‌ അനുപൂരകമാക്കണം. എന്തെല്ലാം പരിശീലനങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതുണ്ട്‌, അതിനുള്ള അവസരങ്ങള്‍ കമ്പനിയില്‍ തന്നെയുണ്ടോ, അതോ പുറത്ത്‌ പോയി കോഴ്‌സുകള്‍ ചെയ്യണോ എന്നുള്ള കാര്യങ്ങളും കരിയര്‍ മാപ്പില്‍ ഉള്‍പ്പെടുത്തണം. ഇനി കരിയര്‍ മാപ്പൊക്കെ ഉണ്ടാക്കി കഴിഞ്ഞാല്‍ അത്‌ പെട്ടിക്കുള്ളില്‍ വച്ച്‌ പൂട്ടരുത്‌. അതിനെ പറ്റി നിങ്ങളുടെ തൊഴില്‍ദാതാവിനെയും അറിയിക്കണം. നിങ്ങളുടെ മാനേജറും അയാളുടെ മാനേജറുമായുമെല്ലാം പറ്റിയാല്‍ ഇത്‌ ചര്‍ച്ച ചെയ്യണം. ഈ ചര്‍ച്ചകള്‍ കരിയര്‍ മാപ്പിനെ കുറച്ച്‌ കൂടി യാഥാര്‍ത്ഥ്യപൂര്‍ണ്ണവും കൃത്യതയുള്ളതുമാക്കും. ഒരിക്കല്‍ ഉണ്ടാക്കി വച്ച്‌ കഴിഞ്ഞാല്‍ പിന്നെ മാറാതെ ഇരിക്കുന്നതല്ല കരിയര്‍ മാപ്പ്‌ എന്നും ഓര്‍ക്കണം. പുതിയ സാങ്കേതിക വിദ്യയും സാഹചര്യങ്ങളുമെല്ലാം നിങ്ങളുടെ തൊഴിലിടത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാം. ഇതിനനുസരിച്ച്‌ കരിയര്‍ മാപ്പിലും പുതുക്കലുകള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കണം. കരിയര്‍ മാപ്പിന്‌ അനുസരിച്ച്‌ നിങ്ങള്‍ക്ക്‌ മുന്നേറാന്‍ സാധിക്കുന്നുണ്ടോ എന്നും ഇടയ്‌ക്കിടെ പരിശോധിക്കണം.  നിലവിലെ  കമ്പനി നിങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്ന വളര്‍ച്ച നിങ്ങള്‍ക്ക്‌ നിഷേധിക്കുന്നെങ്കില്‍ കമ്പനി മാറുന്നതിനെ കുറിച്ചും ആലോചിക്കാം.

English Summary:

Unlock Your Career Potential: The Power of Career Mapping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com