ഭൂമിയുടെ സ്പന്ദനം കണക്കിൽ മാത്രമാണോ? നിർണായകമായ ആ തീരുമാനമെടുത്ത നിമിഷം...

Mail This Article
1996-98 കാലഘട്ടം. അന്നു ഞാൻ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്നു. എസ്എസ്എൽസിക്ക് സയൻസ്, കണക്ക് വിഷയങ്ങൾക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പാണ് എടുത്തത്. എന്നാൽ, കോളേജിൽ ചേർന്ന് അധികം കഴിയും മുൻപു തന്നെ കളി മാറി. മിക്ക ദിവസങ്ങളിലും സമരം. തൊട്ടടുത്തുള്ള അസംപ്ഷൻ, എസ്ബി കോളജുകളിൽ ക്ലാസുകൾ തകൃതിയായി നടക്കുമ്പോൾ ഞങ്ങൾ വീട്ടിൽ തിരിച്ചു പോകാനുള്ള ബസിൽ കയറിയിരിക്കും.
കോട്ടാങ്ങൽ എന്ന ഗ്രാമപ്രദേശത്തുനിന്നും വള്ളവും വണ്ടിയും കയറി ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ തന്നെ സമരം കാരണം ക്ലാസ് ഇല്ലെന്ന് അറിയും. ബസ്സിൽനിന്ന് പലപ്പോഴും സ്റ്റാൻഡിൽ ഇറങ്ങേണ്ടിവരാറില്ല. അതേ വണ്ടിയിൽ തന്നെ ഉച്ചഭക്ഷണത്തിന്റെ സമയമാകുമ്പോൾ തിരികെ വീട്ടിലെത്തും. അന്ന് പല അധ്യാപകരും സ്വകാര്യ ട്യൂഷൻ വീട്ടിൽ നടത്തിയിരുന്നു. ചില കുട്ടികൾ ട്യൂഷൻ സെന്ററിൽ പോകും. മറ്റു ചിലർ എൻട്രൻസ് കോച്ചിങ് സെന്ററിലേക്കും വച്ചു പിടിക്കും. ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്നു വിചാരിച്ച് ഫസ്റ്റ് ഗ്രൂപ്പ് എടുത്ത ഞാൻ എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിന്ന നാളുകൾ... അവസാനം പ്രീഡിഗ്രി പരീക്ഷാഫലം വന്നപ്പോൾ പുറത്തു പറയാനുള്ള മാർക്ക് ഉണ്ടായിരുന്നത് ഇംഗ്ലിഷിനും സെക്കൻഡ് ലാംഗ്വേജിനും മാത്രമായിരുന്നു. ഡിഗ്രിക്കു ചേരുക എന്നതാണ് അടുത്തപടി. ഇംഗ്ലിഷ് സാഹിത്യത്തോട് ഒരു കമ്പം പണ്ടേ എനിക്കുണ്ട്. പക്ഷേ, സയൻസ് എടുക്കുന്നതായിരുന്നു അന്നത്തെ സ്റ്റാറ്റസ് സിമ്പൽ. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ ഐച്ഛിക വിഷയമായി എടുക്കുന്നവരാണ് ക്യാംപസിലും സമൂഹത്തിലും ബുദ്ധിജീവികളുടെ ഗണത്തിൽപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഡിഗ്രിക്ക് ഇംഗ്ലിഷ് സാഹിത്യം പ്രധാന വിഷയമായി എടുക്കാനുള്ള എന്റെ ആഗ്രഹത്തെ ബന്ധുമിത്രാദികൾ ആരും തന്നെ പിന്തുണച്ചില്ല. എന്തോ വലിയ തെറ്റ് ചെയ്യുന്നതു പോലെയായിരുന്നു എല്ലാവരുടെയും പെരുമാറ്റം. സ്ഫടികത്തിലെ ചാക്കോ മാഷിന്റെ ലൈനായിരുന്നു ഭൂരിപക്ഷം പേരും. അവസാനം ഫസ്റ്റ് ചോയ്സ് കണക്കും, സെക്കൻഡ് ചോയ്സ് ഫിസിക്സും, തേർഡ് ഓപ്ഷൻ ഇംഗ്ലിഷ് ലിറ്ററേച്ചറും വച്ചു. അതോടെ വീട്ടുകാർക്ക് സമാധാനമായി. അന്ന് ഞങ്ങളുടെ പ്രിൻസിപ്പൽ കെ.വി. രവീന്ദ്രനാഥൻ നായർ സാറാണ്. മല്ലപ്പള്ളി എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആയിരുന്നതുകൊണ്ടുതന്നെ സാറിന് എന്റെ ബന്ധുക്കളെ പലരെയും വ്യക്തിപരമായി അറിയാമായിരുന്നു. എനിക്കു മാത്തമാറ്റിക്സിന് അഡ്മിഷൻ കൊടുക്കണം എന്നുള്ള അപേക്ഷ സാറിനു നേരത്തേ തന്നെ ലഭിച്ചിരുന്നു.
ഇന്റർവ്യൂ ദിവസം ഞാൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പേര് വിളിച്ചു. ഞാൻ കയറിചെല്ലുമ്പോൾ സാർ എന്റെ അപേക്ഷാഫോം വിശദമായി പരിശോധിക്കുകയാണ്. അപേക്ഷാഫോമിൽ നിന്നും മുഖമുയർത്തി സാർ പറഞ്ഞു തുടങ്ങി: ‘മാത്തമാറ്റിക്സിനും ഫിസിക്സിനും വളരെ നല്ല മാർക്ക് കിട്ടിയ ഒരുപാടു കുട്ടികളുണ്ട്. തന്റെ റാങ്ക് അവസാനത്തെ ഇരുപതു പേരിൽ ആണ്. പക്ഷേ, ഇംഗ്ലിഷിന് ഇവിടെ കിട്ടിയിരിക്കുന്ന അപേക്ഷാഫോമുകളിൽ ആദ്യത്തെ അഞ്ചു പേരിൽ ഇയാളും ഉണ്ട്. ഇനിയുള്ള കാലം ഇംഗ്ലിഷിന് നല്ല സാധ്യതയുണ്ട്. കണക്കു വേണമെന്ന് നിർബന്ധമാണെങ്കിൽ നമുക്കു നോക്കാം. പക്ഷേ, മുന്നോട്ടു പോകുമ്പോൾ ബന്ധുക്കൾ ഒന്നും തന്നെ തന്റെ കൂടെ ഉണ്ടാവുകയില്ല. പഠിക്കേണ്ടത് താൻ മാത്രമാണ്. സ്വയം ചിന്തിക്കുക...’ എന്റെ മനസ്സിൽ ഒരു പിടിവലി തുടങ്ങി. സ്റ്റാറ്റസ് വേണോ സന്തോഷം വേണോ? പുറത്ത് ഒരുപാട് ആളുകള്‍ ഞാന്‍ ഇറങ്ങാന്‍ അക്ഷമയോടെ നോക്കിയിരിക്കുകയാണ്. എനിക്കു ചിന്തിച്ചു നിൽക്കാൻ സമയമില്ല. അടുത്ത നിമിഷം ഞാൻ സാറിനോടു പറഞ്ഞു – ‘സാർ, എനിക്ക് ഇംഗ്ലീഷ് മതി’.

ഒറ്റ നിമിഷം കൊണ്ട് ഞാനെടുത്ത ആ തീരുമാനമാണ് എന്റെ ജീവിതത്തിനു വഴിത്തിരിവായത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മാത്തമാറ്റിക്സ്, ഫിസിക്സ് ഇവയിലേതെങ്കിലും എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ഡിഗ്രിയോടെ വിദ്യാഭ്യാസം നിന്നുപോയേനെ. പഠിച്ച കലാലയത്തിൽ തന്നെ ഇംഗ്ലിഷ് അസിസ്റ്റന്റ് പ്രഫസറായി ഇന്നു ജോലി ചെയ്യുമ്പോൾ എന്റെ മെന്ററിന്റെ സ്ഥാനത്ത് കെ.വി രവീന്ദ്രനാഥൻ നായർ സാറാണ്. ഒരാളുടെ മെന്റർ ആവാൻ ഒരുപാട് കാലങ്ങളുടെ പരിചയം ഒന്നും വേണ്ട. നല്ല ഒരു അധ്യാപകന് അദ്ദേഹത്തിന്റെ വിദ്യാർഥിയുടെ ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതി. ഒരിക്കലും ഒരു കോഴ്സോ ജോലിയോ തിരഞ്ഞെടുക്കാൻ നാം ആരെയും പ്രേരിപ്പിക്കരുത്. സ്വന്തം ഇഷ്ടം മാത്രമായിരിക്കണം അതിന്റെ മാനദണ്ഡം. എന്നാൽ മാത്രമേ ആ വ്യക്തി ആ മേഖലയിൽ വിജയിക്കുകയുള്ളൂ. പതിനായിരക്കണക്കിനു കുട്ടികളെ പഠിപ്പിക്കുകയും അഡ്മിഷൻ എടുക്കുകയും ചെയ്ത രവീന്ദ്രനാഥ് സാറിന് ഈ സംഭവം ഓർമ കാണില്ല. എന്നിരുന്നാലും ഈ കുറിപ്പ് ഞാൻ അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമർപ്പിക്കുന്നു കാരണം, ഇനി കാലം എത്ര കഴിഞ്ഞാലും എന്റെ മെന്ററിന്റെ സ്ഥാനത്ത് ഞാന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് അദ്ദേഹത്തെ തന്നെയാണ്.
(ലേഖിക ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ് ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്)
പ്രിയ വായനക്കാരേ, നിങ്ങൾക്കുമുണ്ടാകില്ലേ ജീവിതത്തിലും കരിയറിലും വഴികാട്ടിയായ മെന്റർ? നിങ്ങൾക്കും അനുഭവക്കുറിപ്പുകൾ പങ്കുവയ്ക്കാം. നിങ്ങളുടെ ഫോട്ടോ, മെന്ററിന്റെ ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം customersupport@mm.co.in എന്ന ഇ – മെയിലേക്ക് അയയ്ക്കുക. ഇ– മെയിലിന്റെ സബജക്ട് ലൈനിൽ Manorama Online My Mentor Series എന്ന് എഴുതാൻ മറക്കരുത്. തിരഞ്ഞെടുത്ത അനുഭവക്കുറിപ്പുകൾ പ്രസദ്ധീകരിക്കും.