ഇന്ത്യയിലെ ഏറ്റവും വലിയ സ്വയം പ്രതിരോധ പരിപാടി രാജസ്ഥാനില്‍; അഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്ക് പരിശീലനം
Mail This Article
പെണ്‍കുട്ടികള്‍ക്ക് ഇക്കാലത്ത് വിദ്യാഭ്യാസം മാത്രം പോരാ. പുറം ലോകത്ത് അവരുടെ നേരെ ഉയരുന്ന വെല്ലുവിളികളെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള പരിശീലനവും ആവശ്യമാണ്. പെണ്‍കുട്ടികളുടെ സുരക്ഷ വലിയൊരു സാമൂഹിക പ്രശ്‌നമായ രാജ്യത്ത് സ്വയം പ്രതിരോധിക്കാന്‍ ഓരോ പെണ്‍കുട്ടിയും പഠിച്ചിരിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വയം പ്രതിരോധ പരിപാടിക്കു രാജസ്ഥാനില്‍ ഉടനെ തുടക്കമാകും. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തില്‍ പരിശീലനം നല്‍കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്.
ഇതിനു വേണ്ടിയുള്ള ധാരണാപത്രത്തില്‍ ദേശീയ നൈപുണ്യ വികസന കമ്മീഷന്റെ ഭാഗമായ സ്‌പോര്‍ട്‌സ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫിറ്റ്‌നസ് ആന്‍ഡ് ലെഷര്‍ സ്‌കില്‍ കൗണ്‍സിലും(എസ്പിഇഎഫ്എല്‍-എസ് സി) രാജസ്ഥാന്‍ ഗവണ്‍മെന്റും ഒപ്പു വച്ചു. 2012ലെ ഡല്‍ഹി കൂട്ട ബലാല്‍സംഗത്തിനും കൊലയ്ക്കും ശേഷം കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച നിര്‍ഭയ ഫണ്ടില്‍ നിന്ന് ഈ പരിശീലനത്തിനുള്ള തുക കണ്ടെത്തും.
അഞ്ചു ഘട്ടങ്ങളിലായിട്ടാണ് പരിശീലനം നടക്കുക. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പെണ്‍കുട്ടികള്‍ക്കു സ്വയം പ്രതിരോധത്തില്‍ പരിശീലനം നല്‍കും. ഏതൊരു ആയോധന കലയേക്കാലും ശാസ്ത്രീയമായ രീതിയിലാകും പരിശീലനമെന്ന് എസ്പിഇഎഫ്എല്‍-എസ്‌സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തെഹ്‌സിന്‍ സാഹിദ് പറയുന്നു. ക്രാവ് മാഗ, പികെറ്റി , ജിയു ജിറ്റ്‌സു, ബോക്‌സിങ്, കിക്ക് ബോക്‌സിങ്, ഗ്രാപ്‌ളിങ് തുടങ്ങിയ വിവിധ ആയോധന മുറകളില്‍ നിന്നുള്ള സങ്കേതങ്ങള്‍ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിക്കും.
പെണ്‍കുട്ടികള്‍ സാധാരണ സല്‍വാര്‍ കമ്മീസ്, ലെഹംഗ, സാരി പോലുള്ള വസ്ത്രങ്ങളാണ് ധരിക്കുക. ഇത് അവരുടെ ചലനത്തെ പരിമിതപ്പെടുത്താറുണ്ട്. എന്നാല്‍ ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചടുലമായി നീങ്ങി സ്വയം പ്രതിരോധം തീര്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നും തെഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഗില്‍ യുദ്ധവീരന്‍ റിട്ട. ലഫ്. കേണല്‍ സഞ്ജയ് പന്‍വാറാണ് എസ്പിഇഎഫ്എല്‍-എസ് സി സ്വയം പ്രതിരോധ വെര്‍ട്ടിക്കലിന്റെ മേധാവി. ഇത്തരത്തിലുള്ള പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ലെഫ് കേണല്‍(റിട്ട.) സഞ്ജയ് പന്‍വാര്‍ പറയുന്നു. ഈ വിപ്ലവാത്മകമായ പരിശീലന പദ്ധതിയിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വയം പ്രതിരോധ പാഠങ്ങള്‍ പെണ്‍കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഷ്ടികയോ ഐസ് സ്ലാബോ തകര്‍ക്കാനോ കമ്പി വളയ്ക്കാനോ ഒന്നുമല്ല ഇവിടെ ഞങ്ങള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതെന്ന് പരിശീലന പരിപാടിയിലെ മാസ്റ്റര്‍ ട്രെയ്‌നര്‍ ഗൗരവ് ജയിന്‍ പറയുന്നു. " കാരണം പുറത്തു റോഡില്‍ സഞ്ചരിക്കുമ്പോള്‍ ഈ ജീവനില്ലാത്ത ഇഷ്ടികയോ ഐസ് കട്ടയോ ഒന്നുമല്ല അവര്‍ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത്. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ നേരിടാനുള്ള പരിശീലനമാണ് നല്‍കുക"- അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: India’s largest self-defence programme for girls in Rajasthan