സ്കൂളുകളിൽ കെ ഫോൺ: ഉറപ്പ് വീണ്ടും വെറുംവാക്കായി
Mail This Article
തിരുവനന്തപുരം∙ പൊതുവിദ്യാലയങ്ങളിലെ ഇന്റർനെറ്റ് കണക്‌ഷന്റെ കാര്യത്തിൽ കെ ഫോണിന്റെ ഉറപ്പ് വീണ്ടും വെറുംവാക്കായി. ഹൈടെക് ക്ലാസ് മുറികളുള്ള ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ഒക്ടോബർ 30ന് മുൻപ് ഇന്റർനെറ്റ് എത്തിക്കാമെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന് ഏറ്റവും ഒടുവിൽ കെ ഫോൺ നൽകിയ ഉറപ്പ്. എന്നാൽ, നവംബറായിട്ടും മൂന്നിലൊന്നു സ്കൂളുകളിലേ ഇന്റർനെറ്റ് ലഭ്യമാക്കാനായിട്ടുള്ളൂ. ഭൂരിപക്ഷം എൽപി, യുപി സ്കൂളുകളിലും കണക്‌ഷൻ പോലും നൽകിയിട്ടില്ല. സ്വന്തമായി പണം മുടക്കി ഇന്റർനെറ്റ് കണക്‌ഷ നെടുത്താണ് പഠനപ്രവർത്തനങ്ങളടക്കം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ മാസത്തോടെ സ്കൂളുകളിലെല്ലാം കണക്‌ഷൻ നൽകാമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഒടുവിലത്തെ അവലോകനയോഗത്തിൽ കെ ഫോൺ അധികൃതരുടെ പുതിയ ഉറപ്പ്.
കഴിഞ്ഞ അധ്യയനവർഷം വരെ സ്മാർട് ക്ലാസ് മുറികളുള്ള 4752 സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് മുഖേന ബിഎസ്എൻഎൽ കണക്‌ഷനാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നൽകിയിരുന്നത്. എൽപി, യുപി സ്കൂളുകളിലും ബിഎസ്എൻഎലിന്റെ വേഗം കുറഞ്ഞ ഇന്റർനെറ്റ് ലഭ്യമാക്കിയിരുന്നു. എന്നാൽ, ഈ അധ്യയനവർഷം സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിലേക്കു മാറണമെന്നു നിർദേശിച്ച് കഴിഞ്ഞ മാർച്ചോടെ തന്നെ ബിഎസ്എൻഎൽ കണക്‌ഷനുകൾ റദ്ദാക്കുകയായിരുന്നു. അതിനും ഒരു വർഷം മുൻപ് 2022 ജൂലൈയിൽ തന്നെ കണക്‌ഷൻ നൽകേണ്ട 13,957 സ്കൂളുകളുടെ പട്ടിക കൈറ്റ് കെ ഫോണിനു കൈമാറിയിരുന്നു.