സൗന്ദര്യത്തിന് മയിലിനെ തിന്നും, കരുത്തിന് കരടിയെയും; കൊറോണയില്‍ ശീലം മാറ്റി ചൈന
Mail This Article
വര്‍ഷത്തില്‍ ഏകദേശം 7300 കോടി ഡോളറിന്റെ കച്ചവടമാണ് ചൈനയിലെ വന്യജീവി വിപണിയില്‍ നടക്കുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം അഞ്ചു ലക്ഷം കോടി രൂപയ്ക്കടുത്ത്! മാംസത്തിനു വേണ്ടി കാട്ടുമൃഗങ്ങളെ ഫാമുകളില്‍ വളര്‍ത്തിയെടുക്കുന്ന രീതിവരെയുണ്ട് ഈ രാജ്യത്ത്. കടുവകളെയും ഇത്തരത്തില്‍ ഫാമുകളില്‍ വളര്‍ത്തുന്ന രാജ്യമാണ് ചൈന. കൂടാതെ മയില്‍, കരടി, കുരങ്ങന്‍, വെരുക്, ഈനാംപേച്ചി, പാമ്പ് തുടങ്ങി സകല വന്യജീവികളെയും ചൈന കൂട്ടിലിട്ടു വളര്‍ത്തുന്നുണ്ട്. ഇവയുടെ വില്‍പയ്ക്കു വേണ്ടി പ്രത്യേകമായുള്ള മാര്‍ക്കറ്റിലെത്തിച്ച് കൊന്നു വില്‍ക്കുകയും ചെയ്യുന്നു.
പരമ്പരാഗത വൈദ്യത്തില്‍ പ്രയോഗിക്കാനും ഇറച്ചിക്കു വേണ്ടിയുമാണു പ്രധാനമായും ഈ വില്‍പന. ഈ സ്വഭാവമാണ് ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്ക പരത്തുന്ന കൊറോണയുടെ പുതിയ വകഭേദമായ കോവിഡ് 19ന്റെ തുടക്കത്തിനും കാരണമായത്. ചൈനയിലെ വുഹാനിലുള്ള ഹ്വാനന്‍ സീഫൂഡ് മാര്‍ക്കറ്റില്‍ നിന്നാണ് ആദ്യമായി കോവിഡ് 19 പൊട്ടിപ്പുറപ്പട്ടതെന്നാണു കരുതുന്നത്. എന്നാല്‍ ഇപ്പോഴും ഉറവിടം കൃത്യമായി കണ്ടെത്താനായിട്ടില്ല. അത്രയേറെ വൈവിധ്യം നിറഞ്ഞതാണ് ഈ മാര്‍ക്കറ്റ്. പേരില്‍ മാത്രമേ കടല്‍വിഭവങ്ങള്‍ വില്‍പനയ്ക്കുളളൂ. ഹ്വാനനിലെ ചന്തയില്‍ പ്രധാനമായും വില്‍ക്കുന്നത് കാട്ടുജീവികളെയാണ്. മുതലയെയും മയിലിനെയും കരടിയെയും വരെ അവിടെ ലഭിക്കുമായിരുന്നു. അവിടെ മാത്രമല്ല ചൈനയിലെ എല്ലാ പ്രവിശ്യകളിലുമുണ്ട് അത്തരം മാര്‍ക്കറ്റുകള്‍. പക്ഷേ ഇനി മുതല്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചി തിന്നേണ്ടെന്നാണു ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം.
ചില ജീവികളെ വന്യജീവി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വില്‍പനയില്‍ നിന്നൊഴിവാക്കാനാണു നീക്കം. ഇതിനു വേണ്ടിയുളള നിയമം ഏതാനും മാസങ്ങള്‍ക്കകം തയാറാകും. എന്തുകൊണ്ടാണു ചൈനയില്‍ വന്യജീവികള്‍ക്ക് ഇത്രയേറെ ആവശ്യക്കാരുണ്ടാകുന്നത്? പരമ്പരാഗതമായ ഭക്ഷണ രീതികളില്‍ കാട്ടുജീവികളുടെ ഇറച്ചിയും ഉള്‍പ്പെടുന്നതിനാലാണെന്നാണു പ്രമുഖവാദം. എന്നാല്‍ ഇതോടൊപ്പം അന്ധവിശ്വാസം കൂടി ചേരുന്നതാണു പ്രശ്‌നം. മയിലിനെ തിന്നാല്‍ സുന്ദരിയാകും, കരടിയെ തിന്നാല്‍ അതിന്റെ കരുത്ത് കഴിക്കുന്നവര്‍ക്കു ലഭിക്കും എന്നൊക്കെയാണു വിശ്വാസം. ചെറിയൊരു മയിലിന് 10,000ത്തിലേറെ രൂപ കൊടുക്കണം ചൈനീസ് വിപണിയില്‍. അതിഥികളെ കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുള്ള വിഭവങ്ങള്‍ നല്‍കി സ്വീകരിക്കുന്നതാണു രാജകീയ രീതിയെന്നു കരുതുന്നവരും ഏറെ.
ഈനാംപേച്ചിയെപ്പോലുള്ള ജീവികളുടെ ശല്‍ക്കങ്ങള്‍ ഉത്തമ ഔഷധമാണെന്നു വിശ്വസിക്കുന്ന ഒട്ടേറെ പേരുമുണ്ട് ചൈനയില്‍. വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍, ചില ജീവികളെ പിടികൂടുന്നതും വില്‍ക്കുന്നതും ചൈന അടുത്തിടെ വിലക്കിയിരുന്നു. എന്നാല്‍ അതോടൊപ്പംതന്നെ നിയമത്തില്‍ വെള്ളം കലര്‍ത്തുന്നുമുണ്ട്. വന്യജീവി വിഭാഗത്തില്‍പ്പെട്ട മുയലിനെയും പ്രാവിനെയും പുതിയ നിയമപ്രകാരം കാട്ടുജീവിയായി കാണാനാകില്ല, പകരം അവയെ ഇറച്ചിക്കായി വില്‍പന നടത്താവുന്ന നാട്ടുജീവികളുടെ പട്ടികയില്‍പ്പെടുത്തി. ചൈനയിലെ മാംസമാര്‍ക്കറ്റുകളിലെല്ലം പലതരം ജീവികളാണെത്തുന്നത്. ഓരോന്നിന്റെയും ശരീരത്തില്‍ ഓരോ തരം വൈറസുകളാണ്. ഇവ കൂടിച്ചേര്‍ന്നാല്‍ ചിലപ്പോള്‍ അതിമാരക വൈറസുകള്‍ രൂപപ്പെടാം.
2003ല്‍ ചൈനയില്‍ സാര്‍സ് രോഗം എത്തിയത് ഒരു വെരുകിലൂടെയാണ്. എന്നാല്‍ വിവിധ ചന്തകളില്‍ നടത്തിയ തിരച്ചിലില്‍ സാര്‍സ് വൈറസിനെ മറ്റു വെരുകുകളില്‍ കണ്ടെത്താനായില്ല. അതിനര്‍ഥം ഒരു വെരുകില്‍ നിന്നുള്ള വൈറസ് മറ്റൊരു ജീവിയിലെ വൈറസുമായി കൂടിച്ചേര്‍ന്നെന്നാകാം. സാര്‍സ് പടര്‍ന്ന കാലത്തും ഇതുപോലെ വന്യജീവികളുടെ വില്‍പനയും വാങ്ങലും തീറ്റയും നിരോധിച്ചിരുന്നു. അന്ന് വെരുക്, കീരി തുടങ്ങിയവയുടെ വില്‍പയാണു നിരോധിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം അതെല്ലാം പഴയപടിയായി. അതുതന്നെയാകാം ഇത്തവണയും സംഭവിക്കുകയെന്നും നിരീക്ഷകര്‍ പറയുന്നു.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 20,000ത്തോളം ഫാമുകള്‍ ചൈന അടച്ചുപൂട്ടുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടുണ്ട്. മയില്‍, കുറുക്കന്‍, ആമ, മാന്‍ തുടങ്ങിയവയെ വളര്‍ത്തുന്ന ഫാമുകളായിരുന്നു ഇവ. അതിനിടയ്ക്ക് വന്യജീവി സംരക്ഷകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയുമുണ്ട്. 2004ലെ ഒരു സര്‍വേ പ്രകാരം 42% പേരാണ് വന്യജീവികളെ തിന്നുന്നത് തെറ്റാണെന്നു സമ്മതിച്ചത്. എന്നാല്‍ ഇത്തവണ അത് 52 ശതമാനമായി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലാകട്ടെ 80% പേരും പറയുന്നത് വന്യജീവികളെ തിന്നരുതെന്നാണ്. ചൈന മാറിച്ചിന്തിക്കുന്നുവെന്നതിന്റെ ലക്ഷണങ്ങളാണിവയെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
English Summary: To Prevent Next Coronavirus, Stop the Wildlife Trade