ഭൂമിക്കായി ഒരു മണിക്കൂർ ഇരുട്ടിലായി ലോകം; കോവിഡ് ഭീതിക്കിടയിലും ഭൗമ മണിക്കൂർ ആചരിച്ചു

Mail This Article
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭൂമിക്ക് കാവലാകേണ്ടത് നാമോരോരുത്തരും തന്നെയാണ് എന്ന തിരിച്ചറിവ് നൽകിക്കൊണ്ട് ലോകമെങ്ങും ഭൗമ മണിക്കൂർ ആചരണം. രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചാണ് ഭൗമ മണിക്കൂർ ആചരിച്ചത്. കോവിഡ്–19 പ്രതിരോധിക്കുന്നതിൻറെ ഭാഗമായി ലോകത്തെ പല രാഷ്ട്രങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശവ്യാപകമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 21 ദിവസത്തെ ലോക്ഡൗണിലാണ് നമ്മളും. വലിയ തോതിലുള്ള ആശങ്കകള്‍ വിതച്ച മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടയിലായിരുന്നു ഇത്തവണത്തെ ഭൗമ മണിക്കൂര്‍ ആചരണം എന്നത് ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും കോവിഡ്–19 ൻറെ പിടിയിലകപ്പെട്ടവരോടുള്ള പിന്തുണ പ്രഖ്യാപിച്ചുമാണ് ഭൂമിക്കും അന്തേവാസികൾക്കുമായി ലോക ജനത ഒരു മണിക്കൂർ നീക്കിവച്ചത്.
. ലോകത്തിലെ പ്രധാന കേന്ദ്രങ്ങൾ അടക്കം ഈ സമയം ഭൗമ മണിക്കൂർ ആചരിക്കും. ഓസ്ട്രേലിയയിൽ 2007ലാണ് ഭൂമിയെ കുറിച്ചുള്ള കരുതലിന്റെ സൂചകമായി ഭൗമമണിക്കൂർ ആചരണം ആരംഭിച്ചത്. പിന്നീട് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ആശയം പ്രചരിക്കപ്പെടുകയും ചെയ്തു.
പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നുള്ള ഒരു നല്ല നാളെയെക്കുറിച്ച് പ്രതീക്ഷ നൽകിയാണ് ഭൗമമണിക്കൂർ ആചരിക്കുന്നത്. പ്രകൃതി ചൂഷണത്തിന് അറുതി വരുത്തണം എന്ന സന്ദേശമാണ് ഇതിലൂടെ കൈമാറ്റം ചെയ്യുന്നത്. ഒപ്പം ഭൂമിയും ഭൂസമ്പത്തുകളും വരും തലമുറയ്ക്കുവേണ്ടി കൂടി കാത്തുസൂക്ഷിക്കണമെന്ന എന്ന ഓർമ്മപ്പെടുത്തലും.