കേരളത്തിലെ 214 ജീവി വർഗങ്ങൾ വംശനാശഭീഷണിയിൽ; ചൂഷണത്തിനു കാരണം അലങ്കാരവിപണി
Mail This Article
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) ചെമ്പട്ടികയിൽ പെടാത്ത പല ജീവിവർഗങ്ങളും കേരളത്തിൽ വംശനാശഭീഷണി നേരിടുന്നതായി പഠനറിപ്പോർട്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ഡേറ്റ ബുക്കിൽ (ചെമ്പട്ടിക) പെടുന്നതും പെടാത്തതും അടക്കം കേരളത്തിലെ 214 ജീവി വർഗങ്ങൾ പ്രാദേശികമായി വംശനാശഭീഷണി നേരിടുന്നതായാണ് കേരളത്തിനകത്തും പുറത്തുമുള്ള 48 ശാസ്ത്രജ്ഞരടങ്ങിയ സംഘം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. റിപ്പോർട്ട്, സംസ്ഥാന ജൈവവൈവിധ്യ ബോർഡിനു സമർപ്പിച്ചിരിക്കുകയാണ്.
പട്ടികയിൽ ഇവർ
20 ഇനം പക്ഷികൾ, 54 ഇനം ഉരഗവർഗങ്ങൾ, 35 ഇനം ശുദ്ധജല മത്സ്യങ്ങൾ, 49 തരം ചിത്രശലഭങ്ങൾ, 38 ഇനം തുമ്പികൾ, 15 ഇനം ശുദ്ധജല ഞണ്ടുകൾ, 3 ഇനം ശുദ്ധജല കക്ക വർഗങ്ങൾ എന്നിവ പ്രാദേശികതലത്തിൽ വംശനാശഭീഷണി നേരിടുന്നതായാണു സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ, കേരളത്തിൽ നിന്നുള്ള 234 ജീവിവർഗങ്ങളാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
3 ഇനം സസ്തനികൾ, 7 ഇനം പക്ഷികൾ, 2 ഇനം ഉരഗങ്ങൾ, 3 ഇനം തവളകൾ, 9 ശുദ്ധജല മത്സ്യങ്ങൾ, അഞ്ചിനം ചിത്രശലഭങ്ങൾ, രണ്ടിനം തുമ്പികൾ, നാലിനം ശുദ്ധജല ഞണ്ടുകൾ എന്നിവയെ 2002ലെ ജൈവവൈവിധ്യ നിയമത്തിന്റെ 38ാം ഖണ്ഡികയിൽ പെടുത്തി സംരക്ഷണം ഉറപ്പാക്കണമെന്നും റിപ്പോർട്ടിലുണ്ട്. മുള്ളെലി (സ്പൈനി ട്രീ മൗസ്), മദ്രാസ് ട്രീ ഷ്രൂ, ബെയർ ബെല്ലീഡ് ഹെഡ്ജ്ഹോഗ് എന്നിവയാണു ഖണ്ഡികയിലേക്കു നിർദേശിക്കപ്പെട്ട സസ്തനികൾ. ആവാസവ്യവസ്ഥയുടെ നാശം, വനനശീകരണം, ചായ–കാപ്പിത്തോട്ടങ്ങളുടെ വ്യാപനം, കാട്ടുതീ, ഡാം നിർമാണം, കീടനാശിനി പ്രയോഗം തുടങ്ങിയവയാണ് ഇവയുടെ നാശത്തിനു കാരണമായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ വളരെ അപൂർവമായ സ്പൈനി ട്രീ മൗസ് ഇതുവരെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒരു പട്ടികയിലും പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ ഐയുസിഎൻ പട്ടികയിൽ, കേരളത്തിലെ 31 ഇനം സസ്തനികൾ, 54 ഇനം തവളകൾ, 4 ഇനം കടുവാചിലന്തികൾ എന്നിവയുണ്ട്.
ചൂഷണത്തിനു കാരണം അലങ്കാരവിപണിയും
കേരളത്തിലെ 8 ഇനം സസ്തനികളും 15 ഇനം പക്ഷികളും പത്തിനം ഉരഗങ്ങളും മൂന്നിനം തവളകളും 17 ഇനം ശുദ്ധജല മത്സ്യങ്ങളും ഗുരുതര വംശനാശഭീഷണി നേരിടാനിടയാക്കിയതിനു ഭക്ഷണാവശ്യങ്ങളും അലങ്കാര വിപണിയിലെ കച്ചവടവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിത്തേവാങ്ക്, മലയണ്ണാൻ,മുള്ളെലി, ഇത്തിൾപന്നി, ഈനാംപേച്ചി, നീർനായ, പൂവെരുക്, നാടൻ കീരി, വെള്ളിമൂങ്ങ, പൂന്തത്ത, നീലത്തത്ത, വൻതത്ത, മോതിരത്തത്ത, തൂക്കണാംകുരുവി, പൊട്ടൻ ചെങ്ങാലിപ്രാവ്, തവിടൻ പ്രാവ്, കുങ്കുമക്കുരുവി, വയലറ്റ, ആറ്റക്കറുപ്പൻ, ചുട്ടിയാറ്റ, ആറ്റച്ചെമ്പൻ,കാട്ടുമൈന, നക്ഷത്ര ആമ, പെരുമ്പാമ്പ്, ഉടുമ്പ്, ഇരുതലമൂരി പാമ്പ് തുടങ്ങിയവയാണു വേട്ടയാടലും വന്യജീവി കച്ചവടവും കാരണം ഗുരുതര ഭീഷണി നേരിടുന്നത്.
നിയന്ത്രണമില്ലാത്ത മീൻപിടിത്തവും വിദേശത്തു നിന്നുള്ള മത്സ്യ ഇനങ്ങളുടെ വംശവർധനവും കാരണം കൂരി, വരാൽ, മുഷി, മഞ്ഞളേട്ട, വാള എന്നീ മത്സ്യവർഗങ്ങൾ നമ്മുടെ നാട്ടിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അലങ്കാര മത്സ്യവിപണിയിലെ അനിയന്ത്രിതമായ ആവശ്യം കാരണം മിസ് കേരള (ചെങ്കണിയാൻ) എന്ന മീൻ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
പ്രധാന ഭീഷണികൾ
ആവാസ വ്യവസ്ഥയിലെ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം, വികസന പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വേട്ടയാടൽ, വന്യജീവിക്കടത്ത് എന്നിവയാണു കേരളത്തിലെ ജീവി വർഗങ്ങൾ നേരിടുന്ന പ്രധാന ഭീഷണികൾ. ജീവികൾ നേരിടുന്ന വംശനാശഭിഷണിയെ പറ്റി ആഗോളതലത്തിൽ ഐയുസിഎൻ നിരന്തരം പഠനം നടത്താറുണ്ട്. എന്നാൽ, ദേശീയമോ പ്രാദേശികമോ ആയ പഠനങ്ങൾ വിരളമായേ നടക്കുന്നുള്ളു. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടാത്ത പല ജീവി വർഗങ്ങളും പ്രാദേശികതലത്തിൽ ഗുരുതരമായ വംശനാശം നേരിടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇതു തിരിച്ചും സംഭവിക്കാറുണ്ട്. വലിയ ജീവികളെ അപേക്ഷിച്ച് നട്ടെല്ലില്ലാത്ത ജീവികളെ പറ്റിയുള്ള വിവരങ്ങൾ കേരളത്തിൽ പൂർണമായി വിശകലനം ചെയ്തിട്ടില്ല. വനങ്ങളിലെ ജീവികൾ നിയമപരമായി സംരക്ഷിതരാണ്. പക്ഷേ, സംരക്ഷിത വനമേഖലയ്ക്കു പുറത്തുള്ള ജീവികൾ നിരന്തരം വേട്ടയാടലിനും വന്യജീവിക്കടത്തിനും ഇരകളാകുന്നു. ജീവികളെ 2002ലെ ജൈവവൈവിധ്യ നിയമത്തിന്റെ 38ാം ഖണ്ഡികയിൽ െപടുത്തി സംരക്ഷിക്കാൻ ജൈവവൈവിധ്യ ബോർഡിന് അധികാരമുണ്ട്.
ഐയുസിഎൻ
ഭൂമിയിൽ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ പറ്റി തുടർപഠനങ്ങൾ നടത്തുകയും സംരക്ഷണ നടപടികളെടുക്കുകയും ചെയ്യുന്ന രാജ്യാന്തര സംഘടനയാണ് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ. വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ, ഐയുസിഎന്നിന്റെ െചമ്പട്ടികയിൽ (റെഡ് ഡേറ്റാ ബുക്) പെടുത്താറുണ്ട്. ഇതനുസരിച്ച്, കേരളത്തിലെ 234 ഇനം ജീവി വർഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. അതേസമയം, കേരളത്തിൽ കണ്ടുവരുന്ന ചിത്രശലഭങ്ങളുൾപ്പെടെ ഒട്ടേറെ ജീവിവർഗങ്ങൾ ഇതുവരെ ഐയുസിഎൻ ചെമ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
പഠനസംഘാംഗങ്ങൾ
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് കേന്ദ്രമാണു പഠനം നടത്തിയത്. 18 സ്ഥാപനങ്ങളിൽ നിന്നായി 45 വിദഗ്ധർ അടങ്ങിയ സംഘമാണു പഠനം നടത്തിയത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് കേന്ദ്രം മുൻ മേധാവി ഡോ.പി.എം.സുരേഷൻ, ചെന്നൈ കേന്ദ്രത്തിലെ ഡോ.കെ.എ.സുബ്രഹ്മണ്യൻ, പുണെ കേന്ദ്രത്തിലെ ഡോ.ജാഫർ പാലോട്ട് എന്നിവരുടെ നേതൃത്വത്തിൽ ഡോ. പി.ഒ.നമീർ, ഡോ.ജെ.പ്രവീൺ, ഡോ.സി.ശശികുമാർ, ഡോ.കലേഷ് സദാശിവൻ, ബാലകൃഷ്ണൻ വളപ്പിൽ, ഡോ.കെ.പി.ദിനേശ്, ഡോ.ബിജുകുമാർ, ഡോ.സമീർ കുമാർ പാടി, ഡോ.സി.പി.ഷാജി, ഡോ.സുനിൽ ജോസ്, ഡോ.സൗവിക് സെൻ, ഡോ.അരവിന്ദ് മധ്യസ്ഥ, ഡോ.രാജീവ് രാഘവൻ തുടങ്ങിയവരാണു പഠന സംഘത്തിലുണ്ടായിരുന്നത്. ഇത്രയും ശാസ്ത്രജ്ഞരുടെ, ദശാബ്ദങ്ങൾ നീണ്ട, നേരിട്ടുള്ള ഫീൽഡ് പഠന, ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയത്.
English Summary: Study finds 214 species facing extinction threat in Kerala