പിളരുന്ന ഭൂമി, അതീവ പരിസ്ഥിതിലോല മേഖല; ജോഷിമഠില്‍ സംഭവിക്കുന്നതെന്ത്?

Mail This Article
പുതുവല്‍സരം ഉത്തരാഖണ്ഡിലെ ജോഷിമഠിലുള്ളവര്‍ക്ക് ആശങ്കകൾ മാത്രമാണ് നൽകിയത്. ജീവിതം കരുപ്പിടിപ്പിച്ച ഇടങ്ങള്‍ ഇല്ലാതാവുന്നതിന്‍റെ പലായനത്തിന്‍റെ ഉള്ളുപിളര്‍ക്കുന്ന കടുത്ത വേദനയുടേതായിരുന്നു വരും ദിനങ്ങൾ. ആഭ്യന്തരയുദ്ധമോ കലാപമോ ഒന്നുമായിരുന്നില്ല ജോഷിമഠിന്‍റെ പ്രശ്നം. ഘനഗാംഭീരത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കീഴ്ക്കാംതൂക്കായ പര്‍വതനിരകളുടെ ആ ഗ്രാമത്തിലെ ഭൂമിയാണ് പ്രശ്നം. ഭൂമി ഇടിഞ്ഞുതാഴാന്‍ തുടങ്ങിയിട്ട് ആഴ്ച പിന്നിടുന്നു. ജോഷിമഠിലെ ഒൻപത് വാർഡുകളിലെ 3000ത്തോളം പേരിലേക്ക് ആശങ്കയുടെ അഗാധതാഴ്ചകള്‍ സൃഷ്ടിച്ച് ഭൂമിയില്‍ വിള്ളലുകള്‍ വീണു ഇടിഞ്ഞുതാഴാന്‍ തുടങ്ങി. നമ്മളിവിടെ കനത്ത മഴക്കാലത്ത് മാത്രം അവിടവിടങ്ങളിലായി കേള്‍ക്കുന്ന മണ്ണിടിച്ചില്‍ പോലെ ഓരോനിമിഷവും മണ്ണടര്‍ന്നുപോകുന്ന ഒരു നാടായി ജോഷിമഠ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാറിക്കഴിഞ്ഞു. ആയിരത്തോളം വീടുകളില്‍ വിള്ളല്‍ വീണുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ അഞ്ഞൂറിലധികം വീടുകള്‍ അപായസൂചനനല്‍കിയതോടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുതുടങ്ങിയിരുന്നു. പ്രദേശത്ത് നടന്നുവന്ന പദ്ധതികളെല്ലാം അന്നേ നിര്‍ത്തി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിരുന്നു. തലമുറകളായി ജീവിച്ചുപോന്ന മണ്ണും വീടും വിട്ട് ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് പലായനവും തുടങ്ങി.
എന്തുകൊണ്ടാണ് ജോഷിമഠില്‍ ഇങ്ങനെ സംഭവിക്കുന്നത്. തപോവൻ ഹൈഡ്രോ പവർ പ്ലാന്റാണ് വീടുകൾ തകരാൻ എന്നാണ് പ്രദേശവാസികൾ ആവര്‍ത്തിച്ചു പറയുന്നത്. ഉയർന്ന മേഖലകളിൽ നടത്തിയ അശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് ഭൂമി ഇടിഞ്ഞു താഴാൻ കാരണമായത് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ഭൂമിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കാൻ ഐഐടി റൂർക്കിയിൽ നിന്നുള്ള സംഘo പ്രദേശത്ത് എത്തിയിരുന്നു. ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടര്‍ക്കഥയായതോടെ ജോഷിമഠിൽനിന്ന് ഒഴിപ്പിക്കൽ വേഗത്തിലായി. ഇതിനിടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുവന്നു. ജോഷിമഠ് വിട്ടുപോവില്ലെന്നാണ് ചിലരുടെ നിലപാട്. നാഷനൽ തെർമൽ പവർ കോർപ്പറേഷനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തി. NTPCയുടെ പദ്ധതിയുടെ ഭാഗമായ തുരങ്ക നിർമാണമാണ് ജോഷിമഠിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഇതുവരെ 600 വീടുകളിൽനിന്നായി നാലായിരത്തോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിള്ളലുകൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഹോട്ടലുടമയും രംഗത്തുവന്നു.
തീര്‍ഥാടനകേന്ദ്രമായ ബദരീനാഥിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്. ഹിമാലയ പാതയിലെ ഈ ചെറുപട്ടണത്തിൽ 3800 കുടുംബങ്ങളാണുള്ളത്. തപോവൻ– വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായി എൻടിപിസി നടത്തുന്ന തുരങ്ക നിർമാണമാണ് കെട്ടിടങ്ങളുടെ നാശത്തിന് കാരണമെന്ന് നേരത്തേ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനിടെ ബദരിയിലേക്കുള്ള ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു. ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ടണൽ നിർമാണം നിർത്തിവയ്ക്കുക, ദേശീയപാത വികസനം ഉപേക്ഷിക്കുക, ജനങ്ങളെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധങ്ങള്‍. തുടര്‍ന്ന് ഹെലാങ്ക് മുതൽ മാർവാഡി വരെ നിർമിക്കുന്ന ബൈപാസ് നിർമാണം നിർത്തിവയ്ക്കാനും ജില്ലാ ഭരണകൂടം നിർദേശം നൽകി.
വെള്ളിയാഴ്ചയാണ് ജോഷിമഠില്‍ ഒരു ക്ഷേത്രം തകർന്നുവീണത്. ജോഷിമഠിൽനിന്ന് ചൈനീസ് അതിർത്തിയിലേക്കുള്ള മലാരി റോഡിലും വിള്ളൽ വീണു. സമീപത്തെ വിനോദ സഞ്ചാരകേന്ദ്രമായ ഒൗലിയിൽ റോപ്‌വേയുടെ തൂണിൽ വിള്ളൽവീണതോടെ സർവീസ് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകൾക്കു നിർദേശം നല്‍കിയാണ് മടങ്ങിയത്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. രക്ഷാദൗത്യത്തിന് ഹെലികോപ്റ്റർ സേവനവും സജ്ജമാക്കി. ഇതിനിടെ, ജോഷിമഠിലെ ഒഴിപ്പിക്കൽ നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും ഭൂമിയിടിയുന്നത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി സുപ്രീംകോടതിയിൽ ഹർജി നൽകി.
ജോഷിമഠിന്‍റെ പ്രത്യേകതകള്‍
ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ആദ്യത്തേതാണ് പിൽക്കാലത്ത് ജോഷിമഠ് എന്നു പ്രസിദ്ധമായ ജ്യോതിർമഠം. ബദരീനാഥ് യാത്രയുടെ മാത്രമല്ല, ഹിമാലയത്തിലെ പല ട്രെക്കിങ് വഴികളുടെ തുടക്കവും ഇവിടെ നിന്നാണ്. രാജ്യാന്തര സ്കീയിങ് തലസ്ഥാനം കൂടിയായ വിനോദ സഞ്ചാര കേന്ദ്രം ഒൗലിയിലേക്കുള്ള പ്രവേശനവും ഇതുവഴിതന്നെ. മഞ്ഞുകാലത്ത് ബദരീനാഥ് ക്ഷേത്രം 6 മാസം അടഞ്ഞുകിടക്കുമ്പോൾ അവിടത്തെ പൂജകൾ ചെയ്യുന്നത് ജോഷിമഠിലെ നരസിംഹക്ഷേത്രത്തിലാണ്.
ജോഷിമഠിലെ മണ്ണ്
ചമോലി ജില്ലയിൽ സമുദ്രനിരപ്പിൽനിന്ന് 6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറു പട്ടണമായ ജോഷിമഠ് ഭൂകമ്പ സാധ്യത ഏറെയുള്ള അഞ്ചാം വിഭാഗത്തിലുള്ള പ്രദേശമാണ്. നൂറ്റാണ്ടു മുൻപ് ഹിമാലയൻ മലനിരകളിൽ ഭൂചലനത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറയും കൊണ്ടുണ്ടായ പ്രദേശമാണിത്. അതിനാൽ മണ്ണിന് ഉറപ്പു കുറവാണെന്നു വിദഗ്ധർ പറയുന്നു. അതീവ പരിസ്ഥിതിലോല മേഖലയായ ജോഷിമഠിൽ അനധികൃത നിർമാണങ്ങളോ വനനശീകരണമോ പാടില്ലെന്നു 1976 ൽ കേന്ദ്രം നിയോഗിച്ച മിശ്ര കമ്മിറ്റി നിർദേശിച്ചിരുന്നെങ്കിലും അവ കടലാസിലൊതുങ്ങി. 1976 മെയ് ഏഴിനാണ് അന്തിമ റിപ്പോര്‍ട്ട് വന്നത്. റിപ്പോര്‍ട്ടില്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ചരിവുകളില്‍ കൃഷി, മരം മുറിക്കല്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിരുന്നു. മഴവെള്ളം ഒലിച്ചിറങ്ങുന്നത് തടയാന്‍ ഡ്രെയിനേജ്, ശരിയായ മലിനജല സംവിധാനം, മണ്ണൊലിപ്പ് തടയാന്‍ നദീതീരത്ത് ചെയ്യേണ്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിരുന്നു. പക്ഷേ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. രാഷ്ട്രീയനേതൃത്വങ്ങള്‍ ഇന്ന് പരസ്പരം പഴിചാരുന്നു.
പ്രദേശത്ത് ആവര്‍ത്തിച്ചുണ്ടാവുന്ന മണ്ണിടിച്ചിലിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചരിവുകളിലെ കൃഷി, നദികളുടെ അടിയൊഴുക്ക്, പാറകള്‍ക്ക് സംഭവിക്കുന്ന തേയ്മാനം, മഴയും മഞ്ഞ് വീഴ്ചയും മൂലം കുന്നുകളില്‍ വെള്ളം ഇറങ്ങുന്നത്, വെള്ളത്തിന്‍റെ സാന്നിധ്യം വര്‍ധിക്കുന്നത്, പാറകളുടെ സ്ഥാനമാറ്റത്തിലേക്ക് നയിക്കുന്നു തുടങ്ങിയവയാണ് മണ്ണിടിച്ചിലിന്‍റെ കാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. കൃത്യമായ വ്യവസ്ഥകളില്ലാതെ 1962നു ശേഷം പ്രദേശത്ത് വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇത് വെള്ളം ഊറിവരുന്നതിലേക്ക് നയിക്കുകയും മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു. ഭൂഗർഭ പാളിയിലുള്ള പാറക്കെട്ടു പൊട്ടി വെള്ളം ഒലിച്ചിറങ്ങിയതാകാം മണ്ണിടിച്ചിലിനു കാരണമെന്നു ഭൗമശാസ്ത്രജ്ഞർ സംശയിക്കുന്നു. എന്നാൽ, എൻടിപിസിയുടെ തപോവൻ – വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിർമാണമാണ് ഭൂമി ഇടിയാനും വീടുകളിൽ വിള്ളൽ വീഴാനും കാരണമെന്നാണു നാട്ടുകാരുടെ വാദം. യഥാർഥ കാരണം കണ്ടെത്താൻ വിദഗ്ധ സമിതികളെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്.
അതേസമയം ജോഷിമഠ് വിഷയത്തില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഈ മാസം പതിനാറിന് പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. രാജ്യത്തെ ഏല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലും സുപ്രീംകോടതി ഇടപെടേണ്ടതില്ല. ജോഷിമഠിലെ പ്രശ്നം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജ്യോതിര്‍ മഠാപധിപതി അവിമുക്തേശ്വരാനന്ദ് ആണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ നടത്തിയ വന്‍കിട നിര്‍മ്മാണമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് ജിയോളജിസ്റ്റുകള്‍ ആരോപിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള സര്‍ക്കാരിന്റെ മുന്നോട്ട് പോക്കാണ് ജോഷിമഠിനെ തകര്‍ത്തതെന്ന് പ്രദേശത്തെ കുറിച്ച് പഠിച്ച ജിയോളജിസ്റ്റ് എസ് പി സതി പറയുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടന്നൊരു വലിയ തകര്‍ച്ച ജോഷിമഠിലുണ്ടാവുമെന്ന മുന്നറിയിപ്പും സതി നല്‍കുന്നുണ്ട്. ജോഷിമഠിന് പെട്ടന്നൊരു പരിഹാരം സാധ്യമല്ലെന്നും പഠനം നടത്തി ഹ്രസ്വ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കിയാലേ ഫലവത്താവുകയുള്ളു എന്നും എസ്.പി. സതി വിശദീകരിക്കുന്നു.
English Summary: The crisis facing the sinking Himalayan town of Joshimath