തകർന്നു വീഴുന്ന വീടുകൾ, വിണ്ടുകീറുന്ന റോഡുകൾ; ജോഷിമഠിന്റെ തകർച്ചയ്ക്ക് പിന്നിൽ?

Mail This Article
ഹിമാലയത്തിന്റെ താഴ്വരയിൽ, ആറായിരമടിയിൽ അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജോഷിമഠ്! ജോഷിമഠിനെ കുറിച്ച് അവശേഷിക്കുന്നത് ഒരേ ഒരു ചോദ്യം മാത്രമാണ്! ഇനി എത്ര നാൾ? ഇടിഞ്ഞു വീഴുന്ന കെട്ടിടങ്ങൾ, രണ്ടായി പിളരുന്ന റോഡുകൾ, എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുന്നു, അറുന്നൂറോളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു.... ഇതാണ് നിലവിൽ ജോഷിമഠിന്റെ അവസ്ഥ, മുങ്ങിക്കൊണ്ടിരിക്കുന്ന ജോഷിമഠ്! എന്തുകൊണ്ട് ജോഷിമഠ് ഇല്ലാതാകുന്നു?
ജോഷിമഠിന്റെ നാശത്തിൻറെ അപായമണി ഇരുപതാം വർഷങ്ങൾക്കു മുൻപേ മുഴങ്ങിക്കൊണ്ടിരിക്കുന്നതാണ്. അതിന് ഭൂമിശാസ്ത്രപരമായ കാരണങ്ങളും മനുഷ്യ നിർമ്മിതമായ കാരണങ്ങളും അനവധിയാണ്. കഴിഞ്ഞ ആഴ്ചയാണ് ജോഷിമഠിലെ പാറകളിൽ വിള്ളലുകൾ ഉണ്ടാകാൻ ആരംഭിക്കുകയും അതിലൂടെ വെള്ളം പുറത്തേക്ക് വരാൻ തുടങ്ങുകയും ചെയ്തത്. വലിയ ശബ്ദത്തോടെ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ റോഡുകളിലും വീടുകളിലും ഭൂമി ഇടിഞ്ഞുതാഴുന്നത് മൂലം വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത് ജോഷിമഠിലെ പുതിയ സംഭവമല്ല. വർഷങ്ങളായി വിദഗ്ധർ ഇവ നിരീക്ഷിച്ചു വരുന്നവയാണ്.
പന്ത്രണ്ട് വർഷം മുമ്പ് സമാനമായ സംഭവം ഉണ്ടാകുകയും വിള്ളലുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തിരുന്നു. 2021 ലെ ഗ്ലേഷ്യൽ ബസറ്റ്ും ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും ഈ മലയോര നഗരത്തെ സാരമായിട്ട് തന്നെ ബാധിച്ചിരുന്നു. 1976-ലെ എംസി മിശ്ര കമ്മറ്റി റിപ്പോർട്ടിലും നഗരവൽക്കരണം മൂലം ജോഷിമഠ് മുങ്ങാൻ സാധ്യതകളുണ്ടെന്ന സൂചനകൾ ഉണ്ടായിരുന്നു. അതിനുശേഷവും നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്, എല്ലാം പങ്കുവയ്ക്കുന്നത് ഒരേ ആശങ്കകൾ തന്നെയായിരുന്നു.
എ.ഡി ഏഴാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയിൽ സ്ഥാപിക്കപ്പെട്ട പുരാതന നഗരമാണ് ജോഷിമഠ്. ഇന്ന് ഹിമാലയത്തിലേക്കുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ കവാടവും വിനോദസഞ്ചാര കേന്ദ്രവും. എന്നാൽ ജോഷിമഠ് സ്ഥാപിക്കപ്പെട്ട താഴ്‌വരയ്ക്ക് ഇന്നത്തെ നിർമിതികൾ താങ്ങാനുള്ള ശേഷി കുറവാണ്. മണ്ണിടിച്ചിലിന് സാധ്യത ഏറെയുള്ള ഇടം. ഉയർന്ന തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇവിടം അനുയോജ്യമല്ലെന്ന് വിദഗ്ധർ പണ്ടേ മുന്നറിയിപ്പ് നൽകിയതാണ്. ഇതുകൂടാതെ ഭൂകമ്പ സാധ്യതയുള്ള പ്രദേശം കൂടിയാണിവിടം. ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ അയഞ്ഞ മണ്ണിലാണ് ഇന്നത്തെ ജോഷിമഠ് എന്ന നഗരം ഉയർന്നു വന്നത്. ഈ പ്രദേശം ഒരുകാലത്ത് ഹിമാനികളുടെ കീഴിലായിരുന്നുവെന്ന് വിദഗ്ദർ പറയുന്നു. അതിനാൽ തന്നെ ഇവിടത്തെ മണ്ണ് വലിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമല്ല. സ്ഥിരമായ ഭൂചലനം അനുഭവപ്പെടുന്നതും മണ്ണിനെ അസ്ഥിരമാക്കുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായിട്ട് അളവിൽ കൂടുതൽ നിർമിതികളാണ് ജോഷിമഠിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ ജലവൈദ്യുത പദ്ധതികളുടെയും ദേശീയ പാതകളുടെയും നിർമാണം ഇവയെല്ലാം ജോഷിമഠിന്റെ ഭൂപ്രകൃതിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതേസമയം തന്നെ അരുവികളുടെ ഒഴുക്കും ഈ പ്രദേശത്തിന്റെ ചരിവുകളിൽ മണ്ണൊലിപ്പിനും ഭൂമി ഇടിഞ്ഞു താഴുന്നതിനും കാരണമായിട്ടുണ്ട്. കൃത്യമായ ആസൂത്രണമില്ലാത്ത ഡ്രെയിനേജ് സിസ്റ്റവും നഗരവൽക്കരണവും കാരണങ്ങളിൽ ഒന്നാണ്. കൂടാതെ വർധിച്ചു വരുന്ന മലയോര ഗ്രാമത്തിലെ ജനസംഖ്യ, ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയുള്ള നിർമാണങ്ങൾ ഇവയെല്ലാം ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കായുള്ള12 കിലോമീറ്റർ നീളമുള്ള തുരങ്ക നിർമാണത്തെയും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നുണ്ട്.
ജോഷിമഠിന്റെ നഗരവൽക്കരണം വളരെ പെട്ടെന്നാണുണ്ടായത്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ ഇത് കൂടുതൽ വഷളാക്കുകയായിരുന്നു. പലപ്പോഴായി തുടർച്ചയായി മഴ ലഭിക്കുകയും ചെയ്യുന്ന പ്രദേശമാണിത്. അതുകൊണ്ടു തന്നെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് എന്നിവയ്ക്കെല്ലാം സാധ്യതയേറിയ പ്രദേശം. താഴ്വാരത്തിന്റെ ചരിവുകളിലൂടെയുള്ള നീരൊഴുക്ക് ഇവിടുത്തെ മണ്ണിനെയും അയവുവരുത്തിയിരിക്കാം.
ജോഷിമഠിന്റെ ഈ അവസ്ഥയെ പ്രതിപാദിക്കുന്ന നിരവധി പഠനങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഇത് ജനങ്ങളിൽ ആശങ്കയ്ക്ക് കാരണമാകുകയും പലപ്പോഴായിട്ട് പ്രദേശവാസികൾ ഇവിടുത്തെ അനധികൃത നിർമാണങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി, ജോഷിമഠിന്റെ ഭൂമിക്ക് അധിക നിർമ്മാണത്തിന്റെ ഭാരം താങ്ങുന്നതിലും അപ്പുറമാണ്. നമ്മളാകട്ടെ ഇന്നാണ് ജോഷിമഠിന്റെ തലക്കെട്ടുകൾ കേട്ടുതുടങ്ങിയത് എന്നാൽ ഭൗമശാസ്ത്രജ്ഞർ ജോഷിമഠിന്റെ ഭാവി ഇതു തന്നെയാകും എന്ന് പ്രവചിച്ചു കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇത്രയും വെല്ലുവിളികൾ നേരിടുമ്പോഴും നഗരം കൃതൃമായി പരിപാലിക്കപ്പെടുന്നില്ല എന്നതും യാഥാർത്ഥ്യമാണ്.
ജോഷിമഠിനെ സംബന്ധിച്ചിടത്തോളം ഇനി എന്ത് എന്ന ചോദ്യമാണ് ഏറെ പ്രസക്തം. ജോഷിമഠിലുണ്ടായ മാറ്റങ്ങളൊന്നും തന്നെ തിരിച്ച് പഴയ പടിയാക്കാവുന്ന മാറ്റങ്ങളല്ല. പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളും ജലവൈദ്യുത പദ്ധതികളും പൂർണമായും നിർത്തിവയ്ക്കണം, അടച്ചുപൂട്ടണം എന്നാണ് വിദഗ്ദാഭിപ്രായം. മാനുഷിക ദുരന്തങ്ങൾ ഒഴിവാക്കുക എന്നതിനാണ് മുൻഗണന അതിനാൽ പ്രദേശവാസികളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായുമുണ്ട്. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനവും ആശങ്കയുയർത്തുന്നുണ്ട്. ഇത് അപകടകരമായേക്കാവുന്ന മണ്ണിടിച്ചിലിന് കാരണമായേക്കാം.ഇത് ജോഷിമഠിന്റെ മാത്രം കാര്യമല്ല, ഇത്തരത്തിൽ അപകട സാധ്യത നേരിടുന്ന നിരവധി സ്ഥലങ്ങൾ ഉത്തരാഖണ്ഡിലുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5,000 അടിക്ക് മുകളിലുള്ള മിക്ക പട്ടണങ്ങളും ജോഷിമഠിന്റെ സമാനമായ ഭൂ സവിശേഷതകൾ ഉള്ളതാണ്. ഇവയിൽ പലതും സമാനമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവയുമാണ്.
English Summary: Joshimath crisis: What is land subsidence and why does it happen?