അമൃത്സറിലെ ‘ആൽമര’ ചായക്കട; ഇവിടെ കയറണമെങ്കിൽ വേരുകൾക്കിടയിലൂടെ പോകണം

Mail This Article
ബസ് സ്റ്റാൻഡ് പരിസരത്തും തെരുവോരങ്ങളിലും ചായക്കട നടത്തുന്നവരുണ്ട്. എന്നാൽ ആൽമരത്തിനകത്ത് കയറി ചായക്കട നടത്തുന്നത് കേട്ടുകേൾവിയില്ലാത്ത ഒന്നാണ്. എന്നാൽ അങ്ങനെയൊന്നുണ്ടെന്ന് കാണിച്ചുതന്നിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. പഞ്ചാബിലെ അമൃത്സറിൽ ആണ് പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ചായക്കട ഉള്ളത്. കട ഏതാണ്ട് ആൽമരം മൂടിയ അവസ്ഥയാണ്. മരത്തിന്റെ വേരുകൾക്കിടയിലൂടെ വേണം ചായക്കടയിൽ കയറാൻ.
80 വയസുകാരനായ അജിത് സിങ് ആണ് കടയുടെ ഉടമസ്ഥൻ. നൂറ് വർഷത്തോളം പഴക്കമുള്ള ആൽമര ചുവട്ടിൽ 40 വർഷമായി അദ്ദേഹം ചായക്കട നടത്തുന്നുണ്ട്. ‘ടെംപിൾ ഓഫ് ടീ സർവീസസ്’ എന്നാണ് ആനന്ദ് മഹീന്ദ്ര കടയെ വിശേഷിപ്പിച്ചത്. അതിന് കാരണവുമുണ്ട്. അദ്ദേഹത്തിന്റെ കടയിലെ ചായയ്ക്ക് പ്രത്യേക തുക നൽകേണ്ടതില്ല. ചായ കുടിച്ചവർക്ക് ഇഷ്ടമുള്ളത് നൽകി പോകാം. ഇങ്ങനെ സൗജന്യമായി നൽകുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘നിസ്വാർത്ഥ സേവനം ലഭിക്കാൻ അവസരം ലഭിക്കുന്നു.’ എന്നാണ് അജിത് സിങ് മറുപടി നൽകിയത്.
അമൃത്സറിൽ വരുമ്പോൾ താൻ ഈ ചായക്കട സന്ദർശിക്കുമെന്ന് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവച്ച് കുറിച്ചു. അമൃത്സറിൽ കാണാൻ നിരവധിയുണ്ട്. സുവർണക്ഷേത്രം സന്ദർശിക്കുന്നതിനൊപ്പം ‘ടെംപിൾ ഓഫ് ടീ സർവീസ്’ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
English Summary: Anand Mahindra shares the story of Chaiwala in Amritsar Temple